നീറ്റ് സമരത്തെ അടിച്ചമർത്താൻ ഡൽഹി പോലീസിന്റെ പുതിയ നീക്കം; CJP പ്രവർത്തകരുടെ പാസ്‌പോർട്ട് റദ്ദാക്കുമെന്ന് ഭീഷണി
നീറ്റ് (NEET) ചോദ്യപ്പേപ്പർ ചോർച്ചക്കെതിരെ കോക്രോച്ച് ജനതാ പാർട്ടി (CJP) ജന്തർമന്തറിൽ നടത്തുന്ന സമാധാനപരമായ പ്രതിഷേധങ്ങളെ അടിച്ചമർത്താൻ പുതിയ തന്ത്രങ്ങളുമായി ഡൽഹി പോലീസ്. പ്രതിഷേധത്തിനിടെയുണ്ടായ അനിഷ്ടസംഭവങ്ങളിൽ പങ്കുണ്ടെന്ന് ആരോപിച്ച് വിദ്യാർത്ഥികളുൾപ്പെടെയുള്ളവരുടെ പാസ്‌പോർട്ടുകൾ റദ്ദാക്കാനാണ് പോലീസിന്റെ നീക്കം. ഇതുമായി ബന്ധപ്പെട്ട നിയമനടപടികൾ ആരംഭിക്കുമെന്ന് ഉന്നത പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
അക്രമികളെ തിരിച്ചറിയുന്നതിനായി സിസിടിവി ദൃശ്യങ്ങളും വീഡിയോ റെക്കോർഡിംഗുകളും മറ്റ് സാങ്കേതിക തെളിവുകളും അന്വേഷണ ഉദ്യോഗസ്ഥർ വ്യാപകമായി പരിശോധിച്ചുവരികയാണ്. സംഘർഷത്തിൽ സജീവമായി പങ്കെടുത്തുവെന്ന് വ്യക്തമാകുന്നവരുടെ പാസ്‌പോർട്ടുകൾ ബന്ധപ്പെട്ട നിയമപ്രകാരം റദ്ദാക്കാനാണ് അധികൃതരുടെ തീരുമാനം. പൊതുമുതൽ നശിപ്പിച്ചവർക്കെതിരെയും പോലീസിനെ ആക്രമിച്ചവർക്കെതിരെയും കർശന നടപടിയെടുക്കാനാണ് നീക്കം.
കഴിഞ്ഞ ദിവസമാണ് ജന്തർമന്തറിന് സമീപം നടന്ന പ്രതിഷേധം വലിയ അക്രമത്തിൽ കലാശിച്ചത്. ഡ്യൂട്ടിക്കായി വാഹനത്തിൽ നിന്ന് ഇറങ്ങി നടന്നുപോകുകയായിരുന്ന ഡൽഹി പോലീസ് ഇൻസ്പെക്ടർ നന്ദ് കിഷോർ സിങ്ങിന് നേരെ ഒരു സംഘം ആളുകൾ ക്രൂരമായ ആക്രമണം അഴിച്ചുവിട്ടിരുന്നു.
”നാലായിരത്തിനും അയ്യായിരത്തിനും ഇടയിൽ ആളുകൾ അവിടെ തടിച്ചുകൂടിയിരുന്നു. അവർ പോലീസിനും സർക്കാരിനുമെതിരെ മുദ്രാവാക്യം വിളിക്കുകയായിരുന്നു. വിദ്യാർത്ഥികളാണെന്ന് കരുതിയാണ് ഞാൻ എന്റെ ഡ്യൂട്ടി ചെയ്യാനായി അവിടേക്ക് പോയത്,” ഇൻസ്പെക്ടർ നന്ദ് കിഷോർ സിങ് പറഞ്ഞു. വടികൾ, കല്ലുകൾ, കൂർത്ത ആയുധങ്ങൾ എന്നിവ ഉപയോഗിച്ചായിരുന്നു ആക്രമണമെന്നും, പോലീസിന്റെ ഔദ്യോഗിക വേഷത്തിലായിരുന്ന തന്നെ അക്രമികൾ വളഞ്ഞിട്ട് മർദ്ദിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിഷേധക്കാരും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ നിരവധി പോലീസുകാർക്ക് പരിക്കേൽക്കുകയും വ്യാപകമായി പൊതുമുതൽ നശിപ്പിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. സംഭവത്തിൽ ശക്തമായ അന്വേഷണം ആരംഭിച്ചതായി ഡൽഹി പോലീസ് വ്യക്തമാക്കി. അതേസമയം, പോലീസിന് നേരെയുണ്ടായ ആക്രമണത്തിൽ തങ്ങൾക്ക് പങ്കില്ലെന്നാണ് സിജെപി (CJP) സ്ഥാപകൻ അഭിജീത് ദിപ്‌കെയുടെ വിശദീകരണം. അക്രമത്തിന് പിന്നിൽ പുറത്തുനിന്നെത്തിയവരാണെന്നും (outsiders), തങ്ങളുടെ പ്രവർത്തകർക്ക് ഇതിൽ പങ്കില്ലെന്നും അദ്ദേഹം പ്രതികരിച്ചു. സമാധാനപരമായി നടക്കുന്ന സമരത്തെ ഇല്ലാതാക്കാൻ ലക്ഷ്യമിട്ട് ബിജെപി മനഃപൂർവം പുറത്തുനിന്നുള്ള ഗുണ്ടകളെ ഇറക്കി സംഘർഷം സൃഷ്ടിക്കുകയാണെന്നും അഭിജീത് ആരോപിച്ചു.
Post a Comment