'അരും കൊല'കള്‍ക്ക് തൂക്കുകയര്‍...! നെന്മാറ ഇരട്ടക്കൊലപാതക കേസില്‍ ചെന്താമരയ്ക്ക് വധശിക്ഷ വിധിച്ച് കോടതി
പാലക്കാട്: കേരളത്തെ നടുക്കിയ നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരയ്ക്ക് വധശിക്ഷ വിധിച്ച് പാലക്കാട് അഡീഷണല്‍ സെഷൻസ് കോടതി.
ഇരുഭാഗത്തിന്റെയും വിശദമായ വാദങ്ങള്‍ കേട്ട ശേഷമാണ് ജഡ്ജി ശിക്ഷ പ്രഖ്യാപിച്ചത്.കേസില്‍ പ്രോസിക്യൂഷൻ വധശിക്ഷ തന്നെ നല്‍കണമെന്ന് ശക്തമായി വാദിച്ചു. ചെന്താമരയ്ക്ക് മാനസിക പ്രശ്നങ്ങളില്ലെന്ന് സൈക്കോളജി, സൈക്കാട്രി റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നതായും കോടതി നിരീക്ഷിച്ചു.
വിചാരണയ്ക്കിടെ പ്രതി കോടതിയില്‍ നടത്തിയ പരാമർശങ്ങളും വിധിയില്‍ കോടതി പരാമർശിച്ചു. "ഞാൻ ഗാന്ധിജിയൊന്നുമല്ല. ഞാൻ അങ്ങോട്ട് പ്രശ്നത്തിന് പോകില്ല. ഇങ്ങോട്ട് വന്നാല്‍ വെറുതെ വിടില്ല. ഇനിയും പുറത്തിറങ്ങിയാല്‍ മറ്റുള്ളവരെയും കൊല്ലും" എന്നാണ് ചെന്താമര നേരത്തെ പറഞ്ഞത്. കോടതി നിർദേശപ്രകാരം നല്‍കിയ കൗണ്‍സലിംഗ് റിപ്പോർട്ടും കോടതി പരിഗണിച്ചു.പ്രകോപനമില്ലാതെയാണ് പ്രതി കൊലപാതകം നടത്തിയതെന്ന് കോടതി ചൂണ്ടിക്കാട്ടി.
കൊല്ലപ്പെട്ട സുധാകരന്റെ മകളുടെ കാര്യത്തില്‍ പ്രതിക്ക് കുറ്റബോധമുണ്ടെന്ന് പ്രതിഭാഗം വാദിച്ചെങ്കിലും, പ്രതിക്ക് മാനസാന്തരമുണ്ടാകാനുള്ള സാധ്യതയില്ലെന്ന് കോടതി വിലയിരുത്തി. ഇരകളുടെ ഭാഗത്ത് നിന്ന് ഒരു പ്രകോപനവും ഉണ്ടായിട്ടില്ലെന്നും വിധിയില്‍ പറയുന്നു."സമൂഹത്തിന് പ്രതി ഭീഷണിയാണെങ്കില്‍ വധശിക്ഷ നല്‍കാമെന്ന" ഹൈക്കോടതി വിധികളും കോടതി ഉദ്ധരിച്ചു. "എല്ലാ കുറ്റവാളികള്‍ക്കും ഭാവിയുണ്ട്. എല്ലാ വിശുദ്ധർക്കും ഭൂതകാലവുമുണ്ട്.
എന്നാല്‍ സുധാകരന്റെ മക്കള്‍ക്ക് ചെന്താമര ഭീഷണിയാണ്" എന്ന് കോടതി വ്യക്തമാക്കി.കൊലപാതകങ്ങള്‍ നടത്തിയതില്‍ പ്രതിക്ക് കുറ്റബോധമില്ല. ജാമ്യം ലംഘിച്ചാണ് കൊലപാതകങ്ങള്‍ നടത്തിയതെന്നും ചെന്താമര വീണ്ടും കുറ്റം ചെയ്യാൻ സാധ്യതയുള്ളയാളാണെന്നും ജില്ലാ പ്രൊബേഷൻ ഓഫീസറുടെ റിപ്പോർട്ടില്‍ പറയുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.നെന്മാറയില്‍ നടന്ന ഇരട്ടക്കൊലപാതകം സംസ്ഥാനത്ത് വലിയ ചർച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് കോടതിയുടെ നിർണായക വിധി.
Post a Comment