Join News @ Iritty Whats App Group

മഴ കുറവ്: ഓണം വിപണിയില്‍ വില വര്‍ദ്ധന ആശങ്ക

മഴ കുറവ്: ഓണം വിപണിയില്‍ വില വര്‍ദ്ധന ആശങ്ക


ണ്ണൂർ: സംസ്ഥാനത്തെന്ന പോലെ അയല്‍ സംസ്ഥാനങ്ങളിലും മഴകുറഞ്ഞത്, ഓണം വിപണിയില്‍ വില വർദ്ധനയ്ക്കിടയാക്കുമെന്ന് ആശങ്ക.

നാട്ടിലെ വ്യാപാരികളാണ് ആശങ്ക പ്രകടിപ്പിക്കുന്നത്. തമിഴ്‌നാട്ടിലും കർണാടകയിലും പച്ചക്കറി ഉത്പാദനത്തില്‍ കുറവ് വന്നാല്‍ വിപണിയില്‍ വിലക്കയറ്റം രൂക്ഷമാകും.

ഇപ്പോള്‍ തന്നെ ചില പച്ചക്കറികള്‍ക്ക് വിപണിയില്‍ വില വർദ്ധിച്ചിട്ടുണ്ട്. തമിഴ്‌നാട്ടില്‍നിന്നു കൂടുതലായെത്തുന്ന കാരറ്റിന് നിലവില്‍ കിലോയ്ക്ക് 90 രൂപയാണ്. രണ്ട് ദിവസത്തിനിടെ കാരറ്റിന് മാത്രം 20 രൂപയാണ് വർദ്ധിച്ചത്. കഴിഞ്ഞ മാസം 50 രൂപയായിരുന്നു. കാരറ്റിന് ഇനിയും വില കൂടാനുള്ള സാദ്ധ്യതയുണ്ടെന്നാണ് വ്യാപാരികള്‍ പറയുന്നത്. ഇഞ്ചിക്കു കിലോ 180 രൂപയും വെളുത്തുള്ളിക്ക് 240 രൂപയുമാണ് നിലവിലെ വില.

ഇനിയും വിലവർദ്ധന ഉണ്ടായാല്‍ കുടുംബ ബഡ്ജറ്റ് താളം തെറ്റിക്കും. ഓണസദ്യയ്ക്ക് പച്ചക്കറി ഒഴിച്ചുകൂടാനാകാത്തതാണ്. തമിഴ്‌നാട്ടിലും കർണാടകയിലും മഴ ഇല്ലാത്ത സ്ഥിതി ജില്ലയെയും ബാധിക്കുന്ന അവസ്ഥയാണ്.

പൂക്കൃഷിക്കും തിരിച്ചടി

ഓണ വിപണിയെ സജീവമാക്കുന്ന പൂക്കളുടെ വിലയും കൂടാനാണ് സാദ്ധ്യത. ജില്ലയിലെ വിപണിയിലേക്ക് ഗുണ്ടല്‍പേട്ടില്‍ നിന്നാണ് പൂക്കളെത്തുന്നത്. മഴക്കുറവ് കാരണം ഗുണ്ടല്‍പേട്ടില്‍ പൂക്കൃഷിക്കു വലിയ തിരിച്ചടി നേരിട്ടതായി വ്യാപാരികള്‍ പറയുന്നു. പൂക്കള്‍ വാങ്ങുന്നതിനായി കർഷകരുമായി നേരത്തെ ധാരണയിലെത്തുന്നത് ജില്ലയിലെ വ്യാപാരികളുടെ പതിവാണ്. ഇത്തവണ സാധാരണ പോലെ കൃഷിയിറക്കിയെങ്കിലും പകുതി വിളവു പോലുമുണ്ടായിട്ടില്ല. പകുതിയിലേറെ പൂക്കളും കരിഞ്ഞു പോയി. ഗുണ്ടല്‍പ്പേട്ടില്‍ നിന്നുമെത്തുന്ന ചെണ്ടുമല്ലിയടക്കമുള്ള പൂക്കള്‍ ജില്ലയില്‍ വലിയ തോതില്‍ വിറ്റഴിക്കപ്പെടുന്നതാണ്. ഓണക്കാലത്ത് ഈ പൂക്കള്‍ക്കാണ് ആവശ്യക്കാർ കൂടുതലും.

40% മഴക്കുറവ്

ജൂണില്‍ 39 ശതമാനം മഴക്കുറവാണ് ജില്ലയില്‍ രേഖപ്പെടുത്തിയതെങ്കില്‍ ജൂലായ് മാസത്തില്‍ 40 ശതമാനം കുറവാണ് ഉണ്ടായിട്ടുള്ളതെന്നാണ് കാലാവസ്ഥ നിരീക്ഷകരും പരിസ്ഥിതി വിദദ്ധരും നല്‍കുന്ന വിശദീകരണം. ഒരു വർഷം ശരാശരി 3300-3500 മില്ലി മീറ്റർ മഴയാണ് ജില്ലയില്‍ ലഭിക്കുന്നത്. മഴ കുറവായാല്‍ കനത്ത ചൂടിലേക്കെത്താനുള്ള സാദ്ധ്യതയും വിദഗ്ദ്ധർ നല്‍കുന്നുണ്ട്.

കർഷകർക്കും ഭീഷണി

കാലവർഷം ദുർബലമായത് നാട്ടിലെ കർഷകരെയും പ്രതിസന്ധിയിലാക്കി. കാലാവസ്ഥാധിഷ്ടിത വിളകള്‍ ഉപയോഗിച്ച്‌ ശാസ്ത്രീയമായ രീതിയില്‍ കൃഷി ചെയ്യുന്ന കർഷകർക്കാണ് മഴയുടെ ലഭ്യതക്കുറവ് പ്രതിസന്ധിയുണ്ടാക്കിയത്. മഴക്കുറവ് കാരണം ഇത്തരം വിളകളുടെ ഡിമാൻഡും കുറഞ്ഞു. അത്യാധുനിക വിത്തിനങ്ങള്‍ക്ക് കാലാവസ്ഥയും അനുകൂലമാകേണ്ടതുണ്ടെന്നാണ് കർഷകർ പറയുന്നത്. മലയോര മേഖലയിലാണ് പ്രതിസന്ധി രൂക്ഷം. കുരുമുളക്, തെങ്ങ്, റബർ തുടങ്ങിയ നാണ്യവിളകളെ കാലാവസ്ഥാ വ്യതിയാനം ബാധിച്ചു. ചില പ്രദേശങ്ങളില്‍ മണ്ണ് വരണ്ടുണങ്ങിയതോടെ കൃഷിയിറക്കല്‍ കർഷകർക്ക് വെല്ലുവിളിയായി.

Post a Comment

أحدث أقدم
Join Our Whats App Group