തികഞ്ഞ അനാസ്ഥ; സർക്കാർ പ്രഖ്യാപിച്ചത് ഇരട്ട അന്വേഷണം, രണ്ട് സമിതികളും ഇതുവരെ വയനാട് സന്ദർശിച്ചില്ല, റിപ്പോർട്ട് നൽകാൻ ഒരുമാസം മാത്രം
കൽപ്പറ്റ: കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ വിദഗ്ധ സംഘത്തിന്‍റെ പരിശോധന വൈകുന്നു. സർക്കാർ പ്രഖ്യാപിച്ചത് ഇരട്ട അന്വേഷണമാണ്. ഇതിനുള്ള രണ്ട് സമിതികളും ഇതുവരെ സ്ഥലം സന്ദർശിച്ചിട്ടില്ല. തുരങ്ക പാത നിർമ്മാണവുമായി ബന്ധപ്പെട്ട് കൂട്ടിയിട്ട മണ്ണ് മാറ്റുന്നത് സംബന്ധിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ചത് മൂന്നംഗ സംഘത്തെ ആയിരുന്നു. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി റിപ്പോർട്ട് നൽകാനായിരുന്നു നിർദേശം. ഇന്നലെ സംഘം എത്തുമെന്ന് അറിയിച്ചെങ്കിലും എത്തിയില്ല. ദുരന്തത്തിന്‍റെ കാരണം കണ്ടെത്താൻ നിയോഗിച്ചത് അഞ്ചംഗ സംഘത്തെയാണ്. ഒരു മാസത്തിനകം റിപ്പോർട്ട് നൽകാനായിരുന്നു നിർദേശം.
അതേസമയം, വയനാട് മേപ്പാടി കള്ളാടിയിലുണ്ടായ മണ്ണിടിച്ചിലിൽ ജീവൻ നഷ്ടപ്പെട്ടവർക്കും പരിക്കേറ്റവർക്കും നിർമ്മാണ കമ്പനി നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി ടി സിദ്ദിഖ് അറിയിച്ചിരുന്നു. ദുരന്തത്തിൽ മരണപ്പെട്ട 7 പേരുടെ കുടുംബങ്ങൾക്ക് 6 ലക്ഷം രൂപ വീതവും കരാർ തൊഴിലാളിയായ അൽമോന്റെ കുടുംബത്തിന് 5 ലക്ഷം രൂപയും അടിയന്തര സഹായമായി കമ്പനി നൽകും. അപകടത്തിൽ പരിക്കേറ്റ 9 പേരിൽ 6 പേർക്ക് രണ്ടര ലക്ഷം രൂപ വീതം സാമ്പത്തിക സഹായം കൈമാറും.
നിലവിൽ തീവ്രപരിചരണത്തിൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന മറ്റു മൂന്ന് പേർക്ക് രണ്ടര ലക്ഷത്തിൽ കൂടുതൽ തുക നൽകാൻ നിർദ്ദേശം നൽകിയതായും മന്ത്രി വ്യക്തമാക്കി. മണ്ണിടിച്ചിലിനെ തുടർന്ന് പ്രദേശത്ത് അടിഞ്ഞുകൂടിയ മണ്ണ് എത്രയും വേഗം നീക്കം ചെയ്യാൻ ദിലീപ് ബിൽഡ് കോൺ കമ്പനിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ സ്കൂളുകൾ അടക്കമുള്ള അവശ്യ സർവീസുകൾക്കുള്ള വാഹന ഗതാഗതം നിലവിൽ മീനാക്ഷി പാലത്തിലൂടെ അനുവദിക്കും. ഈ പാലത്തിന്റെ ബലക്ഷയം കൃത്യമായി പരിശോധിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ പൊതുമരാമത്ത് വകുപ്പിനെ ചുമതലപ്പെടുത്തിയതായും മന്ത്രി കൂട്ടിച്ചേർത്തു.
Post a Comment