Join News @ Iritty Whats App Group

യുവതി ഫ്ളാറ്റിൽ കുത്തേറ്റ് മരിച്ചനിലയിൽ, യുവാവിന്റെ മൃതദേഹം റെയിൽവേട്രാക്കിൽ; രണ്ടുപേരും ഒരേകമ്പനിയിലെ എൻജിനീയർമാർ

യുവതി ഫ്ളാറ്റിൽ കുത്തേറ്റ് മരിച്ചനിലയിൽ, യുവാവിന്റെ മൃതദേഹം റെയിൽവേട്രാക്കിൽ; രണ്ടുപേരും ഒരേകമ്പനിയിലെ എൻജിനീയർമാർ


ന്യൂഡൽഹി: ഒരേ കമ്പനിയിൽ ജോലിചെയ്യുന്ന എൻജിനീയർമാരായ യുവതിയെയും യുവാവിനെയും രണ്ടിടങ്ങളിലായി മരിച്ചനിലയിൽ കണ്ടെത്തി. ​ഗുരു​ഗ്രാമിലെ ഒപ്റ്റം എന്ന കമ്പനിയിലെ സോഫ്റ്റ് വെയർ എൻജിനീയർമാരായ ഉത്തർപ്രദേശ് സ്വദേശിനി ഇൻഷാറ അയ്യൂബി(25) ഛത്തീസ്​ഗഢ് സ്വദേശി ശ്രേസ്ത് മാലിക്(25) എന്നിവരാണ് മരിച്ചത്. ഇൻഷാറ അയ്യൂബിയെ ​ഗുരു​ഗ്രാമിലെ ഫ്ളാറ്റിൽ കുത്തേറ്റ് മരിച്ചനിലയിലും മാലിക്കിന്റെ മൃതദേഹം റെയിൽവേട്രാക്കിലുമാണ് കണ്ടെത്തിയത്. യുവതിയെ കൊലപ്പെടുത്തിയശേഷം യുവാവ് ട്രെയിനിന് മുന്നിൽച്ചാടി ജീവനൊടുക്കിയതാണെന്നാണ് പൊലീസിന്റെ സംശയം.

കഴിഞ്ഞ ജൂലായിലാണ് മാലിക്കും ഇൻഷാറയും ​ഗുരു​ഗ്രാമിലെ കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചതെന്ന് പൊലീസ് പറഞ്ഞു. നേരത്തേ പി.ജി. ഹോസ്റ്റലിലായിരുന്ന യുവതി ഈ മാസം ഒന്നാം തീയതി മുതൽ മാലിക്കിനൊപ്പം സെക്ടർ 55-ലെ ഫ്ളാറ്റിലായിരുന്നു താമസം. കഴിഞ്ഞദിവസം ഇൻഷാറയെ നാട്ടിലുള്ള ബന്ധുക്കൾ നിരന്തരം ഫോണിൽ വിളിച്ചിട്ടും കിട്ടിയില്ല. ഇതോടെ ബന്ധുക്കൾ ​ഗുരു​ഗ്രാം പൊലീസിനെ വിവരമറിയിച്ചു. തുടർന്ന് യുവതിയുടെ ടവർ ലൊക്കേഷൻ പരിശോധിച്ചാണ് പൊലീസ് സംഘം മാലിക്കിന്റെ പേരിലുള്ള ഫ്ളാറ്റിലെത്തിയത്. ഫ്ളാറ്റിന്റെ വാതിൽ തുറന്നിട്ടനിലയിലായിരുന്നു. അകത്ത് കയറിയതോടെയാണ് ചോരയിൽ കുളിച്ചനിലയിൽ യുവതിയുടെ മൃതദേഹം കണ്ടത്.

യുവതിയുടെ ശരീരത്തിൽ പലതവണ കുത്തേറ്റതായാണ് പൊലീസ് നൽകുന്നവിവരം. കഴുത്തറത്തനിലയിൽ കണ്ടെത്തിയ മൃതദേഹത്തിന് ഏകദേശം 24 മണിക്കൂറെങ്കിലും പഴക്കമുണ്ടായിരുന്നതായും പൊലീസ് പറഞ്ഞു.

ഇതിനിടെയാണ് റെയിൽവേ ട്രാക്കിൽ യുവാവിന്റെ മൃതദേഹം കണ്ടതായി റെയിൽവേ പൊലീസിൽനിന്ന് വിവരം ലഭിച്ചത്. മൃതദേഹത്തിനൊപ്പം ലഭിച്ച മൊബൈൽഫോണും തിരിച്ചറിയൽ രേഖകളും പരിശോധിച്ചാണ് മരിച്ചത് മാലിക്കാണെന്ന് കണ്ടെത്തിയത്. ആദ്യം അപകടമരണമാണെന്നാണ് കരുതിയതെങ്കിലും യുവതിയെ ഫ്ളാറ്റിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടതോടെയാണ് രണ്ട് സംഭവങ്ങളും തമ്മിൽ ബന്ധമുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചത്.

രണ്ട് സംഭവങ്ങളിലും വ്യത്യസ്ത എഫ്ഐആറുകൾ രജിസ്റ്റർചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

കൊല്ലപ്പെട്ട ഇൻഷാറ അയ്യൂബി കഴിഞ്ഞവർഷമാണ് ഡൽ​​ഹി ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിൽനിന്ന് കംപ്യൂട്ടർ സയൻസിൽ എൻജിനീയറിങ് ബിരുദം നേടിയത്. മാലിക് എൻഐടി റായ്പുരിലാണ് പഠിച്ചത്. ​ഗുരു​ഗ്രാമിൽ ഒപ്റ്റം കമ്പനിയിൽ പ്രവേശിക്കുന്നതിന് മുൻപ് ഇയാൾ സാംസങ്ങിൽ ഇന്റേൺഷിപ്പും പൂർത്തിയാക്കിയിരുന്നു. ഇക്കഴിഞ്ഞ ജൂണിൽ പിറന്നാൾ ആഘോഷിക്കാനായാണ് മാലിക്ക് അവസാനമായി നാട്ടിൽ എത്തിയതെന്നും ബന്ധുക്കൾ പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group