`രാഗേഷ് പാർട്ടിയുടെ പ്രതിനിധിയും പ്രതീകവും'; കെ കെ രാഗേഷിന് പിന്തുണയുമായി പി ജയരാജൻ
കണ്ണൂർ: കെ കെ രാഗേഷിന് പിന്തുണയുമായി പി ജയരാജൻ. രാഗേഷിനെതിരായ പ്രചാരണം വസ്തുതാ വിരുദ്ധവും ആസൂത്രിത രാഷ്ട്രീയ നീക്കവുമാണെന്ന് പി ജയരാജൻ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് പിന്തുണ അറിയിച്ചത്. രാഗേഷിനെ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തത് കണ്ണൂർ ജില്ലാ കമ്മിറ്റി യോഗം ഏകകണ്ഠമായാണ്. പാർട്ടിയുടെ പ്രവർത്തനം ഒരു വ്യക്തിയുടേതല്ല. കൂട്ടായ നേതൃത്വത്തിന്റെയും ആയിരക്കണക്കിന് സഖാക്കളുടെ സമർപ്പണത്തിന്റെയും ഫലമാണ്. രാഗേഷ് പാർട്ടിയുടെ പ്രതിനിധിയും പ്രതീകവുമാണെന്നും ജയരാജൻ സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചു.
കണ്ണൂർ ജില്ലാ സെക്രട്ടറിയായി കെകെ രാഗേഷിനെ നിയമിച്ചതിനെതിരെ ജനറൽ സെക്രട്ടറിക്ക് പരാതി ലഭിച്ചിരുന്നു. പാർട്ടി ചട്ടങ്ങൾക്ക് വിരുദ്ധമായിട്ടായിരുന്നു നിയമനമെന്ന പരാതിയാണ് ജില്ലയിലെ ഒരു പക്ഷം എംഎ ബേബിക്ക് നൽകിയത്. കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ ഒരിക്കലും അംഗമാകാത്ത രാഗേഷിനെ നിയമിച്ചത് ചട്ട വിരുദ്ധമെന്ന് പരാതിയിൽ പറയുന്നു. എന്നാല്‍, കെ കെ രാഗേഷിന് എതിരായി പരാതി ലഭിച്ചിട്ടില്ലെന്ന് എംഎ ബേബി അറിയിച്ചു . ജില്ലാ സെക്രട്ടറി ആയി നിയമിച്ചതിന് എതിരായി ദേശീയ നേതൃത്വത്തിന് പരാതി ഒന്നും കിട്ടിയിട്ടില്ലെന്നും ബേബി വിവരിച്ചു. മുതിർന്ന സംസ്ഥാന കമ്മറ്റി അംഗം എന്ന നിലയ്ക്കാണ് രാഗേഷിനെ നിയമിച്ചതെന്നാണ് സംസ്ഥാന നേതൃത്ത്വത്തിന്റെ വിശദീകരണം.
Post a Comment