രാജി കത്ത് എഴുതാൻ വിദ്യാഭ്യാസമന്ത്രിക്ക് അറിയില്ലായിരിക്കാം, ആർഎസ്എസ് പഠിപ്പിച്ചത് മാപ്പപേക്ഷ എഴുതാൻ മാത്രം; ധർമ്മേന്ദ്ര പ്രധാനെ പരിഹസിച്ച് മഹുവ മൊയ്ത്ര
നീറ്റ് പരീക്ഷാ വിവാദത്തിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജിയാവശ്യപ്പെട്ട് വിദ്യാർത്ഥി പ്രതിഷേധം കനക്കുന്നതിനിടെ രൂക്ഷ പരിഹാസവുമായി തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര. വിദ്യാഭ്യാസമന്ത്രിക്ക് ഒരു രാജിക്കത്ത് എങ്ങനെ എഴുതണമെന്നുപോലും അറിയില്ലായിരിക്കാമെന്ന് മഹുവ മൊയ്ത്ര പരിഹസിച്ചു.
‘ഒരുപക്ഷേ നമ്മുടെ വിദ്യാഭ്യാസ മന്ത്രിക്ക് രാജിക്കത്ത് എങ്ങനെ എഴുതണമെന്ന് അറിയില്ലായിരിക്കാം. എങ്ങനെ മാപ്പപേക്ഷകൾ എഴുതണം എന്ന് മാത്രമാണല്ലോ ആർഎസ്എസ് നിങ്ങളെ പഠിപ്പിക്കുന്നത്’, മഹുവ മൊയ്ത്ര എക്സിൽ (ട്വിറ്റർ) കുറിച്ചു. നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സിജെപിയുടെ (CJP) നേതൃത്വത്തിൽ രാജ്യ തലസ്ഥാനത്ത് നടക്കുന്ന പ്രതിഷേധങ്ങൾക്കിടെയാണ് മഹുവയുടെ ഈ വിമർശനം.
പാർലമെന്റിലേക്ക് വിദ്യാർത്ഥികൾ നടത്തിയ ‘സൻസദ് ചലോ’ മാർച്ചിൽ പോലീസിന്റെ നരനായാട്ട് ഉണ്ടായിട്ടും ഡൽഹിയിലെ ജന്തർമന്തറിൽ പ്രതിഷേധക്കാർ തങ്ങളുടെ സമരം തുടരുകയാണ്. കനത്ത മഴയേയും സുരക്ഷാസന്നാഹങ്ങളെയും വകവെക്കാതെയാണ് സമരം മുന്നോട്ട് പോകുന്നത്. സമരപ്പന്തൽ പോലീസ് പൊളിച്ചുമാറ്റിയെങ്കിലും വിദ്യാർത്ഥികൾ പിന്മാറാൻ തയ്യാറായിട്ടില്ല.
പോലീസിന്റെ ലാത്തിച്ചാർജിൽ പരിക്കേറ്റ വിദ്യാർത്ഥികളോടും പ്രത്യേകിച്ച് പെൺകുട്ടികളോടും സിജെപി സ്ഥാപകൻ അഭിജീത് ഡിപ്കെ ഖേദം പ്രകടിപ്പിച്ചു. ധർമ്മേന്ദ്ര പ്രധാനെ സംരക്ഷിക്കാൻ സർക്കാർ പോലീസിനെ ഉപയോഗിച്ച് ഏതറ്റം വരെയും പോകുമെന്നും, 20-ലധികം വിദ്യാർത്ഥികളുടെ മരണത്തിന് കാരണം വിദ്യാഭ്യാസമന്ത്രിയാണെന്നും അദ്ദേഹം ആരോപിച്ചു.
Post a Comment