Join News @ Iritty Whats App Group

അയോധ്യ സംഭാവനക്കൊള്ളയിൽ രാഹുൽ ഗാന്ധിയുടെ ആദ്യനീക്കം; മോദിക്ക് കത്ത്, മൗനം അംഗീകരിക്കാനാവില്ലെന്ന് വിമർശനം

അയോധ്യ സംഭാവനക്കൊള്ളയിൽ രാഹുൽ ഗാന്ധിയുടെ ആദ്യനീക്കം; മോദിക്ക് കത്ത്, മൗനം അംഗീകരിക്കാനാവില്ലെന്ന് വിമർശനം


ദില്ലി: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയും. സംഭാവനക്കൊള്ളയിൽ പ്രധാനമന്ത്രിയുടെ മൗനം അംഗീകരിക്കാനാവില്ലെന്ന് ഇരുവരും ചേർന്നെഴുതിയ കത്തിൽ പറഞ്ഞു. സംഭാവനക്കൊള്ളയിൽ സംശയനിഴലിൽ നിൽക്കുന്ന ക്ഷേത്രം ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി ചമ്പത് റായി പ്രധാനമന്ത്രിയുടെ അടുത്ത ആളായിരുന്നുവെന്നും കത്തിലുണ്ട്. ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിന്റെ സാമ്പത്തിക കാര്യങ്ങളിൽ അന്വേഷണം വേണമെന്ന് ഇരുനേതാക്കളും ആവശ്യപ്പെട്ടു.

"ഇത്തരമൊരു കുറ്റകൃത്യത്തിൽ നിങ്ങൾ മൗനം തുടരുന്നത് അംഗീകരിക്കാനാവാത്തതാണ്. വിഷയത്തിൽ സുതാര്യത ഉറപ്പാക്കേണ്ടത് നിങ്ങളുടെ കടമയാണ്. ഇതിന്റെ അപമാനിതനായ മുൻ ജനറൽ സെക്രട്ടറി നിങ്ങളുടെ അടുത്ത അനുയായി കൂടിയായിരുന്നു. ഓരോ ഭക്തനും തങ്ങളുടെ വഴിപാടുകൾ എങ്ങനെയാണ് വിനിയോഗിച്ചതെന്ന് അറിയാൻ അന്വേഷണ വിവരങ്ങളും ട്രസ്റ്റിന്റെ അക്കൗണ്ടുകളും പരസ്യപ്പെടുത്തണം"- കത്തിൽ പറഞ്ഞു. ട്രസ്റ്റിന്റെ സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് ഉടൻതന്നെ സ്വതന്ത്രവും സമഗ്രവുമായ അന്വേഷണത്തിന് ഉത്തരവിടണമെന്നും ഇരുനേതാക്കളും ആവശ്യപ്പെട്ടു.

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയിൽ രാഹുൽ ഗാന്ധി നടത്തുന്ന ആദ്യ നീക്കമാണിത്. തിങ്കളാഴ്ച പാർലമെൻ്റ് സമ്മേളനം തുടങ്ങാനിരിക്കെ ആണ് രാഹുലും ഖാർഗെയും ചേർന്ന് പ്രധാനമന്ത്രിക്ക് കത്തെഴുതിയിരിക്കുന്നത്. അയോധ്യയിലെ സംഭാവനക്കൊള്ള ഉയർത്തി പാർലമെൻ്റിൽ വലിയ പ്രതിഷേധം നടത്തുമെന്ന് കോൺഗ്രസ് അറിയിച്ചിരുന്നു

പാർലമെൻ്റ് സമ്മേളനം നടക്കുമ്പോൾ കണക്ക് ചോദിച്ചിരിക്കുമെന്നും കട്ടവന്മാർ തന്നെ മാപ്പ് പറഞ്ഞാൽ പ്രശ്നം തീരുമോ എന്നും എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പ്രതികരിച്ചിരുന്നു. സംഭാവനക്കൊള്ളയിൽ സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നാണ് കോൺഗ്രസിൻ്റെ ആവശ്യം. അതേസമയം കോൺഗ്രസിനൊപ്പം പ്രതിപക്ഷ നിരയിലെ ഏതൊക്കെ പാർട്ടികൾ ഉണ്ടാകുമെന്നത് നിർണായകമാണ്.

Post a Comment

Previous Post Next Post
Join Our Whats App Group