Join News @ Iritty Whats App Group

ഇന്ത്യൻ ഹോക്കി ടീമിന്‍റെ ജേഴ്സി മാറ്റം പ്രസിഡന്‍റ് പോലുമറിഞ്ഞില്ല, വിശദീകരണം തേടി ദിലീപ് ടിർക്കി, ഹോക്കി ഇന്ത്യയില്‍ തർക്കം രൂക്ഷം

ഇന്ത്യൻ ഹോക്കി ടീമിന്‍റെ ജേഴ്സി മാറ്റം പ്രസിഡന്‍റ് പോലുമറിഞ്ഞില്ല, വിശദീകരണം തേടി ദിലീപ് ടിർക്കി, ഹോക്കി ഇന്ത്യയില്‍ തർക്കം രൂക്ഷം


ദില്ലി:വരാനിരിക്കുന്ന എഫ്.ഐ.എച്ച് ഹോക്കി ലോകകപ്പിന് മുന്നോടിയായി ഇന്ത്യൻ ദേശീയ ടീമിന്‍റെ പരമ്പരാഗത നീല ജേഴ്സി മാറ്റി കാവി നിറമാക്കിയ സംഭവത്തിൽ ഹോക്കി ഇന്ത്യയിൽ വൻ പൊട്ടിത്തെറി. എക്സിക്യൂട്ടീവ് ബോർഡുമായോ തന്നോട് യാതൊരു കൂടിയാലോചനയും നടത്താതെയാണ് ഈ തീരുമാനമെടുത്തതെന്ന് ചൂണ്ടിക്കാട്ടി ഹോക്കി ഇന്ത്യ പ്രസിഡന്‍റും മുൻ ഇന്ത്യൻ ക്യാപ്റ്റനുമായ ദിലീപ് ടിർക്കി രംഗത്തെത്തി. തീരുമാനത്തിന് പിന്നിലെ കാരണം വിശദീകരിച്ച് ഇന്ന് വൈകുന്നേരം 5 മണിക്ക് മുൻപായി സമഗ്രമായ റിപ്പോർട്ട് നൽകണമെന്ന് ഹോക്കി ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടർ ആർ.കെ. ശ്രീവാസ്തവയോട് ടിർക്കി ഔദ്യോഗികമായി ആവശ്യപ്പെട്ടു.

പരമ്പരാഗതമായ നീല ജേഴ്സി മാറ്റാനുള്ള പ്രധാന കാരണം, ഏത് ഉദ്യോഗസ്ഥന്‍റെയോ കമ്മിറ്റിയുടെയോ അധികാരത്തിന്മേലാണ് ഈ തീരുമാനമെടുത്തത്?, തീരുമാനമെടുക്കുന്നതിൽ പങ്കാളികളായ വ്യക്തികളും കമ്മിറ്റികളും ഏതെല്ലാം?, പരിശീലകർ, ക്യാപ്റ്റൻ, നിലവിലെ താരങ്ങൾ, മുൻ അന്താരാഷ്ട്ര താരങ്ങൾ എന്നിവരുമായി ചർച്ച നടത്തിയിട്ടുണ്ടോ?, ഔദ്യോഗിക പ്രഖ്യാപനത്തിന് മുൻപ് പ്രസിഡന്‍റിനെയോ ഭരണസമിതിയെയോ വിവരം അറിയിക്കാതിരുന്നത് എന്തുകൊണ്ട്? എന്നീ കാര്യങ്ങളിലാണ് ഹോക്കി ഇന്ത്യ പ്രസിഡന്‍റ് വിശദീകരണം തേടിയത്.

തന്‍റെ എതിർപ്പ് കാവി നിറത്തോടല്ല. മറിച്ച് ദേശീയ ടീമിന്‍റെ വ്യക്തിത്വത്തെ തന്നെ ബാധിക്കുന്ന ഇത്രയും വലിയൊരു തീരുമാനം തിരഞ്ഞെടുക്കപ്പെട്ട എക്സിക്യൂട്ടീവ് ബോർഡിൽ ചർച്ച ചെയ്യാതെയും പ്രസിഡന്‍റിനെ അറിയിക്കാതെയും എടുത്തതിലാണെന്നും ദിലീപ് ടിർക്കി പറഞ്ഞു. ലോകകപ്പ് പടിവാതിൽക്കൽ നിൽക്കെ ആവശ്യമില്ലാത്ത രാഷ്ട്രീയ ചർച്ചകളിലേക്ക് ടീമിനെ വലിച്ചിഴയ്ക്കരുതെന്നും, കളിക്കാരുടെ ശ്രദ്ധ മത്സരത്തിൽ മാത്രമായിരിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. വിഷയത്തിൽ വ്യക്തത വരുത്താൻ ഒഡീഷ സർക്കാരും ദിലീപ് ടിർക്കിയോട് ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടുണ്ട്.

കളിക്കാർ അറിഞ്ഞത് അവസാന നിമിഷം; വിവാദം പുകയുന്നു

നേരത്തെ, നിലവിലെ കളിക്കാരുമായി പോലും ചർച്ച ചെയ്യാതെയാണ് പുതിയ ജേഴ്സി അടിച്ചേൽപ്പിച്ചതെന്ന് വെളിപ്പെട്ടിരുന്നു. കഴിഞ്ഞ ആഴ്ച ജേഴ്സി കൈമാറിയപ്പോൾ മാത്രമാണ് നിറം മാറിയ വിവരം പല പ്രമുഖ താരങ്ങളും അറിയുന്നത്. പൊതുസമൂഹത്തിലും രാഷ്ട്രീയ തലത്തിലും വിഷയം കടുത്ത വിമർശനങ്ങൾക്ക് വഴിവെച്ചതിന് പിന്നാലെയാണ് ഹോക്കി ഇന്ത്യയുടെ ഉള്ളിലും പോര് രൂക്ഷമായത്. ഓഗസ്റ്റ് 15 മുതൽ 30 വരെ നെതർലൻഡ്സിലും ബെൽജിയത്തിലുമായാണ് എഫ്.ഐ.എച്ച് വനിതാ/പുരുഷ ഹോക്കി ലോകകപ്പ് മാമാങ്കം നടക്കുന്നത്. ടൂർണമെന്‍റ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഹോക്കി ഇന്ത്യയിലുണ്ടായ ഈ ആഭ്യന്തര തർക്കം ടീമിന്‍റെ തയ്യാറെടുപ്പുകളെ ബാധിക്കുമോ എന്ന ആശങ്കയിലാണ് കായിക പ്രേമികൾ.

Post a Comment

أحدث أقدم
Join Our Whats App Group