പ്രതിപക്ഷ ഇറങ്ങിപ്പോക്ക് അടക്കം നാടകീയ രംഗങ്ങളുമായി സര്‍വ്വകക്ഷി യോഗം; പ്രതിപക്ഷ പാര്‍ട്ടികളെ പിളര്‍ത്താനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ചാണ് ഇറങ്ങിപ്പോക്ക്; നാളെ മുതല്‍ പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം
പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായി കേന്ദ്ര സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗം പ്രതിപക്ഷ നേതാക്കള്‍ ബഹിഷ്‌കരിച്ചു. പ്രതിപക്ഷ പാര്‍ട്ടികളെ പിളര്‍ത്താനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചാണ് ഇറങ്ങിപ്പോയത്. തൃണമൂല്‍ കോണ്‍ഗ്രസ്(ടി.എം.സി) വിമത നേതാക്കളെ വിളിച്ചതില്‍ പ്രതിഷേധം ഉയര്‍ന്നു. തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് വിട്ടുപോയ 20-ഓളം വിമത എംപിമാരുടെ ‘നാഷണലിസ്റ്റ് സിറ്റിസണ്‍സ് പാര്‍ട്ടി ഓഫ് ഇന്ത്യ’യ്ക്ക് യോഗത്തിലേക്ക് ക്ഷണം നല്‍കിയതാണ് പ്രതിഷേധത്തിന് കാരണമായത്.
പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജുവിന്റെ നേതൃത്വത്തില്‍ പാര്‍ലമെന്റ് അനെക്‌സില്‍ നടന്ന യോഗത്തില്‍ നിന്ന് ഇന്ത്യ സഖ്യത്തിലെ എംപിമാര്‍ ഇറങ്ങിപോയി. ടി.എം.സി എം.പി മഹുവ മൊയ്ത്ര കേന്ദ്രസര്‍ക്കാറിന്റെ ഈ നീക്കത്തിനെതിരെ രൂക്ഷമായാണ് യോഗത്തില്‍ സംസാരിച്ചത്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാനുള്ള സര്‍ക്കാറിന്റെ നയം ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കുന്നതല്ലെന്ന് അവര്‍ പറഞ്ഞു. സ്പീക്കര്‍ ഔദ്യോഗികമായി അംഗീകരിക്കാത്തതും പാര്‍ലമെന്റ് വെബ്സൈറ്റില്‍ പേര് പോലും വരാത്തതുമായ ഒരു പാര്‍ട്ടിയെ യോഗത്തിലേക്ക് ക്ഷണിച്ചതിലെ അനൗചിത്യമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. പാര്‍ലമെന്റ് വെബ്സൈറ്റില്‍ ഇപ്പോഴും ഈ വിമത എംപിമാരെ തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങളായാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് തൃണമൂല്‍ എംപി സൗഗത റോയ് ചൂണ്ടിക്കാട്ടി. എന്നാല്‍, ഈ വിമത വിഭാഗത്തിന് യോഗത്തില്‍ പ്രത്യേക മേശയും ഇരിപ്പിടങ്ങളും അനുവദിച്ചതാണ് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചത്.
വിമതര്‍ക്കെതിരെയുള്ള അയോഗ്യതാ ഹര്‍ജികള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍, ഔദ്യോഗിക പട്ടികയില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് 28 അംഗങ്ങളുണ്ടായിരിക്കെ ഏത് അടിസ്ഥാനത്തിലാണ് പാര്‍ലമെന്ററി കാര്യ മന്ത്രി വിമതരെ ക്ഷണിച്ചതെന്ന് തൃണമൂല്‍ എംപി മഹുവ മോയിത്ര ചോദിച്ചു. 91-ാം ഭരണഘടനാ ഭേദഗതി പ്രകാരം സഭയ്ക്കുള്ളില്‍ ഇത്തരത്തില്‍ ഒരു പ്രത്യേക ബ്ലോക്കിന് സ്ഥാനമില്ലെന്നും നിയമവിരുദ്ധമായ ഈ നീക്കത്തിനെതിരെ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒറ്റക്കെട്ടായി പ്രതിഷേധം രേഖപ്പെടുത്തി യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോരുകയായിരുന്നുവെന്നും അവര്‍ വ്യക്തമാക്കി.
സര്‍വകക്ഷിയോഗത്തില്‍ സഹകരിക്കണമെന്ന് പാര്‍ലമെന്റികാര്യ മന്ത്രി കിരണ്‍ റിജ്ജു നേരത്തെ പറഞ്ഞിരുന്നു. നാളെ മുതല്‍ വര്‍ഷകാല സമ്മേളനം തുടരുകയാണ്. 360 എം.പിമാരെ ഒപ്പം നിര്‍ത്താനുള്ള ശ്രമത്തിലാണ് ബി.ജെ.പി. നിര്‍ണായകമായ മറ്റ് യോഗങ്ങള്‍ മാറ്റിവെച്ചാണ് സര്‍വകക്ഷിയോഗം വിളിച്ചത്. വരാനിരിക്കുന്ന സമ്മേളനത്തില്‍ സഭയില്‍ ഉന്നയിക്കപ്പെടേണ്ട പ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനായിരുന്നു സര്‍ക്കാരിന്റെ നീക്കമെങ്കിലും വിമതരെച്ചൊല്ലിയുള്ള തര്‍ക്കം യോഗത്തിന്റെ അന്തരീക്ഷം കലുഷിതമാക്കി. അതേസമയം, തങ്ങളെ യോഗത്തിലേക്ക് ക്ഷണിച്ചതിന് എന്‍.സി.പി.ഐ നേതാവ് കകോലി ഘോഷ് ദസ്തിദാര്‍ സര്‍ക്കാരിന് നന്ദി അറിയിച്ചു.
ലോക്സഭയില്‍ 33 ശതമാനം വനിതാ സംവരണം നടപ്പിലാക്കുന്നതിനെ പിന്തുണയ്ക്കുമ്പോഴും, ഇതുമായി ബന്ധപ്പെട്ട മണ്ഡല പുനര്‍നിര്‍ണ്ണയ നടപടികളില്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് കൂടുതല്‍ വ്യക്തത തേടി ദ്രാവിഡ മുന്നേറ്റ കഴകം (ഡി.എം.കെ). പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായി നടന്ന സര്‍വകക്ഷി യോഗത്തിലാണ് പാര്‍ട്ടി തങ്ങളുടെ നിലപാട് വ്യക്തമാക്കിയതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സെന്‍സസിനും മണ്ഡല പുനര്‍നിര്‍ണ്ണയത്തിനുമായി കാത്തുനില്‍ക്കാതെ, ലോക്സഭയുടെ നിലവിലെ അംഗസംഖ്യയുടെ അടിസ്ഥാനത്തില്‍ തന്നെ വനിതാ സംവരണം ഉടനടി നടപ്പിലാക്കണമെന്ന് ഡി.എം.കെ എം.പി തിരുച്ചി ശിവ ആവശ്യപ്പെട്ടു. മണ്ഡല പുനര്‍നിര്‍ണ്ണയ നടപടികള്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് തിരിച്ചടിയാകുമെന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചു. ജനസംഖ്യാ നിയന്ത്രണത്തില്‍ മികച്ച നേട്ടം കൈവരിച്ച ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ രാഷ്ട്രീയ പ്രാധാന്യം കുറയ്ക്കുന്ന രീതിയിലാകരുത് മണ്ഡല പുനര്‍നിര്‍ണ്ണയമെന്നും, അല്ലാത്തപക്ഷം ഈ നടപടികള്‍ 25 വര്‍ഷത്തേക്ക് മാറ്റിവയ്ക്കണമെന്നും ശിവ പറഞ്ഞു.
നേരത്തെ മണ്ഡല പുനര്‍നിര്‍ണ്ണയ നീക്കങ്ങളെ ശക്തമായി എതിര്‍ത്തിരുന്നു ഡി.എം.കെ,. ഭരണപക്ഷമായ എന്‍.ഡി.എയ്ക്ക് ലോക്സഭയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കാന്‍ ഡി.എം.കെയുടെ 22 എം.പിമാരുടെ പിന്തുണ നിര്‍ണ്ണായകമാണ്. ഭരണഘടന ഭേദഗതിക്ക് ആവശ്യമായ 360 വോട്ടുകള്‍ തികയ്ക്കാന്‍ 319 എം.പിമാരുള്ള എന്‍.ഡി.എയ്ക്ക് ഡി.എം.കെയുടെ പിന്തുണ കൂടിയേതീരു.
إرسال تعليق