Join News @ Iritty Whats App Group

ശബരിമലയിലേക്ക് നൽകിയ നെയ്യ് മറിച്ചു വിറ്റു; അന്വേഷണത്തിന് പ്രത്യേക സമിതിയെ നിയോഗിച്ച് മിൽമ

ശബരിമലയിലേക്ക് നൽകിയ നെയ്യ് മറിച്ചു വിറ്റു; അന്വേഷണത്തിന് പ്രത്യേക സമിതിയെ നിയോഗിച്ച് മിൽമ


കൊല്ലം: ശബരിമലയിൽ മിൽമ നൽകിയ നെയ്യ് മറിച്ചു വിറ്റ് പകരം തമിഴ്നാട്ടിലെ വില കുറഞ്ഞ നെയ്യ് ക്ഷേത്രത്തിൽ എത്തിച്ചതിൽ മിൽമയുടെ അന്വേഷണം. ശബരിമല ക്ഷേത്രത്തിലെ നെയ്യ് വിതരണത്തിൽ ക്രമക്കേട് ഉണ്ടെന്ന മാധ്യമവാർത്തയുടെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് തീരുമാനമെടുത്തത്. ജൂൺ 29ന് മിൽമ തിരുവനന്തപുരം മേഖല യൂണിയൻ ചെയർപേഴ്സൻ മണി വിശ്വനാഥിന്റെ അധ്യക്ഷതയിൽ ചേരുകയും വിഷയം വിശദമായി ചർച്ച ചെയ്യുകയുമായിരുന്നു. തുടർന്ന് ബോർഡ് ഓഫ് ഡയറക്ടേഴ്സ് യോഗമാണ് സംഭവം അന്വേഷിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ചത്.

തിരുവനന്തപുരം മേഖലയിലെ മൂന്ന് ബോർഡ് അംഗങ്ങൾക്കൊപ്പം പ്രധാന ഉദ്യോഗസ്ഥരടങ്ങുന്ന അഞ്ചംഗ സമിതിയാകും തട്ടിപ്പ് അന്വേഷിക്കുക. മൂന്ന് ആഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം. ഭരണസമിതി അംഗങ്ങളായ ടി കെ പ്രഫുല്ലചന്ദ്രൻ (ആലപ്പുഴ), അജിത് സിങ് (തിരുവനന്തപുരം), കെ അനിമോൻ (കൊല്ലം), മാർക്കറ്റിങ് ഹെഡ് എ ജെ വിൽസൺ, തിരുവനന്തപുരം ഡയറി സീനിയർ മാനേജർ ആർ എസ് ജെസി എന്നിവരാണ് അന്വേഷണ സമിതിയിലുളളത്. തട്ടിപ്പിൽ വിജിലൻസും അന്വേഷണം തുടങ്ങിയതായാണ് വിവരം

വിപണിയിൽ ലിറ്ററിന് 720 രൂപ വിലയുള്ള നെയ്യ് 540 രൂപ വെച്ച് 1,70,000 ലിറ്റർ നെയ്യ് ശബരിമലയിലും പമ്പയിലും ലഭ്യമാക്കാനായിരുന്നു തിരുവിതാംകൂർ ദേവസ്വം ബോർഡും മിൽമയും തമ്മിലുള്ള കരാർ. ഡയറിയിൽനിന്ന് നെയ്യ് വാഹനങ്ങളിൽ കയറ്റി മറ്റു സ്ഥലങ്ങളിൽ മറിച്ചു വിറ്റശേഷം തമിഴ്നാട്ടിൽ ലഭിക്കുന്ന നിലവാരമില്ലാത്ത നെയ്യ് ശബരിമലയിൽ എത്തിച്ചതായാണ് ആക്ഷേപം.

എഴുപതിനായിരത്തോളം ലിറ്റർ നെയ്യ് മറിച്ചു വിറ്റെന്നാണ് വിവരം. അഴിമതിക്ക് വേണ്ടി ഇ - ടെൻഡർ വേണ്ടന്ന് വെച്ച് ടെൻഡറിലും ക്രമക്കേട് നടത്തിയെന്നാണ് ആരോപണം. അതേസമയം ക്ഷേത്രത്തിലേക്ക് നെയ്യ് എത്തിക്കുന്നതിൽ വീഴ്ച ഉണ്ടായിട്ടില്ലെന്നു മിൽമ വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് തട്ടിപ്പിൽ അന്വേഷണം നടത്താൻ തീരുമാനിച്ചത്. എന്നാൽ അന്വേഷണ സമിതിയെക്കുറിച്ച് അറിയില്ലെന്നായിരുന്നു ചെയർപേഴ്സന്റെ പ്രതികരണം.

Post a Comment

أحدث أقدم
Join Our Whats App Group