ജലം ഒഴുകിപ്പോകാനാവശ്യമായ ഓവുചാലുകൾ ഇല്ല;ഇരിട്ടി മേഖലയിലെ പല പ്രധാന റോഡുകളിലും വെള്ളക്കെട്ട്,വാഹനയാത്രയും കാല്നടയാത്രയും ദുസ്സഹം
ഇരിട്ടി: ജലം ഒഴുകിപ്പോകാനാവശ്യമായ ഓവുചാലുകൾ ഇല്ലാത്തതും ഉള്ളവ ചെളിയും ചപ്പുചവറുകളും പാഴ് വസ്ത്തുക്കളും നിറഞ്ഞു നോക്കുകുത്തിയായതും മൂലം ഇരിട്ടി മേഖലയിലെ പല പ്രധാന റോഡുകളും വെള്ളക്കെട്ടുകൾ മൂലം വാഹനയാത്രയും കാല്നടയാത്രയും ദുസ്സഹമായി മാറി. അൽപ്പം ശക്തമായ മഴപെയ്താൽ റോഡുകൾ കുളമായി മാറുന്ന അവസ്ഥയാണ് പല റോഡുകളിലും. ഇരിട്ടി- പേരാവൂർ റോഡിലെ പയഞ്ചേരി മുക്ക്, ഹാജി റോഡ്, വിളക്കോട് മേഖലയിലെ ചില പ്രദേശങ്ങൾ, ഇരിട്ടി- ഉളിക്കൽ റോഡിലെ തന്തോട്, കടത്തും കടവ്, ടൗണിലെ പ്രധാന റോഡായ നേരംപോക്ക് തുടങ്ങിയ മേഖലയിലെ റോഡുകളിലെല്ലാം സ്ഥിരമായി വെള്ളക്കെട്ടുമൂലം ജനങ്ങൾ ദുരിതമനുഭവിക്കുകയാണ്. ഇതിൽ പലതും പതിറ്റാണ്ടുകളായി പ്രശ്നം നിലനിൽക്കുന്ന മേഖലകളാണ്.
ഇരിട്ടി-പേരാവൂർ റൂട്ടിലെ ഹാജി റോഡിൽ രൂപപ്പെടുന്ന രൂക്ഷമായ വെള്ളക്കെട്ട് വാഹനയാത്രക്കാർക്കും കാൽനടയാത്രക്കാർക്കും ഏറെ ദുരിതമാണ് തീർക്കുന്നത്. മതിയായ ഓവുചാൽ സംവിധാനം ഇല്ലാത്തതാണ് റോഡിൽ വെള്ളം കെട്ടിനിൽക്കാൻ പ്രധാന കാരണം. ദിവസേന നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ഈ ഭാഗത്ത് എല്ലാ മഴക്കാലത്തും വെള്ളക്കെട്ട് പതിവ് കാഴ്ചയാണ്. മഴവെള്ളം ഒഴുകിപ്പോകാൻ ആവശ്യമായ സംവിധാനങ്ങൾ ഇല്ലാത്തതിനാൽ വെള്ളം റോഡിൽ തന്നെ തങ്ങിനിൽക്കുകയും ഇത് യാത്ര ദുഷ്‌കരമാക്കുകയും ചെയ്യുന്നു.
തുടർച്ചയായ വെള്ളക്കെട്ട് റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് കാരണമാകുന്നതോടൊപ്പം അപകടസാധ്യതയും വർധിപ്പിക്കുന്നുണ്ട്. ഈ ഭാഗത്ത് മുമ്പും നിരവധി അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി പൊതുമരാമത്ത് വകുപ്പ് അടിയന്തരമായി ഇടപെട്ട് ഫലപ്രദമായ ഓവുചാൽ സംവിധാനം ഒരുക്കുകയും റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള മറ്റ് നടപടികൾ സ്വീകരിക്കുകയും ചെയ്യണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.
ഇരിട്ടി-ഉളിക്കൽ റോഡിൽ പലയിടങ്ങളിലും വെള്ളക്കെട്ട് യാത്രക്കാർക്ക് ദുരിതമായി മാറുന്നു. തന്തോട് മേഖലയിലാണ് പ്രധാനമായും റോഡിൽ വെള്ളം കെട്ടിനിൽക്കുന്നത്. പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള ഈ റോഡിൽ ആവശ്യമായ ഓവുചാൽ സംവിധാനം ഒരുക്കാത്തതാണ് പ്രശ്‌നത്തിന് പ്രധാന കാരണം.റോഡിൽ വെള്ളം കെട്ടിനിൽക്കുന്നതിനാൽ കുഴികൾ തിരിച്ചറിയാൻ കഴിയാത്തത് അപകടസാധ്യത വർധിപ്പിക്കുകയാണ്. പ്രത്യേകിച്ച് ഇരുചക്ര വാഹന യാത്രക്കാരാണ് കൂടുതലായും അപകടത്തിൽപ്പെടുന്നത്.
കാൽനടയാത്രക്കാർക്കും ഇതുവഴി സുരക്ഷിതമായി സഞ്ചരിക്കാൻ കഴിയാത്ത സ്ഥിതിയാണ്. വാഹനങ്ങൾ കടന്നുപോകുമ്പോൾ ചെളിവെള്ളം തെറിക്കുന്നത് സമീപവാസികൾക്കും വഴിയാത്രക്കാർക്കും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. വലിയ വാഹനങ്ങൾ ഇരുചക്രവാഹനയാത്രക്കാരുടെ മേൽ ചെളിയഭിഷേകം നടത്തി കടന്നു പോകുന്നതും നിത്യ സംഭവമാണ്. റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ അടിയന്തരമായി ഓവുചാൽ സംവിധാനം ഒരുക്കുകയും ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്തുകയും ചെയ്യണം.
ഇരിട്ടി നഗരത്തിലെ പ്രധാന റോഡായ നേരംപോക്ക് റോഡിന്റെ സ്ഥിതിയും മറിച്ചല്ല. ബാലക്കണ്ടി റോഡിൽ നിന്നും ഒഴുകി വരുന്ന മഴവെള്ളം മുഴുവൻ ഈ റോഡിലേക്ക് എത്തുമ്പോൾ ഫാൽക്കൺ പ്ലാസ വരെയുള്ള റോഡ് തോടായി മാറുകയാണ്. ഒരു ചെറിയ മഴപെയ്താൽ പോലും റോഡ് നിറഞ്ഞൊഴുകുന്ന മഴവെള്ളം വാഹനയാത്രക്കാർക്കും കാൽനടയാത്രക്കാർക്കും ഏറെ ദുരിതമാണ് തീർക്കുന്നത്. വലിയ വാഹനങ്ങൾ ഈസമയം കടന്നു പോയാൽ റോഡരികിലെ കടകളിലേക്കും ചെളിവെള്ളം അഭിഷേകം ചെയ്യപ്പെടുന്നു.
പൊതുമരാമത്ത് വകുപ്പിന് മഴയ്ക്ക് മുൻമ്പ് പൂർത്തിയാക്കേണ്ട പ്രവ്യത്തികൾക്ക് പണം അനുവദിക്കാറുണ്ട്. ഓടകളിലെ ചെളിയും മാലിന്യങ്ങളും നീക്കം ചെയ്യൽ, റോഡിലേക്ക് വെള്ളം ഒഴുകിയെത്തുന്ന സ്ഥലങ്ങളിൽ ആവശ്യമായ മുൻകതുതലുകൾ, സുഗമമായ ഡ്രൈവിംങ്ങിന് തടസമാകുന്ന റോഡിലേക്ക് തള്ളിനില്ക്കുന്ന മരകമ്പുകളും കാടുകളും നീക്കം ചെയ്യൽ, പാലത്തിന് മുകളിൽ അടിഞ്ഞിരിക്കുന്ന കല്ലും മണലും നീക്കം ചെയ്ത് പാലത്തിൽ വെള്ളം കെട്ടിനില്ക്കുന്ന സാഹചര്യം ഒഴിവാക്കൽ തുടങ്ങിയ പ്രവ്യത്തികളെല്ലാം വഴിപാടായി മാറുന്നു. ഇക്കാര്യത്തിൽ വകുപ്പു തലത്തിൽ ശരിയായ മോണിറ്ററിംങ്ങ് ഇല്ല. പാരാതി ഉയരുമ്പോൾ ഇരുട്ട കൊണ്ട് ഓട്ടയടക്കുന്ന സമീപനമാണ് കാലാകാലമായി തുടരുന്നത്.
إرسال تعليق