ജൂലായ് അവസാനവാരം മഴ തീവ്രമായേക്കും; തള്ളാനാവില്ല പ്രളയ സാദ്ധ്യതയും
കണ്ണൂർ: ജില്ലയില്‍ മുൻവർഷത്തെ അപേക്ഷിച്ച് ഇത്തവണ മഴ കുറവാണെങ്കിലും പ്രളയ സാദ്ധ്യത തള്ളിക്കളയാനാകില്ലെന്ന് കാലാവസ്ഥ വകുപ്പിന്റെ നിരീക്ഷണം.
ജൂണ്‍, ജൂലായ് മാസത്തില്‍ മഴ കുറവാണെങ്കലും ആഗസ്റ്റ് ആദ്യവാരം മുതല്‍ രണ്ടാം വാരം വരെ മഴയ്ക്ക് തീവ്രത കൂടാനുള്ള സാദ്ധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. മലയോര മേഖലയായ ശ്രീകണ്ഠപുരം, ചെങ്ങളായി തുടങ്ങിയ ടൗണുകളില്‍ പ്രളയ സാദ്ധ്യതയുടെ ആശങ്കയിലുമാണ്. ജൂണിലെ മഴക്കുറവ് കാര്യമാക്കിയെടുക്കാതെ നാട്ടിലെ പ്രളയ ബാധിത പ്രദേശങ്ങളില്‍ മുൻകരുതലടക്കം സ്വീകരിച്ചിട്ടുമുണ്ട്.
ജൂണില്‍ 39 ശതമാനം മഴക്കുറവാണ് ജില്ലയില്‍ രേഖപ്പെടുത്തിയത്. ഒരു വർഷം ശരാശരി 3300-3500 മില്ലി മീറ്റർ മഴയാണ് ലഭിക്കുന്നത്. ജൂലായ് അവസാന വാരം മുതല്‍ മഴ കനപ്പെട്ടാല്‍ മലയോര മേഖലയില്‍ കൃഷി നാശത്തിനും മണ്ണിടിച്ചലിനും സാദ്ധ്യതയുണ്ടാകും. കർണാടകയിലെ ഉള്‍വനത്തില്‍ കനത്ത മഴ പെയ്താല്‍ വെള്ളം ഒഴുകിയെത്തുന്നത് കൂട്ടുപുഴ, പയ്യാവൂർ, പടിയൂർ, ഉളിക്കല്‍ തുടങ്ങിയ മലയോര പ്രദേശങ്ങളിലേക്കാണ്. ഇത് മൂലം ശ്രീകണ്ഠപുരം. ചെങ്ങളായി തുടങ്ങിയ പട്ടണങ്ങള്‍ വെള്ളത്തിനടിയിലാവുകയും ചെയ്യും.
ഇവിടം വെള്ളം കയറിയാല്‍ വ്യാപാരികളാകും ദുരിതത്തിലാവുക. മഴക്കാലം മുന്നില്‍ കണ്ട് വ്യാപാരികളും ആശങ്കയിലാണ്. 2018ലെ പ്രളയത്തില്‍ ഭീമമായ നഷ്ടമാണ് വ്യാപാരികള്‍ക്കുണ്ടായത്. ഇതില്‍ 90 ശതമാനം വ്യാപാരികള്‍ക്കും 2018ലെ പ്രളയത്തില്‍ നഷ്ടപരിഹാരം പോലും ലഭിച്ചിട്ടില്ലെന്നാണ് പറയുന്നത്.
മാലിന്യങ്ങള്‍ നീക്കുന്നു
പ്രളയസാദ്ധ്യതാ മേഖലയില്‍ നിന്ന് മാലിന്യങ്ങള്‍ നീക്കാനുള്ള പ്രവർത്തങ്ങള്‍ തദ്ദേശ സ്ഥാപനങ്ങള്‍ തുടങ്ങിയിട്ടുണ്ട്. മഴ തീവ്രമായാല്‍ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നത് ബുദ്ധിമുട്ടിലാകും. ഇവ രോഗങ്ങള്‍ പടർത്തുന്നതിനും ഇടയാക്കിയേക്കും. മഴ തീവ്രമായാല്‍ മാലിന്യവും വെള്ളവും കലർന്നാല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനുള്ള സാദ്ധ്യതയുണ്ട്.
മണ്ണിടിച്ചിലിനും സാദ്ധ്യത
മഴ കനത്താല്‍ ജില്ലയിലെ വിവിധയിടങ്ങളില്‍ മണ്ണിടിച്ചലിനും സാദ്ധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. മലയോര പ്രദേശങ്ങളിലാണ് മണ്ണിടിച്ചലിനുള്ള സാദ്ധ്യത മുന്നില്‍ കാണുന്നത്. ചെറുപുഴ, ഇരിട്ടി, പയ്യാവൂർ തുടങ്ങിയ മലയോര മേഖലയില്‍ മണ്ണിടിച്ചിലിന് അതീവ സാദ്ധ്യതയുള്ള പ്രദേശങ്ങളായിട്ടാണ് കാണുന്നത്.
إرسال تعليق