പണയംവയ്ക്കാൻ സ്വര്‍ണം വാങ്ങി ഇടനിലക്കാരി കബളിപ്പിച്ചു യുവതികള്‍ ജീവനൊടുക്കാൻ ശ്രമിച്ചു, ഒരാള്‍ മരിച്ചു
വിഴിഞ്ഞം : കൂടിയ പലിശയ്ക്ക് പണയംവച്ച് പണം നല്‍കാമെന്നു പറഞ്ഞു സ്വർണം വാങ്ങിയ ഇടനിലക്കാരി പറ്റിച്ചു. ഫൈനാൻസ് സ്ഥാപനത്തിലെ ജീവനക്കാരികളായ യുവതികള്‍ വിഷംകഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു.
ചികിത്സക്കിടയില്‍ ഒരാള്‍ മരിച്ചു. ഒരാള്‍ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍. വിഴിഞ്ഞം വെണ്ണിയൂർ നെല്ലിവിള ജയാ ഭവനില്‍ വിഷ്ണു മോന്റെ ഭാര്യ അഞ്ജു (28) ആണ് മരിച്ചത്. സുഹൃത്ത് ചാവടിനട സ്വദേശി രാജീവിന്റെ ഭാര്യ ഐശ്വര്യ (26) ആശുപത്രിയില്‍ ചികിത്സയിലാണ്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: സ്വകാര്യ ഫൈനാൻസ് സ്ഥാപനത്തിന്റെ വിഴിഞ്ഞം ശാഖയിലെ ജീവനക്കാരിയായ അഞ്ചുവും അമരിവിള ശാഖയിലെ ജീവനക്കാരിയായ ഐശ്വര്യയും സുഹൃത്തുക്കളായിരുന്നു. ഇവർ ബന്ധുക്കള്‍ ഉള്‍പ്പെടെ പലരില്‍ നിന്ന് വാങ്ങിയ സ്വർണം പനങ്ങോട് സ്വദേശി സിന്ധു കുമാരിയെ ഏല്പിച്ചു.
കെഎസ്‌എഫ്‌ഇയില്‍ കൂടിയ തുകയ്ക്ക് പണയം വച്ച് നല്‍കാമെന്നും ഒരു ശതമാനം പലിശ കമ്മീഷനായി നല്‍കിയാല്‍ മതിയെന്ന് അറിയിച്ചതായും അറിയുന്നു. ഇപ്രകാരം നൂറ് പവനോളം സ്വർണം യുവതികളില്‍ നിന്ന് സിന്ധുകുമാരി കൈക്കലാക്കിയതായും പറയപ്പെടുന്നു. ഇവർ നല്‍കിയ സ്വർണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ എല്ലാം ലേലം ചെയ്ത് പോയതായി പറഞ്ഞ സിന്ധു മുങ്ങി. ഒടുവില്‍ തട്ടിപ്പിനിരയായെന്ന് മനസിലാക്കിയ യുവതികള്‍ ഒരുമിച്ച് ജീവനൊടുക്കാൻ തീരുമാനിച്ചു.
ഇക്കഴിഞ്ഞ 30 ന് വൈകുന്നേരം ആറോടെ വിഴിഞ്ഞം തിയറ്റർ ജംഗ്ഷനില്‍ എത്തിയ ഇരുവരും ജൂസ് കടയില്‍ നിന്ന് ഷാർജ വാങ്ങി അതില്‍ എലി വിഷം ചേർത്ത് കഴിച്ചു. തുടർന്ന് വീട്ടില്‍ എത്തിയ യുവതികള്‍ക്ക് ഛർദി അനുഭവപ്പെട്ടു. ഭക്ഷ്യവിഷബാധയെന്ന് വീട്ടില്‍ അറിയിച്ച ഇവരെ വീട്ടുകാർ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Post a Comment