Join News @ Iritty Whats App Group

ലഹരിമരുന്ന് കേസ്: കീർത്തനയ്ക്ക് പിന്നാലെ കാവ്യയെയും പുറത്താക്കി വിദ്യാഭ്യാസ വകുപ്പ്; ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങി

ലഹരിമരുന്ന് കേസ്: കീർത്തനയ്ക്ക് പിന്നാലെ കാവ്യയെയും പുറത്താക്കി വിദ്യാഭ്യാസ വകുപ്പ്; ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങി


കോഴിക്കോട് വടകര ലഹരിമരുന്ന് കേസിൽ ഉൾപ്പെട്ട രണ്ടാമത്തെ അധ്യാപികയെയും സർവീസിൽ നിന്ന് പുറത്താക്കി. താത്കാലിക അധ്യാപികയായ കൂരാച്ചുണ്ട് സ്വദേശി കാവ്യയെ പിരിച്ചുവിട്ടുകൊണ്ടുള്ള വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങി.

കേസിലെ മറ്റൊരു പ്രതിയായ മരുതോങ്കര സ്വദേശി കീർത്തനയെ കഴിഞ്ഞ ദിവസം സർവീസിൽ നിന്ന് പുറത്താക്കിയിരുന്നു. പേരാമ്പ്ര ബ്ലോക്ക് റിസോഴ്സ് സെന്ററിലെ സ്പെഷ്യലിസ്റ്റ് കായിക അധ്യാപികയായിരുന്നു കീർത്തന.

കേസിൽ മറ്റ് അധ്യാപകർക്കും പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രതികളുമായി ലഹരി ഇടപാടുകൾ നടത്തിയതായി സംശയിക്കുന്ന മറ്റ് വ്യക്തികളെ കണ്ടെത്താനുള്ള നടപടികളും പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്.

മയക്കുമരുന്ന് വാങ്ങാനെത്തുന്നവരിൽ നിന്ന് ക്യൂആർ കോഡ് അയച്ചുനൽകി ബാങ്ക് അക്കൗണ്ടിലൂടെ പണം സ്വീകരിക്കുകയും, തുടർന്ന് ഗൂഗിൾ മാപ്പ് ലൊക്കേഷൻ പങ്കുവെച്ച് ലഹരി സംഘത്തിലെ അംഗങ്ങളിലേക്ക് ഉപഭോക്താക്കളെ എത്തിക്കുകയും ചെയ്തതാണ് അധ്യാപികമാർക്കെതിരായ പ്രധാന ആരോപണങ്ങളെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.

കീർത്തനയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ലഹരി സംഘാംഗങ്ങളുടെ അക്കൗണ്ടിലേക്കും അവിടെ നിന്ന് കാവ്യയുടെ അക്കൗണ്ടിലേക്കും പണമിടപാടുകൾ നടന്നതായും പൊലീസ് പറയുന്നു. വടകര സ്വദേശി സഫ്‍വാൻ രണ്ട് ഗ്രാം എംഡിഎംഎയുമായി പിടിയിലായതോടെയാണ് ‘ഓപ്പറേഷൻ തൂഫാൻ’ അന്വേഷണത്തിലൂടെ കേസിൽ നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചത്.

അധ്യാപക പരിശീലനങ്ങളും ശിൽപ്പശാലകളും സംഘടിപ്പിക്കുകയും വിദ്യാലയങ്ങളിലെ ഗുണനിലവാരം ഉറപ്പാക്കുകയും ചെയ്യേണ്ട ചുമതലയുള്ള രണ്ട് അധ്യാപികമാരെയാണ് ലഹരിസംഘം ഇടനിലക്കാരായി ഉപയോഗിച്ചതെന്നാണ് പൊലീസ് കണ്ടെത്തൽ.
അധ്യാപികമാർക്ക് പണം അയച്ച വ്യക്തികളെയും എംഡിഎംഎ കൈമാറിയ ആളെയും കണ്ടെത്തുന്നതിനായി പ്രതികളെ വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം.

Post a Comment

Previous Post Next Post
Join Our Whats App Group