Join News @ Iritty Whats App Group

അഞ്ച് ശതമാനത്തിൽ നിന്ന് എട്ടിലേക്ക്; കേരളത്തിലെ ശിശുമരണനിരക്ക് ഉയർന്നതായി റിപ്പോർട്ട്

അഞ്ച് ശതമാനത്തിൽ നിന്ന് എട്ടിലേക്ക്; കേരളത്തിലെ ശിശുമരണനിരക്ക് ഉയർന്നതായി റിപ്പോർട്ട്


തിരുവനന്തപുരം:കേരളത്തിലെ ശിശുമരണനിരക്ക് ഉയർന്നതായി റിപ്പോർട്ട്. ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ റിപ്പോർട്ട് പ്രകാരം 2024ൽ സംസ്ഥാനത്തെ ശിശുമരണനിരക്ക് അഞ്ചിൽ നിന്ന് എട്ടിലേക്ക് ഉയർന്നു. നവജാതശിശുക്കളുടെ മരണകണക്കിലെ മാറ്റം ഗൗരവത്തോടെ പരിശോധിക്കണമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. വാക്സിനേഷനോടുള്ള വിമുഖതയും അശാസ്ത്രീയരീതികൾ പിന്തുടരുന്നതും സൂചിക ഉയരാൻ കാരണമാണോ എന്നും പരിശോധിക്കേണ്ടതുണ്ട്.

ശിശുമരണനിരക്ക് അമേരിക്കയിലേതിനേക്കാൾ കുറവ്- കഴിഞ്ഞ കുറെക്കാലങ്ങളിലായി സംസ്ഥാനം ഉയർത്തിക്കാട്ടുന്ന ഏറ്റവും പ്രധാന ആരോഗ്യ നേട്ടമായിരുന്നു അത്. എന്നാൽ ഏറ്റവും ഒടുവിൽ പുറത്തുവന്ന സാംപിൽ റജിസ്ട്രേഷൻ സിസ്റ്റം സ്റ്റാറ്റിസ്റ്റിക്കൽ റിപ്പോർട്ട് പ്രകാരം 2024ൽ കേരളത്തിന്റെ ഇൻഫന്റ് മോർട്ടാലിറ്റി റേറ്റ്, അഥവ ശിശുമരണ നിരക്ക് അഞ്ചിൽ നിന്ന് എട്ടിലേക്ക് ഉയർന്നു. ആയിരം കുഞ്ഞുങ്ങൾ ജനിക്കുമ്പോൾ എട്ട് കുഞ്ഞുങ്ങൾ മരിക്കുന്നു. ഒരു വയസ്സാകുന്നതിന് മുന്നേയുള്ള കണക്കാണ് പരിഗണിക്കുന്നത്. ദീർഘകാലത്തെ അതിതീവ്ര പരിശ്രമങ്ങൾക്ക് സംസ്ഥാനത്തെ ശിശുമരണ നിരക്ക് രണ്ടക്കത്തിൽ നിന്ന് ഒരക്കത്തിലേക്ക് താഴ്ത്തിയത്. 1970കളിൽ 58 ആയിരുന്നു സൂചിക. 2010 മുതലുള്ള കാലയളവിൽ ദീർഘനാൾ 12ൽ തന്നെ തുടർന്നു. എന്ത് കൊണ്ടാണ് ശിശുമരണക്ക് നിരക്ക് കുറയാത്തത് എന്ന് പഠനം നടത്തി, പ്രശ്നങ്ങൾ കണ്ടെത്തി പരിഹരിക്കാൻ ആരോഗ്യകേരളം ഒന്നിച്ച് പ്രയത്നിച്ചു. പോഷകക്കുറവ് പരിഹരിക്കാനുള്ള ശ്രമം നടത്തി. ഹൃദ്യം പോലെയുള്ള പദ്ധതികൾ ആവിഷ്കരിച്ചു. ഒടുവിൽ 2018ൽ ശിശുമരണനിരക്ക് അഞ്ചിൽ എത്തി. എക്കാലത്തെയും കുറഞ്ഞ നിരക്ക്.

ആ കണക്കാണ് വീണ്ടും ഉയരുന്നത്. ‌ദേശീയ തലത്തിൽ ശിശുമരണക്ക് 24 ആണ്. പട്ടികയിൽ കേരളത്തിന് തൊട്ടുതാഴെയുള്ള തമിഴ്നാട്ടിലും ദില്ലിയിലും ഇത് 11ആണ്. ദേശീയ ശരാശരിയേക്കാളും മറ്റ് സംസ്ഥാനങ്ങളേക്കാളും ഏറെ മെച്ചപ്പെട്ട നിലയിലാണ് കേരളം ഇപ്പോഴും. എന്നാൽ മരണനിരക്ക് ഉയർന്നതിനെ ഗൗരവത്തോടെ തന്നെ വിലയിരുത്തണമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ജനിക്കുമ്പോൾ തന്നെ തൂക്കക്കുറവും, ആരോഗ്യപ്രശ്നങ്ങളുമുള്ള കുഞ്ഞുങ്ങളെ അതീവശ്രദ്ധയോടെ പരിചരിച്ചാണ് ആശുപത്രിയിൽ നിന്ന് വിടുന്നത്. പ്രസവസമയത്തെ മരണം ഏറെക്കുറെ ഒഴിവാകുന്നു. ആശുപത്രി വിട്ടതിന് ശേഷം പലപ്പോഴും ഈ അതീവശ്രദ്ധ പാളുന്നു. പ്രതിരോധമരുന്ന് വിതരണത്തിൽ പോരായ്മകളുണ്ടോ എന്ന് പരിശോധിക്കണമെന്നും അഭിപ്രായമുണ്ട്. വാക്സിനേഷനോടുള്ള വിമുഖതയും വിരുദ്ധതയും ഒക്കെ തിരിച്ചടിയാകാം എന്നാണ് സംശയങ്ങൾ. വീട്ടിലെ പ്രസവം, അക്യുപങ്ചർ പ്രസവം പോലെയുള്ള അശാസ്ത്രീയ പ്രവണതകളും തടയേണ്ടതുണ്ട്. 12ൽ നിന്ന് ശിശുമരണനിരക്ക് അഞ്ചായതിന്റെ യഥാർത്ഥ വശങ്ങൾ കൂടി കണക്കാക്കേണ്ടുണ്ടെന്നാണ് പുതിയ പശ്ചാതലത്തിൽ ചില വിദഗ്ധരെങ്കിലും ചൂണ്ടിക്കാട്ടുന്നത്.

Post a Comment

أحدث أقدم
Join Our Whats App Group