Join News @ Iritty Whats App Group

ഖാര്‍ഗെയുടെ പിറന്നാളെന്ന വ്യാജേന വിളിപ്പിച്ചു; രാഹുലിന്റെയും സംഘത്തിന്റെയും 'സീക്രട്ട് ഓപറേഷനില്‍' ഞെട്ടി കേന്ദ്രസര്‍ക്കാര്‍

ഖാര്‍ഗെയുടെ പിറന്നാളെന്ന വ്യാജേന വിളിപ്പിച്ചു; രാഹുലിന്റെയും സംഘത്തിന്റെയും 'സീക്രട്ട് ഓപറേഷനില്‍' ഞെട്ടി കേന്ദ്രസര്‍ക്കാര്‍


ഡല്‍ഹി: കഴിഞ്ഞ 12 വർഷത്തെ ഏറ്റവും വലിയ രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കും നാടകീയ നീക്കങ്ങള്‍ക്കുമാണ് തലസ്ഥാന നഗരി സാക്ഷ്യം വഹിച്ചത്.

നീറ്റ് ചോദ്യപേപ്പർ ചോർച്ച, പരീക്ഷാ ക്രമക്കേടുകള്‍, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി എന്നീ ആവശ്യങ്ങളുന്നയിച്ച്‌ കോക്രോച്ച്‌ ജനതാ പാർട്ടി (സി.ജെ.പി.) വിതച്ച സമരവീര്യം ഏറ്റെടുത്ത് കോണ്‍ഗ്രസ് നടത്തിയ അപ്രതീക്ഷിത നീക്കം കേന്ദ്ര സർക്കാരിനെ കടുത്ത പ്രതിരോധത്തിലാക്കി.

തുടക്കത്തില്‍ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക് അടക്കമുള്ളവർ നടത്തിയ പ്രക്ഷോഭങ്ങളെ നിസ്സാരവത്കരിക്കാനാണ് കേന്ദ്രം ശ്രമിച്ചത്. എന്നാല്‍, ജനകീയ പങ്കാളിത്തം വർധിച്ചതോടെ സമരം ആഗോള ശ്രദ്ധയാകർഷിക്കുന്ന തലത്തിലേക്ക് വളർന്നു. പാർലമെന്റ് സമ്മേളനത്തിന് തൊട്ടുമുമ്പ് വാങ്ചുകിനെ പന്തലില്‍ നിന്ന് ബലംപ്രയോഗിച്ച്‌ മാറ്റിയതും സമരക്കാർക്കുനേരെ പൊലിസ് നടത്തിയ കടുത്ത ലാത്തിച്ചാർജ്ജും സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കുകയായിരുന്നു.

തിങ്കളാഴ്ച വിജയ് ചൗക്കിലേക്ക് നട നടത്താനുള്ള കോണ്‍ഗ്രസ് നീക്കം പൊലിസ് തടഞ്ഞതോടെയാണ് കോണ്‍ഗ്രസ് തന്ത്രം മാറ്റിയത്. തുടർന്ന് പരമ്പരാഗത സമരരീതികള്‍ മാറ്റിവെച്ച്‌ തികച്ചും രഹസ്യമായൊരു നീക്കത്തിന് പാർട്ടി രൂപം നല്‍കി.

പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ 84-ാം ജന്മദിനാഘോഷം എന്ന വ്യാജേന മുതിർന്ന നേതാക്കളെയും 25-ഓളം എം.പി.മാരെയും രാജാജി മാർഗിലേക്ക് ക്ഷണിച്ചു വരുത്തുകയായിരുന്നു. ആഘോഷങ്ങള്‍ക്ക് തൊട്ടുപിന്നാലെ, എങ്ങോട്ടാണ് പോകുന്നതെന്ന് നേതാക്കള്‍ക്ക് പോലും വ്യക്തത നല്‍കുന്നതിന് മുമ്പ് തന്നെ രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും നേതൃത്വത്തില്‍ സംഘം പ്രധാനമന്ത്രിയുടെ വസതിയായ '7, ലോക് കല്യാണ്‍ മാർഗിലേക്ക്' തിരിച്ചു. ഉച്ചയ്ക്ക് മൂന്നുമണിയോടെ നേതാക്കള്‍ പ്രധാനമന്ത്രിയുടെ വീട്ടുപടിക്കല്‍ എത്തി കുത്തിയിരിപ്പ് സമരം ആരംഭിച്ചതോടെ ഡല്‍ഹി പൊലിസും സുരക്ഷാ ഏജൻസികളും അമ്പരന്നു.

സ്ഥിതിഗതികള്‍ ശാന്തമാക്കാൻ കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് നേരിട്ടെത്തി രാഹുല്‍ ഗാന്ധിയുമായി ചർച്ച നടത്തിയെങ്കിലും, ധർമേന്ദ്ര പ്രധാന്റെ രാജിയും വിഷയത്തില്‍ പാർലമെന്റില്‍ ചർച്ചയും വേണമെന്ന നിലപാടില്‍ കോണ്‍ഗ്രസ് ഉറച്ചുനിന്നു. ഇതോടെ അനുനയ നീക്കങ്ങള്‍ പരാജയപ്പെട്ടു.

വൈകീട്ട് 6.40-ഓടെ പൊലിസും സുരക്ഷാ സേനയും ബലംപ്രയോഗിച്ച്‌ നേതാക്കളെ അറസ്റ്റ് ചെയ്തു നീക്കി. വടംവലിക്കിടെ രാഹുല്‍ ഗാന്ധിയുടെ മുഖത്ത് പരുക്കേറ്റു. പ്രിയങ്കാ ഗാന്ധി, അഖിലേഷ് യാദവ്, കേരളത്തില്‍ നിന്നുള്ള നേതാക്കളായ പി.സി. വിഷ്ണുനാഥ്, എം.പി.മാരായ കൊടിക്കുന്നില്‍ സുരേഷ്, ഡീൻ കുര്യാക്കോസ് എന്നിവരടക്കമുള്ളവരെ ഡല്‍ഹി പൊലിസ് കസ്റ്റഡിയിലെടുത്തു.

രാജ്യത്തെ ഏററവും സുരക്ഷാപ്രാധാന്യമുള്ള കേന്ദ്രത്തില്‍ വെച്ച്‌ പ്രതിപക്ഷ നേതാക്കളെ വലിച്ചിഴച്ചതിലും കസ്റ്റഡിയിലെടുത്തതിലും പ്രതിഷേധിച്ച്‌ വരുംദിവസങ്ങളില്‍ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.

Post a Comment

أحدث أقدم
Join Our Whats App Group