'താരങ്ങളുടെ മക്കൾ സ്വന്തം നഷ്ടങ്ങൾ ചിന്തിക്കാതെ പ്രതികരണശേഷി തെളിയിക്കുകയാണ്'; വിസ്മയേയും ദുൽഖറിനെയും കുറിച്ച് ശാരദക്കുട്ടി
വിദ്യാർത്ഥി പ്രതിഷേധത്തെ പിന്തുണച്ച ദുൽഖർ സൽമാനെയും വിസ്മയ മോഹൻലാലിനെയും കുറിച്ച് എഴുത്തുകാരി ശാരദക്കുട്ടി. നിർണ്ണായക ഘട്ടങ്ങളിൽ തങ്ങളുടെ സഹജീവികൾക്ക് നേരെ ഉണ്ടാകുന്ന അനീതിക്കെതിരെ പോലും ശബ്ദിക്കാതെ, അവിടെയുമിവിടെയും തൊടാതെ കയ്യാലപ്പുറത്തിരുന്ന് സുരക്ഷിത ഇരിപ്പിടങ്ങളും കിരീടങ്ങളും മാത്രം സ്വീകരിച്ചിരുന്ന പല താരങ്ങളുടെയും മക്കൾ നിർഭയരായി സ്വന്തം നഷ്ടങ്ങളെ കുറിച്ച് ചിന്തിക്കാതെ പ്രതികരണശേഷി തെളിയിക്കുകയാണെന്ന് ശാരദക്കുട്ടി പറയുന്നു.
ശാരദക്കുട്ടിയുടെ വാക്കുകൾ ഇങ്ങനെ
നിർണ്ണായക ഘട്ടങ്ങളിൽ തങ്ങളുടെ സഹജീവികൾക്ക് നേരെ ഉണ്ടാകുന്ന അനീതിക്കെതിരെ പോലും ശബ്ദിക്കാതെ, അവിടെയുമിവിടെയും തൊടാതെ കയ്യാലപ്പുറത്തിരുന്ന് സുരക്ഷിത ഇരിപ്പിടങ്ങളും കിരീടങ്ങളും മാത്രം സ്വീകരിച്ചിരുന്ന പല താരങ്ങളുടെയും മക്കൾ നിർഭയരായി സ്വന്തം നഷ്ടങ്ങളെ കുറിച്ച് ചിന്തിക്കാതെ പ്രതികരണശേഷി തെളിയിക്കുകയാണ്.
ജനസ്വാധീനമുള്ളവർ എപ്പോഴും മിണ്ടിക്കൊണ്ടിരിക്കണമെന്നൊന്നുമില്ല. എല്ലാത്തിനോടും പ്രതികരിക്കണമെന്നുമില്ല. പക്ഷേ, നിർണ്ണായകഘട്ടങ്ങളിലെ മൗനം ഭീരുത്വമാണ്. ഭീതിദമാണ്.
നിങ്ങളുടെ കഥാപാത്രങ്ങൾ കാണിച്ച ധാർമ്മികവീര്യം , നിങ്ങളിൽ വികാരങ്ങൾ invest ചെയ്തവർ ചിലപ്പോഴെങ്കിലും ആഗ്രഹിക്കും. നിങ്ങളുടെ ശബ്ദത്തിന് അവർ വലിയ വില നൽകും. നോവലുകളും കവിതകളും എഴുതി തൊണ്ട പൊട്ടിക്കുന്ന വലിയ എഴുത്തുകാരെ വരെ തട്ടിമാറ്റി, അവരുടെ കാലിൽ ചവിട്ടി നിന്ന് വരെ നിങ്ങൾക്കൊപ്പം സെൽഫി എടുക്കാൻ ആവേശം കാണിക്കുന്ന ജനങ്ങളാണവർ.
'നിങ്ങൾ മാറണ്ട , ഞങ്ങൾ നിങ്ങളെ മറികടന്നു പൊയ്കൊള്ളാം' എന്ന് കേശവദേവ് വള്ളത്തോളിനോട് പറഞ്ഞ വാചകത്തെ ഓർമ്മിപ്പിക്കുന്ന പുതു തലമുറയോട് ആദരവ് ഏറെയുണ്ട്. രാഷ്ട്രീയഗൗരവമറിയാത്ത രക്ഷിതാക്കൾ മക്കളുടെ ചിന്തകളെ സ്വാധീനിക്കാതിരുന്നാൽ അത് വളരെ ഗുണപരമായ മാറ്റങ്ങൾക്ക് വഴിതുറക്കും. അത്രയും നല്ലത്. അക്ഷരം നക്ഷത്ര ലക്ഷമായാൽ.. അഛനേക്കാളും മിടുക്കരായാൽ..നാളത്തെ നാടിൻ്റെ നാവു നീയേ…
إرسال تعليق