Join News @ Iritty Whats App Group

യുഡിഎഫ് സർക്കാർ ഭരണത്തിലേറി രണ്ട് മാസം; മന്ത്രിമാർക്ക് പേഴ്സണൽ സ്റ്റാഫായില്ല, നിയമനങ്ങൾ അനിശ്ചിതത്വത്തിൽ

യുഡിഎഫ് സർക്കാർ ഭരണത്തിലേറി രണ്ട് മാസം; മന്ത്രിമാർക്ക് പേഴ്സണൽ സ്റ്റാഫായില്ല, നിയമനങ്ങൾ അനിശ്ചിതത്വത്തിൽ


തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ ഭരണത്തിലെത്തി രണ്ട് മാസമായിട്ടും മന്ത്രിമാര്‍ക്ക് പേഴ്സണൽ സ്റ്റാഫായില്ല. പ്രധാന നേതാക്കള്‍ തമ്മിലുള്ള തര്‍ക്കത്തിലുടക്കി മന്ത്രി ബിന്ദു കൃഷ്ണയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തേയ്ക്ക് നിര്‍ദ്ദേശിച്ച ഉദ്യോഗസ്ഥന്‍റെ നിയമന ഉത്തരവ് ഇതുവരെയുമായില്ല. പല മന്ത്രിമാരുടെയും ഓഫീസുകളിൽ വിവിധ തസ്തികകളിൽ ജോലി തുടങ്ങിയ പലര്‍ക്കും ഇതുവരെ നിയമന ഉത്തരവ് ആയിട്ടുമില്ല.

അധികാരമേറ്റ് ദിവസങ്ങള്‍ക്കുള്ളിൽ മന്ത്രി ബിന്ദു കൃഷ്ണയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തേയ്ക്ക് പേര് നിര്‍ദ്ദേശിച്ചു. സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥനും തിരുവനന്തപുരം ജില്ലാക്കാരനുമായ ശരത് ചന്ദ്രൻ. കെസി വേണുഗോപാൽ എംഎൽഎ ആയിരുന്നപ്പോള്‍ പിഎയും ടൂറിസം മന്ത്രിയായപ്പോള്‍ പേഴ്സണൽ സ്റ്റാഫിലും ഉണ്ടായിരുന്നയാള്‍ ആയിരുന്നു ശരത് ചന്ദ്രൻ. പക്ഷേ ബിജെപി അനുഭാവിയെന്ന ആരോപണം കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം ഉയര്‍ത്തി. പാര്‍ട്ടി പരിശോധനയിൽ തെറ്റെന്ന് തെളിഞ്ഞു. സെക്രട്ടേറിയറ്റിൽ കോണ്‍ഗ്രസ് അനുകൂല സംഘടന പിളര്‍പ്പോള്‍ കെസി പക്ഷതിന് നേതൃത്വം കൊടുത്ത് ഉറച്ചു നിന്നയാളാണ് ശരത് ചന്ദ്രൻ. ശരത്തിനെ പ്രൈവറ്റ് സെക്രട്ടറിയാക്കണമെന്ന അഭിപ്രായം കെസിക്കും ഉണ്ടെന്നാണ് വിവരം. നിയമനം വൈകരുതെന്ന് മന്ത്രിയും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. എന്നാൽ മുഖ്യമന്ത്രി ഇതുവരെ ഒപ്പിട്ടിട്ടില്ല.

തൊഴിൽ മന്ത്രിയുടെ ഉള്‍പ്പടെ ചില മന്ത്രിമാരുടെ ഓഫീസുകളിൽ തസ്തികകളിൽ ആളെത്തിയെങ്കിലും എല്ലാവര്‍ക്കും നിയമന ഉത്തരവായിട്ടില്ല. മന്ത്രി ഒ ജെ ജനീഷിന്‍റെ ഓഫീസിൽ നാല് പേര്‍ക്കാണ് നിയമന ഉത്തരാവയത്. ബാക്കി 21 തസ്തികയിലേയ്ക്കും ആളായെന്നും ഉത്തരവ് ഉടനിറങ്ങുമെന്നും മന്ത്രിയുടെ ഓഫീസ് പറയുന്നു. എക്സൈസ് മന്ത്രി എം ലിജുവിനും ഇതുവരെ പ്രൈവറ്റ് സെക്രട്ടറി ആയിട്ടില്ല. എക്സൈസും സഹകരണവും ഒന്നിച്ച് നോക്കാൻ കഴിയുന്ന മികച്ച ഉദ്യോഗസ്ഥനെ തേടിയുള്ള മന്ത്രിയുടെ അന്വേഷണം നീളുകയാണ്. രാഷ്ട്രീയക്കാരെ പ്രൈവറ്റ് സെക്രട്ടറിയേക്കേണ്ടെന്നാണ് തീരുമാനം. യുഡിഎഫുകാരല്ലാത്തവരെ പ്ലീഡര്‍മാരായി ഉള്‍പ്പടെ നിയമിച്ചെന്നതിന ചൊല്ലി എതിര്‍പ്പ് കനക്കുന്നതിനിടെയാണ് മന്ത്രിമാരുടെ ഓഫീസുകളിൽ താക്കോൽ സ്ഥാനത്ത് ആളെ വയ്ക്കുന്നതിലെ തര്‍ക്കം. പക്ഷേ ഇതടക്കം സര്‍ക്കാര്‍ കാര്യമൊന്നും ആലോചിക്കാൻ കോണ്‍ഗ്രസിൽ സംവിധാനമൊന്നുമില്ല. പാര്‍ട്ടി സര്‍ക്കാര്‍ ഏകോപന സമിതി ആയില്ല. പുതിയ അധ്യക്ഷനായി കസേര ഒഴിയാൻ കാത്തുനിൽക്കുന്ന സണ്ണി ജോസഫ് തര്‍ക്ക വിഷയങ്ങളിലൊന്നും ഇടപെടുന്നില്ല. പകരം അധ്യക്ഷന്‍റെ കാര്യം പ്രൈവറ്റ് സെക്രട്ടറി നിയമനം പോലെ നീളുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group