Join News @ Iritty Whats App Group

കൊച്ചി അൽ റീം ഹോട്ടലിലെ ഭക്ഷ്യവിഷബാധ: മൂന്നുപേർക്ക് ഷിഗെല്ല, വില്ലൻ മയോണൈസ് ആകാമെന്ന് ആരോഗ്യ വകുപ്പ്

കൊച്ചി അൽ റീം ഹോട്ടലിലെ ഭക്ഷ്യവിഷബാധ: മൂന്നുപേർക്ക് ഷിഗെല്ല, വില്ലൻ മയോണൈസ് ആകാമെന്ന് ആരോഗ്യ വകുപ്പ്


കൊച്ചി: കലൂർ കത്രിക്കടവിലെ അൽ റീം ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചതിനെ തുടർന്ന് ആശുപത്രിയിലായ മൂന്നുപേർക്ക് ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. 15 പേരാണ് ചികിത്സയിലുള്ളത്. കുഴിമന്തിക്കൊപ്പം വിതരണം ചെയ്ത മയോണൈസ് ആകാം ഭക്ഷ്യവിഷബാധയ്ക്ക് കാരണമെന്നാണ് ആരോഗ്യ വകുപ്പ് സംശയിക്കുന്നത്. മയോണൈസില്ലാതെ മന്തി കഴിച്ചവർക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിട്ടില്ല.

കഴിഞ്ഞ ബുധനാഴ്ച മുതൽ കത്രിക്കടവിലെ അൽ റീം ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ച അൻപതോളം പേർക്കാണ് ആരോഗ്യപ്രശ്നങ്ങൾ നേരിട്ടത്. തുടർന്ന് കടവന്ത്രയിലെ ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിലടക്കം ചികിത്സ തേടുകയായിരുന്നു. ആശുപത്രിയിൽ ചികിത്സയിലുള്ള മൂന്നുപേരുടെ സാംപിളുകൾ ശേഖരിച്ചു നടത്തിയ പരിശോധനയിലാണ് ഷിഗെല്ല പോസിറ്റീവായത്. വൃത്തിഹീനമായി ഭക്ഷണം വിതരണം ചെയ്തതിൽ ഭക്ഷ്യസുരക്ഷാ വിഭാഗം ഹോട്ടൽ അടച്ചുപൂട്ടിയിരുന്നു. ഭക്ഷ്യസുരക്ഷാ വകുപ്പ് ഹോട്ടലിന്റെ ലൈസൻസും സസ്പെൻഡ് ചെയ്തിട്ടുണ്ട്.

അതേസമയം ഷിഗെല്ല രോഗത്തിന് കാരണം മയോണൈസ് അല്ലെന്നും കുടിവെള്ളമാണെന്നും വ്യാപാരി വ്യവസായി സമിതി പ്രതിനിധി പറഞ്ഞു. ഈ ഭാഗത്തെ ഹോട്ടലുകളിൽ വാട്ടർ അതോറിറ്റിയുടെ വെള്ളമാണ് ഉപയോഗിക്കുന്നത്. മഴക്കാലത്ത് വെള്ളത്തിന് നിറവ്യത്യാസം ഉണ്ടാകാറുണ്ട്. ഈ സമയം ഈ വെള്ളം ഉപയോഗിക്കാതെ ടാങ്കറിൽ എത്തിക്കുന്ന വെള്ളമാണ് കുടിവെള്ളത്തിനായി എടുക്കുന്നത്. സംഭവം നടന്ന ദിവസം ടാങ്കർ വെള്ളമാണ് ഉപയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചിയിൽ കുഴിമന്തിക്ക് പേരുകേട്ട ഹോട്ടൽ ശൃംഖലയാണ് അൽ റീം. നഗരത്തിൽതന്നെ ഒന്നിലധികം സ്ഥലങ്ങളിൽ അൽ റീം ഹോട്ടലുകൾ പ്രവർത്തിക്കുന്നുണ്ട്.

Post a Comment

أحدث أقدم
Join Our Whats App Group