വാട്‍സ്‌ആപ്പ് ടിക്കറ്റും സ്ക്രീൻഷോട്ടുമായി ഇനി ട്രെയിനില്‍ കയറേണ്ട! കര്‍ശന മുന്നറിയിപ്പുമായി റെയില്‍വേ
ട്രെയിൻ യാത്രകള്‍ക്കായി വാട്‍സാപ്പില്‍ ലഭിച്ച ടിക്കറ്റ് ചിത്രമോ സ്ക്രീൻഷോട്ടോ മാത്രം കൈവശമുള്ളവർ ഇനിമുതല്‍ ശ്രദ്ധിക്കണം.
വാട്‍സാപ്പിലൂടെ ഫോർവേഡ് ചെയ്ത ടിക്കറ്റുകളുടെയോ സ്ക്രീൻഷോട്ടുകളുടെയോ അടിസ്ഥാനത്തില്‍ ഇനിമുതല്‍ യാത്ര അനുവദിക്കില്ലെന്ന് ഇന്ത്യൻ റെയില്‍വേ വ്യക്തമാക്കി. ടിക്കറ്റ് പരിശോധനയ്ക്കിടെ ഇത്തരം ചിത്രങ്ങള്‍ സാധുവായ യാത്രാരേഖയായി അംഗീകരിക്കില്ലെന്നാണ് റെയില്‍വേയുടെ മുന്നറിയിപ്പ്. ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്ത ശേഷം പലരും സ്ക്രീൻഷോട്ട് എടുത്ത് സൂക്ഷിക്കുകയോ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുകള്‍ക്കും വാട്സ്‌ആപ്പിലൂടെ അയയ്ക്കുകയോ ചെയ്യുന്ന സാഹചര്യത്തിലാണ് റെയില്‍വേയുടെ ഈ വിശദീകരണം.
റെയില്‍വേ വ്യക്തമാക്കുന്നത് എന്ത്?
ടിക്കറ്റ് പരിശോധന നടത്തുന്ന ടിടിഇമാർ വാട്‍സാപ്പില്‍ ലഭിച്ച ടിക്കറ്റ് ചിത്രങ്ങളോ സ്ക്രീൻഷോട്ടുകളോ ഫോട്ടോകളോ അംഗീകരിക്കില്ല. യാത്രക്കാർ അംഗീകൃത റെയില്‍വേ ബുക്കിങ് പ്ലാറ്റ്ഫോമിലൂടെ ലഭിച്ച യഥാർഥ ഇ-ടിക്കറ്റോ റെയില്‍വേ കൗണ്ടറില്‍ നിന്ന് വാങ്ങിയ അച്ചടിച്ച ടിക്കറ്റോ ഹാജരാക്കണം. വാട്‍സാപ്പില്‍ ലഭിച്ച ടിക്കറ്റിന്റെ ചിത്രം കാണിക്കുന്നത് മാത്രം സാധുവായ യാത്രാരേഖയായി കണക്കാക്കില്ലെന്നും റെയില്‍വേ വ്യക്തമാക്കി.
എന്തുകൊണ്ടാണ് സ്ക്രീൻഷോട്ടുകള്‍ അംഗീകരിക്കാത്തത്?
റെയില്‍വേയുടെ വിശദീകരണമനുസരിച്ച്, സ്ക്രീൻഷോട്ടുകളോ ഫോർവേഡ് ചെയ്ത ചിത്രങ്ങളോ എളുപ്പത്തില്‍ തിരുത്താനും വ്യാജമായി നിർമ്മിക്കാനും കഴിയും. ഒരേ ചിത്രം പലർക്കും കൈമാറി ദുരുപയോഗം ചെയ്യാനും സാധ്യതയുണ്ട്. കൂടാതെ, അവയുടെ ആധികാരികത തല്‍സമയം പരിശോധിക്കുന്നതും ബുദ്ധിമുട്ടാണ്. ഇത്തരം തട്ടിപ്പുകള്‍ തടയാനാണ് ടിക്കറ്റ് പരിശോധനക്കാർ യഥാർഥ ബുക്കിങ് രേഖകളുമായി വിവരങ്ങള്‍ പരിശോധിക്കുന്നത്.
ടിക്കറ്റ് പരിശോധനയ്ക്കിടെ കൈവശം വയ്ക്കേണ്ട രേഖകള്‍ എന്തൊക്കെ?
ഇ-ടിക്കറ്റ് ഉപയോഗിച്ച് യാത്ര ചെയ്യുന്നവർ താഴെ പറയുന്ന രേഖകളില്‍ ഏതെങ്കിലും ഒന്ന് നിർബന്ധമായും കൈവശം വയ്ക്കണം.
ഐആർസിടിസി റെയില്‍ കണക്‌ട് ആപ്പിലുള്ള യഥാർഥ ഇ-ടിക്കറ്റ്.
ബുക്കിങ് സമയത്ത് ലഭിച്ച എസ്‌എംഎസ് സ്ഥിരീകരണം.
അംഗീകൃത ബുക്കിങ് ആപ്പോ വെബ്സൈറ്റിലോ ലഭ്യമായ യഥാർഥ ടിക്കറ്റ്.
ആവശ്യമെങ്കില്‍ ഇ-ടിക്കറ്റിന്റെ പ്രിന്റ് എടുത്ത പകർപ്പ്.
ടിക്കറ്റിലെ വിവരങ്ങളുമായി പൊരുത്തപ്പെടുന്ന സർക്കാർ അംഗീകൃത ഫോട്ടോ തിരിച്ചറിയല്‍ രേഖ.
ടിക്കറ്റിലെ പേരും തിരിച്ചറിയല്‍ രേഖയിലെ പേരും ഒരുപോലെയായിരിക്കണമെന്നും റെയില്‍വേ നിർദേശിക്കുന്നു.
സ്ക്രീൻഷോട്ട് മാത്രം ഉണ്ടെങ്കില്‍ എന്ത് സംഭവിക്കും? യാത്രക്കാരന്റെ കൈവശം വാട്സ്‌ആപ്പ് സ്ക്രീൻഷോട്ടോ ഫോർവേഡ് ചെയ്ത ചിത്രമോ മാത്രമാണെങ്കില്‍, സാധുവായ ടിക്കറ്റില്ലാത്ത യാത്രക്കാരനായി ടി.ടി.ഇ കണക്കാക്കാൻ സാധ്യതയുണ്ട്. അത്തരം സാഹചര്യങ്ങളില്‍ യാത്രക്കാരന് പുതിയ ടിക്കറ്റ് വാങ്ങേണ്ടി വരുകയോ പിഴ അടയ്‌ക്കേണ്ടി വരുകയോ റെയില്‍വേ നിയമപ്രകാരമുള്ള മറ്റ് നടപടികള്‍ നേരിടേണ്ടി വരുകയോ ചെയ്യാം.
വാട്‍സാപ്പില്‍ ടിക്കറ്റ് പങ്കുവെക്കാമോ?
അതേസമയം ടിക്കറ്റിന്റെ വിവരങ്ങള്‍ കുടുംബാംഗങ്ങള്‍ക്കോ സുഹൃത്തുകള്‍ക്കോ സൗകര്യാർത്ഥം വാട്‍സാപ്പിലൂടെ അയയ്ക്കുന്നതിന് വിലക്കില്ല. എന്നാല്‍ ആ ചിത്രം മാത്രം യാത്രയ്ക്ക് മതിയായ രേഖയല്ല. യാത്ര ചെയ്യുന്ന വ്യക്തിയുടെ കൈവശം യഥാർഥ ഇ-ടിക്കറ്റോ ബുക്കിങ് സ്ഥിരീകരണമോ നിർബന്ധമായും ഉണ്ടായിരിക്കണം.
യാത്രയ്ക്ക് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
യാത്രയ്ക്കിടെ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാൻ മൊബൈലില്‍ യഥാർഥ ഇ-ടിക്കറ്റ് സൂക്ഷിക്കുക, ബുക്കിങ് എസ്‌എംഎസ് സേവ് ചെയ്യുക, സർക്കാർ അംഗീകൃത ഫോട്ടോ തിരിച്ചറിയല്‍ രേഖ കൈവശം വയ്ക്കുക, മൊബൈല്‍ ഫോണില്‍ ആവശ്യത്തിന് ചാർജ് ഉറപ്പാക്കുക, സ്ക്രീൻഷോട്ടുകളെയോ വാട്‍സാപ്പ് ചിത്രങ്ങളെയോ മാത്രം ആശ്രയിക്കാതിരിക്കുക എന്നീ നിർദേശങ്ങളാണ് ഇന്ത്യൻ റെയില്‍വേ നല്‍കിയിരിക്കുന്നത്. ഓണ്‍ലൈൻ ടിക്കറ്റ് ബുക്കിങ് വ്യാപകമായ സാഹചര്യത്തില്‍ ഈ നിർദേശം എല്ലാ യാത്രക്കാരും ശ്രദ്ധിക്കേണ്ടതാണ്. യഥാർഥ ടിക്കറ്റ് കൈവശമുണ്ടെങ്കില്‍ മാത്രമേ പരിശോധനയ്ക്കിടെ അനാവശ്യമായ പിഴയോ മറ്റ് ബുദ്ധിമുട്ടുകളോ ഒഴിവാക്കാൻ കഴിയൂ.
Post a Comment