കൂടാളി കുംഭത്ത് കാര്‍ മരത്തിലിടിച്ച് തകര്‍ന്നു; നാല് പേര്‍ക്ക് ദാരുണാന്ത്യം
നിയന്ത്രണം വിട്ട കാർ റോഡരികിലെ മരത്തിലേക്ക് ഇടിച്ചുകയറി നാല് യുവാക്കള്‍ മരണപ്പെട്ടു. കണ്ണൂർ ചാലോടിന് സമീപം ഇന്നലെ അർദ്ധരാത്രിയോടെയാണ് നാടിനെ നടുക്കിയ ഈ ദുരന്തം സംഭവിച്ചത്.
യുപി സ്വദേശികളായ പരം ഛേത്രി, ഹർഷ് എന്നിവരും മലയാളി യുവാക്കളായ റിസ്‌വാൻ, ഷാൻ എന്നിവരുമാണ് അപകടത്തില്‍ ജീവൻ വെടിഞ്ഞത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മറ്റൊരു യാത്രക്കാരനെ കണ്ണൂരിലെ സ്വകാര്യ മിഷൻ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇയാള്‍ നിലവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലാണ്. ശക്തമായ ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്ന് മരത്തിനുള്ളിലേക്ക് ചുരുണ്ടുപോയ നിലയിലായിരുന്നു. നാട്ടുകാരും പോലീസും പ്രാഥമിക രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും തകർന്ന ഭാഗങ്ങള്‍ക്കിടയില്‍ യാത്രക്കാർ കുടുങ്ങിക്കിടന്നത് പ്രതിസന്ധി സൃഷ്ടിച്ചു. തുടർന്ന് മട്ടന്നൂരില്‍ നിന്നും ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി ഹൈഡ്രോളിക് കട്ടറുകള്‍ ഉപയോഗിച്ച് കാർ വെട്ടിപ്പൊളിച്ചാണ് ഉള്ളിലുണ്ടായിരുന്നവരെ പുറത്തെടുത്തത്.
അപകടസമയം പ്രദേശത്ത് നേരിയ മഴയുണ്ടായിരുന്നതായും നിയന്ത്രണം വിട്ട വാഹനം റോഡരികിലെ വൻമരത്തിലേക്ക് നേരിട്ട് ഇടിക്കുകയായിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു. മൃതദേഹങ്ങള്‍ നിലവില്‍ കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇൻക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സംഭവത്തില്‍ എടക്കാട് പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
إرسال تعليق