Join News @ Iritty Whats App Group

'ബസ് സ്റ്റോപ്പില്‍ നില്‍ക്കുകയായിരുന്നു; ഉരുള്‍പൊട്ടി വരുന്നത് കണ്ട് ഓടി... ; ഓടുന്നതിനിടെ താഴെ വീണു; പിന്നെ നോക്കുമ്പോള്‍ ലോറിയുടെ അടിയിലായിരുന്നു; ദൈവഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്'; കണ്‍മുന്നില്‍ കണ്ട ദുരന്തത്തിന്റെ നടുക്കം മാറാതെ കൂടമ്മാളും ഭര്‍ത്താവ് ബാലകുമാറും

'ബസ് സ്റ്റോപ്പില്‍ നില്‍ക്കുകയായിരുന്നു; ഉരുള്‍പൊട്ടി വരുന്നത് കണ്ട് ഓടി... ; ഓടുന്നതിനിടെ താഴെ വീണു; പിന്നെ നോക്കുമ്പോള്‍ ലോറിയുടെ അടിയിലായിരുന്നു; ദൈവഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്'; കണ്‍മുന്നില്‍ കണ്ട ദുരന്തത്തിന്റെ നടുക്കം മാറാതെ കൂടമ്മാളും ഭര്‍ത്താവ് ബാലകുമാറും


ല്‍പറ്റ: വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിര്‍മ്മാണ സ്ഥലത്തുണ്ടായ വന്‍ മണ്ണിടിച്ചിലില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് എസ്റ്റേറ്റ് തൊഴിലാളികളായ കൂടമ്മാളും ഭര്‍ത്താവ് ബാലകുമാറും.

ബാങ്കില്‍ പോകാനും കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാനുമായി മേപ്പാടിയിലേക്ക് പോകാന്‍ മീനാക്ഷിപ്പാലത്തിന് സമീപത്തെ ബസ് സ്റ്റോപ്പില്‍ ബസ് കാത്തുനില്‍ക്കുകയായിരുന്നു ഇരുവരും. പെട്ടെന്നാണ് മുകളില്‍ നിന്ന് മണ്ണും ചെളിയും കുത്തിയൊഴുകി വരുന്നത് ഇവരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉരുള്‍പൊട്ടി വരുന്നത് കണ്ടയുടനെ ഇരുവരും ജീവനുംകൊണ്ട് ഓടുകയായിരുന്നു.

ഓടുന്നതിനിടയില്‍ താഴെ വീണ കൂടമ്മാള്‍ പിന്നീട് കണ്ണുതുറക്കുമ്പോള്‍ ഒരു ലോറിയുടെ അടിയിലായിരുന്നു. തലനാരിഴയ്ക്കാണ് തങ്ങള്‍ രക്ഷപ്പെട്ടതെന്നും ദൈവഭാഗ്യം ഒന്നുകൊണ്ട് മാത്രമാണ് ജീവന്‍ തിരിച്ചുകിട്ടിയതെന്നും ഈ ദമ്പതികള്‍ സാക്ഷ്യപ്പെടുത്തുന്നു. അപകടം നടക്കുന്ന സമയത്ത് ബസ് സ്റ്റോപ്പില്‍ മറ്റാരുമുണ്ടായിരുന്നില്ലെന്നും എന്നാല്‍ തുരങ്ക നിര്‍മ്മാണ തൊഴിലാളികള്‍ അവിടെയുണ്ടായിരുന്നുവെന്നും ഇവര്‍ പറഞ്ഞു. തങ്ങളുടെ വീടിനടുത്ത് വലിയ തോതില്‍ മണ്ണ് കൂട്ടിയിട്ടിരിക്കുന്നത് വലിയ പേടിയുണ്ടാക്കുന്നുണ്ടെന്നും ഈ വിഷയം നേരത്തെ തന്നെ അധികൃതരെ അറിയിച്ചിരുന്നതായും ദമ്പതികള്‍ വെളിപ്പെടുത്തി.

'ഉരുള്‍പൊട്ടി വരുന്നത് കണ്ട് ഓടി. ബസ് സ്റ്റോപ്പില്‍ നില്‍ക്കുകയായിരുന്നു. പണിയെടുക്കുന്ന കുറേ ആളുകള്‍ ഉണ്ടായിരുന്നു. ഞങ്ങള്‍ എസ്റ്റേറ്റില്‍ പണിയെടുക്കുന്നവരാണ്. അവിടെയുണ്ടായിരുന്നവര്‍ തുരങ്കനിര്‍മാണത്തൊഴിലാളികളാണ്. മേപ്പാടിക്ക് പോകാന്‍ വന്നതാണ്. ഞങ്ങള്‍ മുകളിലേക്ക് നോക്കിയിരിക്കുകയായിരുന്നു. മണ്ണ് വരുന്നതുകണ്ടപ്പോഴേ ഞങ്ങള്‍ ഓടി. ദൈവഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. ഇന്നലെയും ഇന്നും ലീവായിരുന്നു. ബാങ്കില്‍ പോകാനും കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാനും ഇറങ്ങിയതാണ്. ഞങ്ങളുടെ വീടിനടുത്ത് മണ്ണ് കൂട്ടി ഇട്ടിട്ടുണ്ട്. പേടി ഉണ്ടായിരുന്നു. ആ മണ്ണ് ഇപ്പോഴും കൂട്ടിയിട്ടിരിക്കുകയാണ്. അധികൃതരെ അറിയിച്ചിരുന്നു.' എന്നായിരുന്നു ഇരുവരും പറഞ്ഞത്.

ദുരന്തത്തിന്റെ നടുക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. മണ്ണും ചെളിയും വന്‍തോതില്‍ കുത്തിയൊഴുകി വരുന്നതും, ഇതിനിടയില്‍ കൂടമ്മാളും ബാലകുമാറും ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. കുന്നിടിഞ്ഞ് ടാങ്കര്‍ ലോറിയുള്‍പ്പെടെയുള്ള വാഹനങ്ങള്‍ മണ്ണിനൊപ്പം കുതിച്ചെത്തുന്നതും ആളുകള്‍ മണ്ണിനടിയില്‍പ്പെടുന്നതുമായ ഭീകരമായ ദൃശ്യങ്ങളാണ് പുറത്തുവന്നത്. മണ്ണിടിച്ചിലിന്റെ ശബ്ദം കേട്ട് നോക്കാനിറങ്ങിയ ആളുകള്‍ പിന്നീട് പ്രാണരക്ഷാര്‍ത്ഥം തിരിഞ്ഞോടുകയായിരുന്നു. പാലത്തിലുണ്ടായിരുന്ന ഒരു ടാങ്കര്‍ ലോറി പിന്നോട്ടെടുക്കാന്‍ ശ്രമിച്ചെങ്കിലും നിമിഷങ്ങള്‍ക്കകം മണ്ണും ചെളിയും ഇരച്ചെത്തി ലോറിയെ മീറ്ററുകളോളം ഒഴുക്കിക്കൊണ്ടുപോയി. ഈ ടാങ്കര്‍ ലോറിക്കടിയില്‍പ്പെട്ട രണ്ടുപേര്‍ അത്ഭുതകരമായി രക്ഷപ്പെടുന്നതും ദൃശ്യങ്ങളിലുണ്ട്. തൊഴിലാളികളെ കൊണ്ടുവരുന്ന ബസും ഒരു വീടും പൂര്‍ണ്ണമായി തകര്‍ന്നു. തുരങ്ക പാതയ്ക്കായി നിര്‍മിച്ച വലിയ കോണ്‍ക്രീറ്റ് ഭിത്തിയും മണ്ണിടിച്ചിലിന്റെ ആഘാതത്തില്‍ തകര്‍ന്നു വീണിട്ടുണ്ട്.

അതേസമയം, കള്ളാടിയിലുണ്ടായ ഈ ദുരന്തത്തില്‍ നാല് പേര്‍ മരണപ്പെട്ടതായാണ് ഔദ്യോഗിക വിവരം. നിരവധി പേര്‍ ഇപ്പോഴും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. അപകടത്തില്‍പ്പെട്ട ഒമ്പത് പേരെ രക്ഷപ്പെടുത്തി നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഹിര കുമാര്‍ (32), ദിലീപ് (19), സൂരജ് യാദവ് (25), സഞ്ജയ് താക്കൂര്‍ (35), രജനീഷ് (27), തന്മയ് ഘോഷ് (28), കൂപമാല്‍ (ജയ) (37), കുഞ്ചു (39) എന്നിവര്‍ക്ക് പുറമെ പരിക്കേറ്റ മേപ്പാടി എസ്.ഐ സന്തോഷ് കുമാറും ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രദേശത്ത് കനത്ത മഴ തുടരുന്നത് രക്ഷാപ്രവര്‍ത്തനത്തിന് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 265 മില്ലീമീറ്റര്‍ അതിതീവ്ര മഴയാണ് ഇവിടെ രേഖപ്പെടുത്തിയത്. ചൂരല്‍മല പുഴയില്‍ ഒഴുക്ക് ക്രമാതീതമായി വര്‍ദ്ധിച്ചിട്ടുണ്ട്. ദുരന്തബാധിതരെ മാറ്റുന്നതിനായി കള്ളാടി ചുളിക്ക ഗവ. എല്‍.പി സ്‌കൂളില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നിട്ടുണ്ട്. വയനാട്, കോഴിക്കോട് ജില്ലകളില്‍ നിലവില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

നിര്‍മ്മാണ സ്ഥലത്ത് അശാസ്ത്രീയമായി മണ്ണ് കൂട്ടിയിട്ടതാണ് ഈ വലിയ ദുരന്തത്തിന് കാരണമായതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശനും മന്ത്രി ടി. സിദ്ധിഖും വ്യക്തമാക്കി. ഇത് പ്രകൃതിദുരന്തമല്ല, പൂര്‍ണ്ണമായും ഒരു മനുഷ്യനിര്‍മ്മിത ദുരന്തമാണെന്ന് മന്ത്രി ടി. സിദ്ധിഖ് കുറ്റപ്പെടുത്തി. നിര്‍മ്മാണ മേഖലയിലെ മണ്ണ് അടിയന്തിരമായി നീക്കം ചെയ്യണമെന്ന് കരാര്‍ കമ്പനിക്ക് നേരത്തെ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നതാണ്. എന്നാല്‍ കരാറുകാര്‍ ഈ നിര്‍ദ്ദേശം പൂര്‍ണ്ണമായും അവഗണിക്കുകയായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കാത്ത നിര്‍മ്മാണ കമ്പനിക്കെതിരെ സര്‍ക്കാര്‍ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. ഫയര്‍ഫോഴ്‌സും എന്‍.ഡി.ആര്‍.എഫ് സംഘങ്ങളും പ്രാദേശിക കൂട്ടായ്മകളും ചേര്‍ന്ന് സംഭവസ്ഥലത്ത് തെരച്ചില്‍ തുടരുകയാണ്.

Post a Comment

Previous Post Next Post
Join Our Whats App Group