വലിയ ശബ്ധത്തോടെ പാഞ്ഞടുക്കുന്ന ചെളിയും വെള്ളവും, അലറിവിളിച്ച് ജീവനും കൊണ്ടോടി; മണ്ണിൽ കുടുങ്ങിയ ഭാര്യ വലിച്ചെടുക്കുന്ന ഭർത്താവ്; നടുക്കുന്ന ദൃശ്യങ്ങൾ
കൽപ്പറ്റ: കള്ളാടി തുരങ്കപാതയുടെ നിർമാണമേഖലയിലുണ്ടായ അതിശക്തമായ മണ്ണിടിച്ചിലിന്റെ ഞെട്ടിക്കുന്ന ദൃശൃങ്ങൾ പുറത്ത്. മീനാക്ഷി പാലത്തിന് സമീപമുണ്ടായ ഈ ദുരന്തത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്ന നടുക്കുന്ന ദൃശ്യങ്ങളാണ് സമീപത്തെ സിസിടിവി കാമറകളിൽ പതിഞ്ഞിരിക്കുന്നത്.
കുന്നിടിഞ്ഞ് മണ്ണും ചെളിയും വൻതോതിൽ കുത്തിയൊഴുകി വരുന്നതും പാതയിലുണ്ടായിരുന്ന ടാങ്കർ ലോറിയടക്കം ഇതിനൊപ്പം ഒലിച്ചുപോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇതിനിടെ ടാങ്കർ ലോറിക്കടിയിൽ രണ്ടുപേർ പെട്ടെങ്കിലും അത്ഭുതകരമായി അവർ രക്ഷപ്പെട്ടു.
മണ്ണിടിച്ചിലിന്റെ വലിയ ശബ്ദം കേട്ട് സമീപത്തുണ്ടായിരുന്ന ആളുകൾ ഓടിക്കൂടുന്നതും തൊട്ടുപിന്നാലെ മലവെള്ളപ്പാച്ചിൽ കണ്ട് പ്രാണരക്ഷാർഥം തിരിഞ്ഞോടുന്നതും ദൃശ്യങ്ങളിലുണ്ട്. പാലത്തിലുണ്ടായിരുന്ന ചിലരുടെ ശരീരത്തിലേക്ക് മണ്ണും അവശിഷ്ടങ്ങളും വന്ന് വീഴുന്നുണ്ടെങ്കിലും അഞ്ച് പേർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
ഈ സമയം പാലത്തിലുണ്ടായിരുന്ന ഒരു ടാങ്കർ ലോറി പിന്നോട്ടെടുത്ത് മാറ്റാൻ ഡ്രൈവർ പരമാവധി ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാൽ അതിന് സാധിക്കും മുൻപ് തന്നെ നിമിഷങ്ങൾക്കകം മണ്ണും ചളിയും ഇരച്ചെത്തുകയായിരുന്നു. കുത്തൊഴുക്കിൽ പെട്ടുപോയ ടാങ്കർ ലോറി പാലത്തിൽ നിന്ന് മീറ്ററുകളോളമാണ് ഒഴുകിപ്പോയത്.
മണ്ണിൽ നിരവധി വാഹനങ്ങൾ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. തൊഴിലാളികളെ കൊണ്ടുവരുന്ന ബസ് മണ്ണിടിഞ്ഞു വീണ് പൂർണമായും തകരുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇതിനുപുറമേ പ്രദേശത്തെ ഒരു വീട് പൂർണമായും മണ്ണിനടിയിലാണ്.
നിലവിൽ അപകടസ്ഥലത്ത് സൈന്യവും സന്നദ്ധപ്രവർത്തകരും അതീവ ജാഗ്രതയോടെ രക്ഷാപ്രവർത്തനം തുടരുകയാണ്. എന്നാല്‍ പ്രതികൂല കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്
Post a Comment