Join News @ Iritty Whats App Group

അയ്യന്‍കുന്നിൽ ആരോഗ്യവകുപ്പ്‌ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി

അയ്യന്‍കുന്നിൽ ആരോഗ്യവകുപ്പ്‌ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി


ലയോര പഞ്ചായത്തായ അയ്യന്‍കുന്നില്‍ ഡെങ്കിപ്പനിക്കും മഞ്ഞപ്പിത്തത്തിനും പിന്നാലെ മലേറിയയും കണ്ടെത്തിയതോടെ ആരോഗ്യവകുപ്പ്‌ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്‌തമാക്കി.

രോഗലക്ഷണങ്ങളോടെ കണ്ടെത്തിയ ഇതരസംസ്‌ഥാന തൊഴിലാളിക്ക്‌ ചികിത്സ നല്‍കി സ്വദേശത്തേക്ക്‌ മടക്കിയതായും, പ്രദേശത്ത്‌ മലേറിയ വ്യാപനസാധ്യത പരിശോധിക്കുന്നതിനായി പ്രത്യേക നിരീക്ഷണവും കൊതുക്‌ സാന്ദ്രതാ പരിശോധനയും ആരംഭിച്ചതായും അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ രണ്ടാഴ്‌ചയ്‌ക്കിടെ സമീപത്തെ ആറളം പഞ്ചായത്തില്‍ ആറ്‌ ഡെങ്കിപ്പനിയും മൂന്ന്‌ മഞ്ഞപ്പിത്ത കേസുകളും റിപ്പോര്‍ട്ട്‌ ചെയ്‌തു. അയ്യന്‍കുന്ന്‌ പഞ്ചായത്തിലെ എടപ്പുഴ പ്രദേശങ്ങളിലും മഞ്ഞപ്പിത്തബാധ സ്‌ഥിരീകരിച്ചതിനെ തുടര്‍ന്ന്‌ ആരോഗ്യസംഘങ്ങള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്‌.

ആറളം പഞ്ചായത്തിലെ അമ്പലക്കണ്ടി, പയോറ, വിര്‍പ്പാട്‌, വട്ടപ്പറമ്പ്‌ എന്നിവിടങ്ങളില്‍ ഫോഗിങ്‌, കൊതുകുകളുടെ ഉറവിട നശീകരണം, മരുന്ന്‌ തളിക്കല്‍, ബോധവത്‌കരണ ക്ലാസുകള്‍ തുടങ്ങിയ നടപടികള്‍ നടന്നു. മട്ടന്നൂര്‍ ഡി.വി.സി. യൂണിറ്റിന്റെ നേതൃത്വത്തില്‍ അമ്പലക്കണ്ടിയിലും പയോറയിലും ഫോഗിങ്‌ നടത്തി. രോഗബാധ റിപ്പോര്‍ട്ട്‌ ചെയ്‌ത മറ്റ്‌ പ്രദേശങ്ങളിലേക്കും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുമെന്ന്‌ ആരോഗ്യവകുപ്പ്‌ അറിയിച്ചു.
വീടുകളിലും പരിസരങ്ങളിലും കൊതുക്‌ വളരാന്‍ സാധ്യതയുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുക, ഫ്രിഡ്‌ജ് ട്രേയും അലങ്കാരച്ചെടികളിലെ വെള്ളവും ശുചിയാക്കുക, രോഗബാധിതര്‍ കൊതുകുവല ഉപയോഗിക്കുക, കൊതുക്‌ പ്രതിരോധ ലേപനങ്ങള്‍ ഉപയോഗിക്കുക, ശരീരം പൂര്‍ണമായി മൂടുന്ന വസ്‌ത്രങ്ങള്‍ ധരിക്കുക, എല്ലാ ഞായറാഴ്‌ചയും ഉറവിട നശീകരണം നടത്തുക തുടങ്ങിയ നിര്‍ദേശങ്ങളും ആരോഗ്യവകുപ്പ്‌ നല്‍കിയിട്ടുണ്ട്‌.

പരിശോധനയില്‍ കൊതുക്‌ വളരുന്ന സാഹചര്യം കണ്ടെത്തിയാല്‍ പൊതുജനാരോഗ്യ നിയമപ്രകാരം പിഴ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മുന്നറിയിപ്പ്‌ നല്‍കി.മഞ്ഞപ്പിത്തം റിപ്പോര്‍ട്ട്‌ ചെയ്‌ത എടപ്പുഴ, കരിക്കോട്ടക്കരി സമീപപ്രദേശങ്ങളിലെ സ്‌ഥിതിഗതികള്‍ വിലയിരുത്താന്‍ അയ്യന്‍കുന്ന്‌ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ എടപ്പുഴയില്‍ അവലോകന യോഗം ചേര്‍ന്നു. രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നതിന്‌ മുമ്പുതന്നെ രോഗപ്പകര്‍ച്ചയ്‌ക്ക് സാധ്യത കൂടുതലായതിനാല്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന്‌ ആരോഗ്യവകുപ്പ്‌ നിര്‍ദേശിച്ചു.
തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, 

മലവിസര്‍ജനത്തിന്‌ ശേഷവും ഭക്ഷണത്തിന്‌ മുമ്പും കൈകള്‍ സോപ്പുപയോഗിച്ച്‌ കഴുകുക, രോഗബാധിതരുടെ വീടുകളിലേക്കുള്ള സന്ദര്‍ശനം ഒഴിവാക്കുക, കിണറുകള്‍ കൃത്യമായി ക്ലോറിനേറ്റ്‌ ചെയ്യുക, പൊതുവിരുന്നുകള്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശപ്രകാരമാത്രം നടത്തുക, കുട്ടികളുടെ വിസര്‍ജ്യം ശുചിമുറിയില്‍ മാത്രം നിക്ഷേപിക്കുക, രോഗികളും കുടുംബാംഗങ്ങളും മൂന്ന്‌ ആഴ്‌ചയെങ്കിലും പൊതുസമ്പര്‍ക്കം ഒഴിവാക്കുക തുടങ്ങിയ നിര്‍ദേശങ്ങളും നല്‍കി.

Post a Comment

أحدث أقدم
Join Our Whats App Group