Join News @ Iritty Whats App Group

അപകടഭീഷണി ഉയർത്തി ഇരിട്ടി പോലീസ് സ്റ്റേഷന് മുന്നിലെ പിടിച്ചിട്ട വാഹനങ്ങൾ;ഇവിടെനിന്നും മാറ്റണമെന്നാവശ്യപ്പെട്ട് നാട്ടുകാർ

അപകടഭീഷണി ഉയർത്തി ഇരിട്ടി പോലീസ് സ്റ്റേഷന് മുന്നിലെ പിടിച്ചിട്ട വാഹനങ്ങൾ;ഇവിടെനിന്നും മാറ്റണമെന്നാവശ്യപ്പെട്ട് നാട്ടുകാർ


ഇരിട്ടി : വിവിധ കേസുകളുടെ ഭാഗമായി പിടിച്ചെടുത്ത വാഹനങ്ങൾ ഇരിട്ടി പോലീസ് സ്റ്റേഷന് മുന്നിൽ നിർത്തിയിട്ടിരിക്കുന്നത് അപകടഭീഷണി തീർക്കുന്നു. തലശ്ശേരി - മൈസൂർ അന്തർസംസ്ഥാന പാതയോരത്ത് സ്ഥിതിചെയ്യുന്ന ഇരിട്ടി പോലീസ് സ്റ്റേഷന്റെ മുന്നിലായാണ് പാതയോട് ചേർന്ന് ലോറികൾ അടക്കമുള്ള വാഹനങ്ങൾ ഏറെക്കാലമായി പിടിച്ചിട്ടിരിക്കുന്നത്. 

തിരക്കേറിയ ഈ റോഡിലൂടെ രാവെന്നോ പകലെന്നോ ഇല്ലാതെ നിരവധി വാഹനങ്ങളാണ് കടന്നു പോകുന്നത്. ടാറിംഗ് റോഡിനോട് ചേർത്ത് നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളാണ് അപകട ഭീഷണി തീർക്കുന്നത്.  
ഒരുമാസം മുൻപാണ് ഇവിടെ നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിയിൽ മറ്റൊരു മിനി ലോറി ഇടിച്ച് അപകടമുണ്ടായത്. രാത്രികാലങ്ങളിൽ ഈ വാഹനങ്ങൾ ഇതുവഴി കടന്നുപോകുന്ന മറ്റ് വാഹനങ്ങളിലെ ഡ്രൈവർമാർക്ക് വ്യക്തമായി തിരിച്ചറിയാൻ ആവശ്യമായ റിഫ്ലക്ടറുകളോ മുന്നറിയിപ്പ് സംവിധാനങ്ങളോ ഇല്ലാത്തതും അപകടഭീഷണിക്ക് ആക്കം കൂട്ടുന്നു. കാൽനടയാത്രക്കാർക്കും ഈ വാഹനങ്ങൾ ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്. 

വിവിധ കേസുകളിൽ പിടിച്ചെടുക്കുന്ന വാഹനങ്ങൾ സൂക്ഷിക്കുന്നതിനായി ഉളിക്കലിൽ പ്രത്യേക യാർഡ് നിലവിലുണ്ടെന്നിരിക്കെ റോഡരികിൽ വാഹനങ്ങൾ ദീർഘകാലം നിർത്തിയിടുന്നത് ഒഴിവാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. വലിയൊരു അപകടം സംഭവിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട അധികൃതർ അടിയന്തരമായി ഇടപെട്ട് റോഡരികിൽ നിർത്തിയിട്ടിരിക്കുന്ന പിടിച്ചെടുത്ത വാഹനങ്ങൾ സുരക്ഷിതമായി യാർഡിലേക്ക് മാറ്റണമെന്നാണ് പ്രദേശവാസികൾയുടെ ആവശ്യം

Post a Comment

أحدث أقدم
Join Our Whats App Group