എപ്പോ വേണേലും ഇടിയാം ! കണ്ണൂർ ജില്ലയിൽ മണ്ണിടിച്ചിലിന് കൂടുതൽ സാധ്യത ഇരിട്ടിയിലും ചെറുപുഴയിലും
കണ്ണൂർ ∙ ജില്ലയിൽ രണ്ടിടങ്ങളിൽ മണ്ണിടിച്ചിലിന് കൂടുതൽ സാധ്യതയെന്ന് ദുരന്തനിവാരണ അതോറിറ്റി വിലയിരുത്തൽ. ചെറുപുഴ, ഇരിട്ടി എന്നിവിടങ്ങളിലാണു മണ്ണിടിച്ചിലിന് അതീവ സാധ്യതയുള്ള പ്രദേശങ്ങൾ കണ്ടെത്തി റെഡ് സോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അടിയിലൂടെ മണ്ണൊലിച്ചുപോകുന്ന സോയിൽ പൈപ്പിങ് ഇടങ്ങളായി കണിച്ചാർ, പയ്യാവൂർ, കേളകം എന്നിവിടങ്ങൾ കണ്ടെത്തിയിട്ടുണ്ട്.City & Local Guides
വരാനിരിക്കുന്ന മഴനാളുകൾ മുൻകൂട്ടിക്കണ്ട് അതീവ ജാഗ്രതയാണ് ഇവിടെ ദുരന്തനിവാരണ വിഭാഗം സ്വീകരിച്ചിരിക്കുന്നത്. കാലവർഷത്തിലുണ്ടാകുന്ന ദുരന്തങ്ങളെ നേരിടാൻ ജില്ലാതലത്തിൽ കലക്ടർ, ദുരന്തനിവാരണ ഡപ്യൂട്ടി കലക്ടർ എന്നിവരെക്കൂടാതെ സബ് കലക്ടർ, ആർഡിഒ, ഡപ്യൂട്ടി കലക്ടർമാർ, 5 തഹസിൽദാർമാർ, ബിഡിഒ, അഗ്നിരക്ഷാസേന, പൊലീസ് തുടങ്ങിയ വിഭാഗങ്ങളെയും ഉൾക്കൊള്ളിച്ചു ടീം രൂപീകരിച്ചിട്ടുണ്ട്. കൂടാതെ താഴെത്തട്ടിലേക്കു മറ്റു ടീമുകളുമുണ്ട്. ദുരന്തമുണ്ടായാൽ രക്ഷാപ്രവർത്തനത്തിനുള്ള ഉപകരണങ്ങൾ തയാറാക്കിയിട്ടുണ്ട്. ഉപകരണങ്ങൾ ആരുടെ പക്കൽ, എവിടെ തുടങ്ങിയ കാര്യങ്ങൾ മനസ്സിലാക്കിയുള്ള പട്ടികയാണു തയാറാക്കിയിട്ടുള്ളത്.
208 ക്യാംപുകൾക്ക് ഇടം
ജില്ലയിൽ 208 ദുരിതാശ്വാസ ക്യാംപുകൾ ആരംഭിക്കാൻ കഴിയുന്ന രീതിയിൽ സജ്ജീകരണങ്ങൾ ഒരുക്കിക്കഴിഞ്ഞു. ക്യാംപുകൾ ആരംഭിക്കുന്നതിനുള്ള സ്ഥലങ്ങൾ കണ്ടെത്തിയിട്ടുണ്ട്. തദ്ദേശഭരണ സ്ഥാപനങ്ങൾ, റവന്യു എന്നീ വിഭാഗങ്ങൾ ചേർന്നാണു ക്യാംപുകൾ തുടങ്ങാനുള്ള സ്ഥലങ്ങൾ കണ്ടെത്തിയിട്ടുള്ളത്. ക്യാംപ് ആരംഭിക്കുന്നതിനു കണ്ടെത്തിയ സ്ഥലങ്ങളിൽ വൈദ്യുതി, വെള്ളം, ശുചിമുറി എന്നിവ ഉറപ്പാക്കിയിട്ടുണ്ട്. ഇവയിൽ ഏതെങ്കിലും ഇല്ലാത്ത സ്ഥലങ്ങളിൽ അതു സജ്ജീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. എല്ലാ ആഴ്ചയിലും ദുരന്തനിവാരണ വിഭാഗം യോഗം ചേർന്നു സ്ഥിതിഗതികൾ വിലയിരുത്തും.
ദേശീയപാതയിലുണ്ടാകുന്ന വെള്ളക്കെട്ടിനു പരിഹാരം കാണാൻ രണ്ടു ദ്രുതകർമ വിഭാഗങ്ങളെ നിയോഗിച്ചിട്ടുണ്ട്. തലശ്ശേരി, തളിപ്പറമ്പ് ആർഡിഒമാരുടെ നേതൃത്വത്തിലാണു സംഘം പ്രവർത്തിക്കുന്നത്. ദേശീയപാതയിൽ കയറുന്ന വെള്ളം തിരിച്ചുവിടുക, മണ്ണുമാന്തി ഉപയോഗിച്ച് ഡ്രെയ്നേജ് ശുചീകരണം എന്നിവയാണ് സംഘത്തിന്റെ നേതൃത്വത്തിൽ പ്രധാനമായും ചെയ്യുന്നത്. അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റുന്നുമുണ്ട്. സ്വകാര്യ വ്യക്തിയുടെ സ്ഥലത്തു നിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റുന്നതിനു തദ്ദേശസ്ഥാപനം വഴി ഉടമയ്ക്കു കത്തു നൽകും. അനുസരിച്ചില്ലെങ്കിൽ ദുരന്തനിവാരണ വിഭാഗം ഇടപെട്ടു മുറിച്ചുമാറ്റും. സർക്കാരിന്റെ സ്ഥലത്തു നിൽക്കുന്ന മരങ്ങളുടെ കാര്യത്തിൽ അതതു വകുപ്പുകൾക്കു കത്തു നൽകിയാണു മുറിച്ചു മാറ്റുന്നത്.
സുരക്ഷിതം ബീച്ചുകൾ
ജില്ലയിലെ ബീച്ചുകളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പയ്യാമ്പലം ബീച്ചിൽ ഗാർഡുമാരുടെ എണ്ണം നാലാക്കി. നേരത്തെ രണ്ടു പേരാണുണ്ടായിരുന്നത്. കൂടാതെ ഹിന്ദി, മലയാളം, തമിഴ്, കന്നഡ, ഇംഗ്ലിഷ് ഭാഷകളിൽ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചു. രാമന്തളി പാലക്കോട് വലിയകടപ്പുറത്ത് കടലിൽ ഡ്രെഡ്ജിങ് നടത്തിയിട്ടുണ്ട്. ഫൈബർ ബോട്ടുകൾ ഇവിടെ ഏതുവഴിയിലാണു കടലിൽ ഇറക്കേണ്ടതെന്ന ബോധവൽക്കരണം മത്സ്യത്തൊഴിലാളികൾക്കിടയിൽ നടത്തിയിട്ടുണ്ട്. ഏഴിമല നേവൽ അക്കാദമിയിലെ അംഗങ്ങളെ ഉപയോഗിച്ചു വിവിധ ഭാഷകളിലാണു ബോധവൽക്കരണം നടത്തിയിട്ടുള്ളത്. കൂടാതെ കടൽക്കോടതി, ജാഗ്രത സമിതി എന്നിവ വിളിച്ചു ചേർക്കുന്നു.
ഫിഷറീസ് വകുപ്പ്, തീരദേശ പൊലീസ് എന്നിവയുടെ സഹകരണത്തോടെയാണു ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കുന്നത്. മിന്നൽ പതിവായി അപകടം സൃഷ്ടിക്കുന്ന പ്രദേശങ്ങളിൽ ഡിടിപിസി, വനംവകുപ്പ് എന്നിവയുടെ സഹകരണത്തോടെ ബോധവൽക്കരണവും നടത്തിയിട്ടുണ്ട്. വന്യമൃഗശല്യം രൂക്ഷമാകുന്ന ആറളത്ത് ഇടപെടൽ നടത്തുന്നുണ്ട്. ഇവിടെ എല്ലാമാസവും പ്രത്യേക വിലയിരുത്തൽ നടത്തുന്നു. ഈ മാസം 18നു കലക്ടറും സംഘവും ആറളം സന്ദർശിക്കും. ഫാം ഓഫിസിലും വനംവകുപ്പ് ഐബിയിലും വിലയിരുത്തൽ യോഗം ചേരും. എല്ലാമാസവും 15നു ദുരന്ത നിവാരണ സമിതി പ്രവർത്തനങ്ങൾ വിലയിരുത്താൻ യോഗം ചേരുന്നുണ്ട്.
സംഘബലം മഹാബലം
ദുരന്തമുഖത്ത് പോരാളിയെപ്പോലെ രക്ഷാപ്രവർത്തനത്തിലേർപ്പെടാൻ 750 പേരെയാണു പരിശീലിപ്പിച്ചിരിക്കുന്നത്. കൂടാതെ 30 സന്നദ്ധസംഘടനകളും രംഗത്തിറങ്ങും. 18 മുതൽ 40 വയസ്സുവരെയുള്ളവരെ ഉൾപ്പെടുത്തി യുവ ആപ്ത മിത്ര ഗ്രൂപ്പ് രൂപീകരിച്ചിട്ടുണ്ട്. ദുരന്തത്തെ നേരിടുന്നതിനും രക്ഷാപ്രവർത്തനത്തിനും ഒരാഴ്ചത്തെ പരിശീലനം നൽകിയിട്ടുണ്ട്. പാമ്പുകടിയേൽക്കുന്നവരെ രക്ഷപ്പെടുത്തൽ, അഗ്നിരക്ഷാ പ്രവർത്തനം തുടങ്ങിയ കാര്യങ്ങളിലാണു പരിശീലനം നൽകിയത്. 250 പേരാണ് ഇത്തരത്തിൽ പരിശീലനം നേടിയത്. കൂടാതെ സിവിൽ ഡിഫൻസ് വൊളന്റിയർമാരെ അഗ്നിരക്ഷാസേനയും തയാറാക്കി നിർത്തിയിട്ടുണ്ട്. അങ്ങനെ ആകെ 750 രക്ഷാപ്രവർത്തകരെയാണു സജ്ജരാക്കിയിട്ടുള്ളത്. ഇതുകൂടാതെയാണു 30 സന്നദ്ധ സംഘടനകളെ രക്ഷാപ്രവർത്തനത്തിനായി നിയോഗിക്കാൻ തയാറാക്കിയിട്ടുള്ളത്.
മഴ കർണാടകയിൽ; വെള്ളപ്പൊക്കം കൂട്ടുപുഴയിൽ
കർണാടകയിലെ ഉൾവനത്തിൽ പെയ്യുന്ന തീവ്രമഴയിലെ വെള്ളം ഒഴുകിയെത്തുന്നത് കൂട്ടുപുഴ, പയ്യാവൂർ, പടിയൂർ, ഉളിക്കൽ പ്രദേശങ്ങളിലാണ്. ഇത് ഇവിടെ വെള്ളപ്പൊക്ക ഭീഷണി സൃഷ്ടിക്കുന്നു. ഇവിടെ പാലത്തിനു മുകളിൽവരെ വെള്ളം കയറുന്ന സ്ഥിതിയുണ്ടാക്കി. കർണാടകയിൽനിന്നുള്ള വെള്ളം കാരണം പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കേണ്ട സാഹചര്യം വരെയുണ്ടായി.
Post a Comment