Join News @ Iritty Whats App Group

'കണ്ട് നിൽക്കാനാകില്ല, രാജി വയ്ക്കുന്നു'; ജന്തർ മന്തർ സമരവേദിയിൽ യൂണിഫോമിലെ ‘രാജി’ പ്രഖ്യാപിച്ച് പോലീസ് കോൺസ്റ്റബിൾ; വീഡിയോ വൈറൽ

'കണ്ട് നിൽക്കാനാകില്ല, രാജി വയ്ക്കുന്നു'; ജന്തർ മന്തർ സമരവേദിയിൽ യൂണിഫോമിലെ ‘രാജി’ പ്രഖ്യാപിച്ച് പോലീസ് കോൺസ്റ്റബിൾ; വീഡിയോ വൈറൽ


ജന്തർ മന്തറിലെ വിദ്യാർത്ഥിപ്രതിഷേധത്തിനിടെ ഉത്തരാഖണ്ഡ് പൊലീസ് കോൺസ്റ്റബിൾ ഷേർ സിംഗ് യൂണിഫോമണിഞ്ഞ് വേദിയിലെത്തി സർവീസിൽ നിന്ന് രാജിവെക്കുന്നതായി പ്രഖ്യാപിച്ചു. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. പിന്നാലെ ഇയാൾ നിലവിൽ സസ്പെൻഷനിലായിരുന്നെന്ന് ഉത്തരാഖണ്ഡ് പൊലീസ് അറിയിച്ചെന്നും റിപ്പോർട്ടുകൾ. അദ്ദേഹത്തെ സർവീസിൽ നിന്ന് പിരിച്ചുവിടുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയായിരുന്നുവെന്നും ഉത്തരാഖണ്ഡ് പൊലീസ് അറിയിച്ചു.

'വിപ്ലവം, ആശയങ്ങളിലൂടെയാണ് വരുന്നത്'

പ്രതിഷേധ വേദിയിൽ സംസാരിച്ച ഷേർ സിംഗ്, ഉത്തരാഖണ്ഡിലെ റിക്രൂട്ട്മെന്‍റ് പരീക്ഷകളിൽ വ്യാപക ക്രമക്കേടുകളും ചോദ്യപേപ്പർ ചോർച്ചയും നടന്നതായി ആരോപിച്ചു. പട്‍വാരി പരീക്ഷയുടെ ചോദ്യപേപ്പർ വരെ സാധാരണ കടകളിൽ ലഭ്യമായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. “ഇത് ഭഗത് സിംഗിന്‍റെ നാടാണ്. വിപ്ലവം തോക്കിലൂടെയോ ബോംബിലൂടെയോ അല്ല, ആശയങ്ങളിലൂടെയാണ് വരുന്നത്” എന്ന് പ്രസംഗിച്ച ഷേർ സിംഗ് തന്‍റെ യൂണിഫോമിലെ ബാഡ്ജ് ഊരി സിജെപി നേതാവായ അഭിജീത് ദിപ്‌കെയ്ക്ക് കൈമാറി. യുവജന പ്രക്ഷോഭത്തോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിനാലാണ് താൻ രാജിവെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു പിന്നാലെ സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടു.

വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ ഉത്തരാഖണ്ഡ് പൊലീസ് ഷേർ സിംഗിന്‍റെ അവകാശവാദങ്ങളെ തള്ളി രംഗത്തെത്തി. കുമാവോൺ റേഞ്ച് ഐജി നിവേദിത കുക്രേതി, പിഥോറഗഢിൽ നിയമിതനായിരുന്ന ഷേർ സിംഗ് ജൂൺ 28 മുതൽ അനുമതിയില്ലാതെ ജോലിയിൽ നിന്ന് വിട്ടുനിൽക്കുകയാണെന്നും വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിട്ടും മറുപടി ലഭിക്കാത്തതിനാൽ ജൂലൈ 20-ന് അദ്ദേഹത്തെ സസ്‌പെൻഡ് ചെയ്തിരുന്നെന്നും വ്യക്തമാക്കി. അതുകൊണ്ട് ഷേർ സിംഗ് ജന്തർ മന്തറിൽ പ്രഖ്യാപിച്ച ‘രാജി’ക്ക് ഔദ്യോഗിക പ്രാധാന്യമില്ലെന്നും അവർ കൂട്ടിച്ചേർത്തു.

അറസ്റ്റ്, സസ്പെൻഷൻ, വകുപ്പുതല നടപടി

മാത്രമല്ല, ഷേർ സിംഗിനെതിരെ മുമ്പ് പല ക്രിമിനൽ കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും 2025 ഓഗസ്റ്റിൽ ഹരിദ്വാറിലെ ഗംഗനഹർ പൊലീസ് സ്റ്റേഷനിൽ വഞ്ചന, വ്യാജരേഖ ചമയ്ക്കൽ, ക്രിമിനൽ ഗൂഢാലോചന എന്നിവയുൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം ഷേർ സിംഗിനെതിരെ കേസുണ്ട്. ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽ സംഘടിത കുറ്റകൃത്യ സംഘവുമായി ബന്ധമുണ്ടെന്ന ആരോപണത്തെ തുടർന്ന് പ്രത്യേക അന്വേഷണ സംഘം അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു. ഏതാനും മാസങ്ങൾ ജയിലിൽ കഴിഞ്ഞ ശേഷമാണ് ജാമ്യത്തിൽ പുറത്തിറങ്ങിയത്. ഈ കേസുകളുടെ അടിസ്ഥാനത്തിൽ അദ്ദേഹത്തെ സർവീസിൽ നിന്ന് പുറത്താക്കാനുള്ള നടപടികൾ നടന്നുവരികയായിരുന്നുവെന്നും പൊലീസ് കൂട്ടിച്ചേർത്തു. അതോടൊപ്പം ജന്തർ മന്തറിലെ വേദിയിൽ നടത്തിയ പ്രസംഗത്തിലെ പരാമർശങ്ങൾ പ്രകോപനപരവും അച്ചടക്കലംഘനവുമാണെന്ന് വിലയിരുത്തിയ ഉത്തരാഖണ്ഡ് പൊലീസ്, അദ്ദേഹത്തിനെതിരെ വകുപ്പുതല തുടർനടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചു

Post a Comment

أحدث أقدم
Join Our Whats App Group