സുപ്രീംകോടതിയിൽ നിര്‍ണായക ഉത്തരവ് സമ്പാദിച്ച് വിജയ് സര്‍ക്കാര്‍, തമിഴ്നാട്ടിൽ ഗോവധ നിരോധനം നീങ്ങി; മദ്രാസ് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തു
ന്യൂഡൽഹി: തമിഴ്‌നാട്ടിൽ ഗോവധം നിരോധിച്ചുകൊണ്ടുള്ള മദ്രാസ് ഹൈക്കോടതി ഉത്തരവിന് സുപ്രീം കോടതി സ്റ്റേ അനുവദിച്ചു. ഉത്തരവിന് വലിയ രീതിയിലുള്ള തിരുത്തലുകൾ ആവശ്യമുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് സുപ്രീം കോടതി തിങ്കളാഴ്ച ഇടക്കാല ഉത്തരവിൽ ഈ നിർണ്ണായക സ്റ്റേ പുറപ്പെടുവിച്ചത്. ബക്രീദ് ദിനത്തിലോ മറ്റ് ദിവസങ്ങളിലോ സംസ്ഥാനത്ത് പശുക്കളെയോ പശുക്കിടാങ്ങളേയോ അറക്കുന്നില്ലെന്ന് ഉറപ്പാക്കാൻ തമിഴ്‌നാട് സർക്കാരിന് മദ്രാസ് ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. 1976 ഓഗസ്റ്റിലെ ഒരു സർക്കാർ ഉത്തരവ് നടപ്പിലാക്കിക്കൊണ്ട് സംസ്ഥാനത്തുടനീളം ഗോവധം നിരോധിക്കാൻ മദ്രാസ് ഹൈക്കോടതി മെയ് 27നാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിനെതിരെ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം സർക്കാർ സുപ്രീം കോടതിയിൽ പ്രത്യേക അനുമതി ഹർജി ഫയൽ ചെയ്തിരുന്നു. സുപ്രീം കോടതിയുടെ സ്റ്റേ ഉത്തരവ് നേടിയെടുക്കാനായത് വിജയ് സര്‍ക്കാറിന് വലിയ നേട്ടമായി.
നിയമപ്രകാരം നിശ്ചിത സ്ഥലങ്ങളിൽ പ്രത്യേക വിഭാഗത്തിൽപ്പെട്ട പശുക്കളെ അറുക്കാൻ അനുമതിയുള്ളപ്പോൾ, അതിന് വിരുദ്ധമായ നിയമപരമായ വ്യവസ്ഥകളെ ചോദ്യം ചെയ്തുകൊണ്ടുള്ള ജുഡീഷ്യൽ നിർദ്ദേശം നിലനിൽക്കില്ലെന്നാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ വാദിച്ചത്. ജസ്റ്റിസുമാരായ ജിആർ സ്വാമിനാഥൻ, വി ലക്ഷ്മീനാരായണൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് പാൽ ഉൽപാദനത്തിന്റെയും ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെയും പുരോഗതിയെ മുൻനിർത്തി പശുഹത്യ നിരോധിച്ചുകൊണ്ടുള്ള മദ്രാസ് ഹൈക്കോടതി ഉത്തരവ് മുൻപ് പുറപ്പെടുവിച്ചിരുന്നത്. ഭരണഘടനയുടെ ആർട്ടിക്കിൽ 48 പ്രകാരം പശുക്കൾ, കന്നുകാലികൾ, മറ്റ് കറവപ്പശുക്കൾ എന്നിവയെ അറുക്കുന്നത് നിരോധിക്കാൻ സംസ്ഥാനം നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്ന് വിധിന്യായത്തിൽ ജസ്റ്റിസ് സ്വാമിനാഥൻ ചൂണ്ടിക്കാണിച്ചിരുന്നു. ഭരണഘടനാ അസംബ്ലിയിലെ ചർച്ചകളിൽപ്പോലും പശുവിനെ ആദരിക്കപ്പെടുന്ന മൃഗമായി അടിവരയിട്ടിട്ടുണ്ടെന്നും ശ്രീകൃഷ്ണന്റെ കാലം മുതൽ പശു നമ്മുടെ സംസ്‌കാരവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം എടുത്തുപറഞ്ഞിരുന്നു. എന്നാൽ ഈ ഉത്തരവിനാണ് ഇപ്പോൾ സുപ്രീം കോടതി സ്റ്റേ നൽകിയിരിക്കുന്നത്.
إرسال تعليق