Join News @ Iritty Whats App Group

ശൗചാലയമില്ലാതെ ഇരിട്ടി ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ട് സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ദുരിതത്തിൽ

ശൗചാലയമില്ലാതെ ഇരിട്ടി ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ട്  
 സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ദുരിതത്തിൽ


ഇരിട്ടി: പായം എരുമത്തടത്തിൽ ഇരിട്ടി മോട്ടോർ വാഹന വകുപ്പിന്റെ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിൽ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം ടെസ്റ്റിനെത്തുന്നവർക്ക് കടുത്ത പ്രതിസന്ധികൾ സൃഷ്ടിക്കുന്നു. ദിവസേന നൂറുകണക്കിന് ആളുകൾ എത്തുന്ന ഗ്രൗണ്ടിൽ മതിയായ ശൗചാലയ സൗകര്യം ഇല്ലാത്തതാണ് പ്രതിഷേധത്തിന് ഇടയാക്കുന്നത്.

ഗ്രൗണ്ടിൽ പേരിന് മാത്രമാണ് ശൗചാലയം നിർമ്മിച്ചിട്ടുള്ളത്. ഈ ശൗചാലയമാണെങ്കിൽ ആകെ കാടുപിടിച്ച് കിടക്കുകയാണ്. ശൗചാലയത്തിനുള്ളിൽ പോലും പുല്ലും ചെടികളും വളർന്ന് ശോചനീയാവസ്ഥയിലാണ്. എങ്ങിനെയെങ്കിലും അകത്തുകയറിയാൽ നോക്കുകുത്തിയായിക്കിടക്കുന്ന ടാങ്കിൽ വെള്ളമില്ലാത്തതിനാൽ ശൗചാലയം ഉപയോഗിക്കാനാകാത്ത അവസ്ഥയാണ്.

പുലർച്ചെ 6 മണിമുതൽ മലയോര മേഖലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും ഡ്രൈവിംഗ് ടെസ്റ്റിനായി എത്തുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ആവശ്യമായ ശൗചാലയ സൗകര്യമില്ലാത്തതിനാൽ വലിയ പ്രയാസമാണ് നേരിടുന്നത്. ഇവിടം ആളൊഴിഞ്ഞ പ്രദേശമായതിനാൽ സമീപത്ത് വീടുകളോ മറ്റ് പൊതുശൗചാലയങ്ങളോ ഇല്ലാത്തതും ഇവരുടെ ദുരിതം വർധിപ്പിക്കുന്നു.
ഇത്തരത്തിലുള്ള സർക്കാർ സ്ഥാപനങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കണമെന്ന നിർദേശങ്ങൾ ഉണ്ടായിരിക്കെ, വർഷങ്ങളായി ഈ പ്രശ്നത്തിന് പരിഹാരം കാണാൻ ബന്ധപ്പെട്ട അധികൃതർ നടപടി സ്വീകരിച്ചിട്ടില്ലെന്നാണ് ആക്ഷേപം.

വഴിയോരങ്ങളിൽ പോലും പൊതുശൗചാലയങ്ങൾ നിർമ്മിക്കുന്ന സാഹചര്യത്തിൽ, ദിവസേന നൂറുകണക്കിന് ആളുകൾ എത്തുന്ന ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിൽ ഉപയോഗയോഗ്യമായ ശൗചാലയം ഒരുക്കാത്തത് എന്തുകൊണ്ടാണെന്ന് നാട്ടുകാരും ടെസ്റ്റിനെത്തുന്നവരും ചോദിക്കുകയാണ്. സ്ത്രീകൾ ഉൾപ്പെടെയുള്ള അപേക്ഷകരുടെ ദുരിതം പരിഗണിച്ച് അടിയന്തരമായി ശുചിത്വ സൗകര്യങ്ങൾ ഒരുക്കണമെന്ന് ശക്തമായ ആവശ്യം ഉയരുകയാണ്.

Post a Comment

Previous Post Next Post
Join Our Whats App Group