ലോകകപ്പ് ഫൈനലിന് സ്‌കൂളിന് അവധി വേണം മന്ത്രിമാര്‍ക്ക് ആറാം ക്ളാസുകാരന്റെ ഇ -മെയില്‍
കണ്ണൂർ: ലോകകപ്പ് ഫുട്ബാള്‍ കാണാൻ സ്‌കൂളിന് അവധി നല്‍കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും, കായികവകുപ്പ് മന്ത്രിക്കും വിദ്യാർത്ഥിയുടെ ഇ- മെയില്‍ സന്ദേശം.
പെരളശേരി എ.കെ.ജി സ്മാരക ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥി ദേവർഷ് ആണ് സന്ദേശം അയച്ചത്. അർദ്ധരാത്രി കളിയും കണ്ട് സ്‌കൂളില്‍ പോകുന്നത് തന്നെ പോലുള്ള വിദ്യാർത്ഥികള്‍ക്ക് ഏറെ പ്രയാസമാണെന്നും സെമിഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ നടക്കുന്ന ദിവസങ്ങളില്‍ സ്‌കൂളിന് അവധി അനുവദിക്കണമെന്നും അല്ലെങ്കില്‍ ഹാജർ നിർബന്ധമാക്കരുതെന്നുമാണ് ദേവർഷിന്റെ അപേക്ഷ.
അതിനൊപ്പം ഇന്റർനാഷണല്‍ സ്പോർട്സ് മത്സരങ്ങള്‍ കാണുന്നത് വിദ്യാർത്ഥികളില്‍ സ്പോർട്സിനോടുള്ള താല്‍പര്യം വർദ്ധിപ്പിക്കുമെന്നും ഇ- മെയിലില്‍ പറയുന്നുണ്ട്. കടുത്ത ഫുട്ബാള്‍ ആരാധകനായ ദേവർഷിന്റെ ഇഷ്ട ടീം അർജന്റീനയാണ്. ഫുട്ബാളിനെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും എല്ലാ കളിക്കാരുടെ പേരുകളും ദേവർഷിന് മനഃപാഠം. മാത്രമല്ല ചെറിയൊരു ഫുട്ബാള്‍ താരവുമാണ്. ദേവർഷിന്റെ ഫുട്ബാളിനോടുള്ള താത്പര്യം കണ്ട് കളി കാണാൻ വീട്ടില്‍ വലിയൊരു പ്രൊജക്ടർ തന്നെ രക്ഷിതാക്കള്‍ സെറ്റ് ചെയ്ത് നല്‍കിയിട്ടുണ്ട്. പ്ലസ് വണ്‍ കംപ്യൂട്ടർ സയൻസ് വിദ്യാർത്ഥിയായ സഹോദരൻ അമ്റഷിന്റെ സഹായത്തോടെയാണ് ദേവർഷ് ഇ -മെയില്‍ സന്ദേശമയച്ചത്.
إرسال تعليق