Join News @ Iritty Whats App Group

മധ്യപ്രദേശിൽ ഹിന്ദു അംഗങ്ങളെ ഉൾപ്പെടുത്തി വഖഫ് ബോർഡ് പുനസംഘടിപ്പിച്ചു; രാജ്യത്ത് ആദ്യം

മധ്യപ്രദേശിൽ ഹിന്ദു അംഗങ്ങളെ ഉൾപ്പെടുത്തി വഖഫ് ബോർഡ് പുനസംഘടിപ്പിച്ചു; രാജ്യത്ത് ആദ്യം


ഭോപ്പാൽ: മധ്യപ്രദേശിൽ ഹിന്ദു വിഭാഗത്തിൽപെട്ട രണ്ടുപേരെ അംഗങ്ങളാക്കി സംസ്ഥാന വഖഫ് ബോർഡ് പുനസംഘടിപ്പിച്ച് ബിജെപി സർക്കാർ. 2025ലെ വഖഫ് ഭേദഗതി നിയമപ്രകാരമാണ് മധ്യപ്രദേശിലെ മോഹൻ യാദവ് സർക്കാരിൻ്റെ നടപടി. ഇതോടെ രാജ്യത്ത് ആദ്യമായി വഖഫ് ഭേദഗതി നിയമപ്രകാരം വഖഫ് ബോർഡ് പുനസംഘടിപ്പിക്കുന്ന ആദ്യ സംസ്ഥാനമായി മധ്യപ്രദേശ് മാറി. സംസ്ഥാന വഖഫ് ബോർഡിൽ മുസ്ലീം ഇതര മതസ്ഥരും അംഗങ്ങളാകണമെന്ന വഖഫ് ഭേദഗതി നിയമത്തിലെ വ്യവസ്ഥ പ്രകാരമാണ് മധ്യപ്രദേശ് സർക്കാരിൻ്റെ നടപടി.

സൻവാർ പട്ടേലിനെ ചെയർമാനാക്കി ആണ് 10 അംഗ സംസ്ഥാന വഖഫ് ബോർഡിനെ സർക്കാർ പുനസംഘടിപ്പിച്ചത്. മനോജ് മൽപാനി, അനിമേഷ് ഭാർഗവ എന്നിവരാണ് ബോർഡിലെ ഹിന്ദു അംഗങ്ങൾ. ഇതുസംബന്ധിച്ച ഗസറ്റ് വിജ്ഞാപനം ഞായറാഴ്ച സർക്കാർ പുറത്തിറക്കി. പുതിയ ഭേദഗതി അനുസരിച്ച് വഖഫ് ബോർഡ് പുനസംഘടിപ്പിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാണ് മധ്യപ്രദേശ് എന്ന് ഒരു സർക്കാർ ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.

വഖഫ് നിയമത്തിലെ സെക്ഷൻ 12(1) പ്രകാരമാണ് സർക്കാർ ബോർഡ് പുനസംഘടിപ്പിച്ചത്. സൻവാർ പട്ടേൽ ചെയർമാനായ പുതിയ ബോർഡിൽ ദില്ലിയിൽ നിന്നുള്ള നജ്മ ഹെപ്തുള്ള, ഭോപ്പാലിൽ നിന്നുള്ള ആതിഫ് അഖീൽ, ഉജ്ജയിനിൽ നിന്നുള്ള ഫൈസാൻ ഖാൻ, ഇൻഡോറിൽ നിന്നുള്ള ഫാത്തിമ ചൗധരി, ഷയ്സ്ത സുൽത്താൻ, ഷബാന ഖാൻ, മനോജ് മൽപാനി, ​ഗുണയിൽ നിന്നുള്ള അനിമേഷ് ഭാ‍​ർ​ഗവ എന്നിവരാണ് അം​ഗങ്ങൾ. പിന്നാക്ക, ന്യൂനപക്ഷ ക്ഷേമ വകുപ്പ് കമ്മീഷണ‍ർ ബോ‍ർഡിലെ എക്സ് ഒഫീഷ്യോ അം​ഗമായി പ്രവർത്തിക്കും.

സംസ്ഥാനത്തെ വഖഫ് സ്വത്തുക്കളുടെ മേൽനോട്ടവും ഭരണവുമാണ് സംസ്ഥാന വഖഫ് ബോ‍‍ർഡിന്റെ ചുമതല. 1995ലെ വഖഫ് നിയമം അനുസരിച്ചു മുസ്ലീം വിഭാ​ഗക്കാരെ മാത്രമായിരുന്നു വഖഫ് ബോർഡിൽ അം​ഗങ്ങളായി നിയമിക്കേണ്ടിയിരുന്നത്. എന്നാൽ കഴിഞ്ഞ വ‍‍ർഷം പ്രാബല്യത്തിൽ വന്ന വഖഫ് ഭേദ​ഗതി പ്രകാരം, വഖഫ് ബോർഡിൽ രണ്ട് മുസ്ലീം ഇതര മതസ്ഥരെയും അം​ഗങ്ങളായി നിയമിക്കണം.

Post a Comment

Previous Post Next Post
Join Our Whats App Group