Join News @ Iritty Whats App Group

"മൈലേജ് നഷ്‍ടമായി, തകരാറുകളും കൂടുന്നു.." ഇ20 പെട്രോളിനെതിരെ ആദ്യ പൊതുപ്രതിഷേധം


"മൈലേജ് നഷ്‍ടമായി, തകരാറുകളും കൂടുന്നു.." ഇ20 പെട്രോളിനെതിരെ ആദ്യ പൊതുപ്രതിഷേധം


20 ശതമാനം എത്തനോളും 80 ശതമാനം പെട്രോളും ചേർന്ന ഇ20 ഇന്ധനത്തിന്റെ ഉപയോഗത്തിനെതിരെ രാജ്യത്ത് ആദ്യമായി പൊതുപ്രതിഷേധം സംഘടിപ്പിച്ചു. ഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ വാഹന ഉടമകൾ ഇ20 പെട്രോൾ ഉപയോഗിച്ചതിന് പിന്നാലെ വാഹനങ്ങളുടെ മൈലേജ് കുറഞ്ഞതായും ഇന്ധന സംവിധാനത്തിൽ തകരാറുകൾ ഉണ്ടായതായും ആരോപിച്ചു.

അതേസമയം, ഇ20 പെട്രോൾ വാഹനങ്ങളുടെ മൈലേജ് കുറയ്ക്കുകയോ അമിതമായ തേയ്മാനം ഉണ്ടാക്കുകയോ ചെയ്യുന്നുവെന്ന ആരോപണങ്ങൾ കേന്ദ്ര സർക്കാർ നേരത്തേ തന്നെ തള്ളിയിരുന്നു. വാഹന–ഊർജ മേഖലകളിലെ വിദഗ്ധരും ഇ20 പെട്രോളിനെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. വിപുലമായ പരിശോധനകളിൽ വാഹനങ്ങൾക്ക് ഇ20 മൂലം പ്രശ്നങ്ങളുണ്ടാകുന്നതായി തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് അവരുടെ വിശദീകരണം.

'ഞങ്ങളുടെ വാഹനം, ഞങ്ങളുടെ അവകാശം' എന്ന മുദ്രാവാക്യവുമായി പ്രതിഷേധം

സംരംഭകനും ടെലിവിഷൻ അവതാരകനുമായ തഹ്സീൻ പൂനാവാലയും അദ്ദേഹത്തിന്റെ 'ടീം ഭാരത്' സംഘടനയും ചേർന്നാണ് 'ഞങ്ങളുടെ വാഹനം, ഞങ്ങളുടെ അവകാശം' എന്ന മുദ്രാവാക്യവുമായി പ്രതിഷേധം സംഘടിപ്പിച്ചത് എന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. ഇ20 പെട്രോൾ നടപ്പാക്കുന്ന രീതി മാത്രമാണ് തങ്ങൾ എതിർക്കുന്നതെന്നും പ്രതിഷേധത്തിന് രാഷ്ട്രീയ ബന്ധമില്ലെന്നും സംഘാടകർ വ്യക്തമാക്കി. പ്രതിഷേധത്തിൽ പങ്കെടുത്തവരിൽ ചിലർ തങ്ങൾ ഭരണകക്ഷിയായ ബിജെപിയുടെ അനുഭാവികളാണെങ്കിലും നിലവിലെ നടപ്പാക്കൽ രീതിയോട് യോജിപ്പില്ലെന്നും പറഞ്ഞു.

മൈലേജ് കുത്തനെ കുറഞ്ഞതായി പരാതി

ഗുരുഗ്രാമിൽ നിന്നെത്തിയ സോഫ്റ്റ്‌വെയർ എൻജിനീയറായ സാർത്ഥക് 2018 മോഡൽ ബലേനോയാണ് ഉപയോഗിക്കുന്നത്. കഴിഞ്ഞ ഏതാനും മാസത്തിനിടെ വാഹനത്തിന്റെ മൈലേജ് ലിറ്ററിന് 18 കിലോമീറ്ററിൽ നിന്ന് 14 കിലോമീറ്ററിൽ താഴെയായെന്ന് അദ്ദേഹം ആരോപിച്ചു. മറ്റൊരു പ്രതിഷേധക്കാരൻ, "ബ്ലെൻഡഡ് പെട്രോൾ വാങ്ങാൻ താൽപര്യമില്ല. കേടാകുന്നത് എന്റെ വാഹനമാണ്," എന്ന് പ്രതികരിച്ചു.

35,000 രൂപയുടെ അറ്റകുറ്റപ്പണി വന്നതായി ഡൽഹി സ്വദേശിയുടെ ആരോപണം

ഡൽഹിയിലെ പട്ടേൽ നഗർ സ്വദേശിയായ രാജ് സിങ് കഴിഞ്ഞ ഏഴ് മാസമായി ഇ20 പെട്രോൾ ഉപയോഗിച്ചുവരികയാണെന്ന് പറഞ്ഞു. കഴിഞ്ഞ മാസം വാഹനത്തിന് പവർ കുറയുകയും എൻജിൻ മുന്നറിയിപ്പ് ലൈറ്റ് തെളിയുകയും ചെയ്തതായി അദ്ദേഹം ആരോപിച്ചു. തുടർന്ന് മുഴുവൻ ഇന്ധന സംവിധാനവും വൃത്തിയാക്കുകയും ചില ഭാഗങ്ങൾ മാറ്റുകയും ചെയ്യേണ്ടിവന്നെന്നും ഇതിനായി 35,000 രൂപയിലധികം ചെലവായെന്നും അദ്ദേഹം പറഞ്ഞു.

വാഹനം നടുറോഡിൽ നിന്നതായി മറ്റൊരു പരാതി

ഡൽഹി സ്വദേശിയായ മുദിത് അഗർവാൾ തന്റെ സ്കോഡ സ്ലാവിയയുടെ എഞ്ചിൻ യാത്രയ്ക്കിടെ പെട്ടെന്ന് നിലച്ചതായി ആരോപിച്ചു. സർവീസ് സെന്ററിൽ എത്തിച്ചപ്പോൾ ഇത്തരത്തിലുള്ള പ്രശ്‍നങ്ങളുമായി ദിവസേന നിരവധി വാഹനങ്ങൾ എത്തുന്നുണ്ടെന്നാണ് ജീവനക്കാർ പറഞ്ഞതെന്നും അദ്ദേഹം അവകാശപ്പെട്ടു. എന്നാൽ ഇത്തരത്തിലുള്ള വ്യക്തിഗത അനുഭവങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

'തേയ്‍മാനം ഉണ്ടാകുന്നുവെന്നതിന് തെളിവുണ്ടെന്ന്' പ്രതിഷേധക്കാർ

എത്തനോൾ കലർന്ന ഇന്ധനം ഉപയോഗിക്കുന്നത് ഇന്ധന ഫിൽട്ടറിലും പൈപ്പ് ലൈനുകളിലും തടസ്സം സൃഷ്ടിക്കുന്നുവെന്ന് റാലി ഡ്രൈവറും ടീം ഭാരത് അംഗവുമായ രത്തൻ ധില്ലൺ ആരോപിച്ചു. ഇതുസംബന്ധിച്ച തെളിവുകൾ കോടതിയിൽ ഹാജരാക്കുമെന്നും അദ്ദേഹം പറഞ്ഞു. മധ്യനിര കാറുകളിൽ ഇന്ധന ഫിൽട്ടർ മാറ്റാൻ മാത്രം 25,000 രൂപ മുതൽ 80,000 രൂപ വരെ ചെലവാകാമെന്നും അദ്ദേഹം അവകാശപ്പെട്ടു.

'ശുദ്ധ പെട്രോൾ തിരഞ്ഞെടുക്കാനുള്ള അവസരം വേണം'

പ്രതിഷേധത്തിൽ പങ്കെടുത്തവർക്ക് പ്രധാന പരാതികളിലൊന്ന് ഉപഭോക്താക്കൾക്ക് ശുദ്ധ പെട്രോൾ തിരഞ്ഞെടുക്കാനുള്ള അവസരം ഇല്ല എന്നതാണ്. ഉത്തർപ്രദേശിലെ മൊറാദാബാദിൽ നിന്നെത്തിയ ഒരു ഡോക്ടർ, വാഹനത്തിന്റെ മൈലേജ് ഗണ്യമായി കുറഞ്ഞതായി ആരോപിച്ചു. ധർമകല്യാൺ ഫൗണ്ടേഷൻ പ്രതിനിധിയായ ഹിമാൻഷു ശർമ, "എനിക്ക് എന്തുകൊണ്ട് ശുദ്ധ പെട്രോൾ തിരഞ്ഞെടുക്കാൻ കഴിയുന്നില്ല?" എന്ന് ചോദിച്ചു. ശുദ്ധ പെട്രോൾ ലഭ്യമാണെങ്കിലും ലിറ്ററിന് 160 രൂപയിലധികം വിലയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പഞ്ചസാര വ്യവസായികൾക്ക് നേട്ടമെന്നും ആരോപണം

എഥനോൾ പ്രധാനമായും കരിമ്പിൽ നിന്നാണ് ഉൽപ്പാദിപ്പിക്കുന്നത്. അതിനാൽ ഇ20 പദ്ധതി പഞ്ചസാര വ്യവസായത്തിന് ഗുണകരമാണെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. വാഹന ഉടമകളാണ് കുറഞ്ഞ മൈലേജിന്റെയും ഉയർന്ന അറ്റകുറ്റപ്പണി ചെലവിന്റെയും ഭാരം വഹിക്കേണ്ടി വരുന്നതെന്നും അവർ പറഞ്ഞു.

കേന്ദ്ര നിലപാടിൽ മാറ്റമില്ല

ഇ20 പെട്രോൾ സംബന്ധിച്ച നയം സർക്കാർ തീരുമാനമാണെന്നും അത് മാറ്റാൻ സാധ്യത കുറവാണെന്നും ഇന്ത്യയുടെ അറ്റോർണി ജനറൽ ആർ. വെങ്കടരമണി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്ത്യ എത്തനോൾ മിശ്രിത പെട്രോൾ പദ്ധതി നിശ്ചയിച്ചതിലും അഞ്ച് വർഷം മുമ്പ് ലക്ഷ്യം കൈവരിച്ചെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. വിദേശ എണ്ണ ഇറക്കുമതി കുറയ്ക്കുക, കർഷകരുടെ വരുമാനം വർധിപ്പിക്കുക, കാർബൺ പുറന്തള്ളൽ കുറയ്ക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളെന്നും സർക്കാർ വ്യക്തമാക്കുന്നു.

അതേസമയം, ബ്രസീൽ, അമേരിക്ക തുടങ്ങിയ രാജ്യങ്ങൾ എത്തനോൾ മിശ്രിത ഇന്ധനം ഘട്ടംഘട്ടമായാണ് നടപ്പാക്കിയതെന്നും ഇന്ത്യയിലും ഉപഭോക്താക്കൾക്ക് കൂടുതൽ തിരഞ്ഞെടുപ്പ് അവസരവും വ്യക്തതയും ഉറപ്പാക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം.

Post a Comment

Previous Post Next Post
Join Our Whats App Group