Join News @ Iritty Whats App Group

മട്ടന്നൂര്‍ - മാനന്തവാടി നാലുവരിപ്പാത: ഹിയറിംഗ് പൂര്‍ത്തിയായി

മട്ടന്നൂര്‍ - മാനന്തവാടി നാലുവരിപ്പാത: ഹിയറിംഗ് പൂര്‍ത്തിയായി


പേരാവൂർ: മട്ടന്നൂർ - മാനന്തവാടി നിർദിഷ്ട നാലുവരിപ്പാതയുടെ ഇലവൻ വണ്‍ നോട്ടിഫിക്കേഷനില്‍ ഉള്‍പ്പെടാത്തവരുടെ പരാതിയിന്മേലുള്ള അവസാന വട്ട ഹിയറിംഗ് പേരാവൂരില്‍ നടന്നു.

ജൂണ്‍ 22ന് കൊട്ടിയൂർ പഞ്ചായത്തില്‍ നിന്നും ആരംഭിച്ച ഹിയറിംഗാണ് പേരാവൂരില്‍ സമാപിച്ചത്.

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രധാനപാത എന്ന നിലയിലാണ് മട്ടന്നൂർ - മാനന്തവാടി റോഡിനെ നാലുവരിപ്പാതയാക്കി വികസിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്. മട്ടന്നൂർ മുതല്‍ മാനന്തവാടി വരെയുള്ള 63.5കിലോമീറ്റർ ദൈർഘ്യമുള്ള റോഡില്‍ ചുരത്തിലൂടെ പോകുന്ന ഭാഗം രണ്ടു വരി പാതയായും മട്ടന്നൂർ മുതല്‍ അമ്പായത്തോട് വരെ നാലുവരിപ്പാതയായും വികസിപ്പിക്കാനാണ് തീരുമാനമായത്.

2017-ലാണ് ഇതുസംബന്ധിച്ച്‌ സർക്കാർ ഉത്തരവിറക്കിയത്. അമ്പായത്തോട് മുതല്‍ മട്ടന്നൂർ വരെയുള്ള നാലുവരിപ്പാത കടന്നുപോകുന്ന പ്രദേശത്തെ 2,568 കുടുംബങ്ങളുടെ ഭൂമിയാണ് നാലുവരി പാതയ്ക്കായി സർക്കാർ ഏറ്റെടുക്കുന്നത്. ഇതില്‍ ഇലവൻ വണ്‍ നോട്ടിഫിക്കേഷനില്‍ ഉള്‍പ്പെടാത്ത 525 കുടുംബങ്ങളുടെ ഹിയറിംഗാണ് നടന്നത്. സ്പെഷ്യല്‍ തഹസില്‍ദാർ ജയരാജിന്റെ നേതൃത്വത്തിലുള്ള റവന്യൂ ഉദ്യോഗസ്ഥരാണ് ഹിയറിംഗ് നടത്തിയത്.

അമ്പായത്തോട് മുതല്‍ മട്ടന്നൂർ വരെ നാലുവരിപ്പാത കടന്നുപോകുന്ന പ്രദേശത്തെ 639 വീടുകളാണ് നഷ്ടപ്പെടുന്നത്. ഇതില്‍ 380 വീടുകള്‍ പൂർണമായും 259 വീടുകള്‍ ഭാഗികമായി നഷ്ടപ്പെടും. ഹിയറിംഗ് പൂർത്തിയാകുന്നതോടെ അടുത്തഘട്ടം എന്ന നിലയില്‍ സബ് ഡിവിഷൻ സർവ്വേ നടത്തി ഭൂമി അളന്നു തിട്ടപ്പെടുത്തിയ ശേഷം നാലുവരിപ്പാത നിർമ്മിക്കുന്നതിനായി ഭൂമി ഏറ്റെടുക്കാനുള്ള നടപടികള്‍ ആരംഭിക്കും.

ഇതു സംബന്ധിച്ച്‌ ആർക്കെങ്കിലും ഹിയറിംഗില്‍ പങ്കെടുക്കാൻ കഴിയാതെ വരികയോ അപേക്ഷ നല്‍കാൻ കഴിയാതെ വരികയോ ചെയ്തിട്ടുണ്ടെങ്കില്‍ തലശ്ശേരി എല്‍.എ എയർപോർട്ട് തഹസില്‍ദാർക്ക് നേരിട്ട് അപേക്ഷ നല്‍കാൻ കഴിയും. ആക്ഷൻ കൗണ്‍സില്‍ ഭാരവാഹികളായ ജില്‍സ് എം.മേക്കല്‍, എസ്.എം.കെ. മുഹമ്മദലി, ആക്കല്‍ രാജൻ, പൊയില്‍ അബൂബക്കർ എന്നിവർ ഹിയറിംഗിന് നേതൃത്വം നല്‍കി.

Post a Comment

Previous Post Next Post
Join Our Whats App Group