Join News @ Iritty Whats App Group

ചരിത്രമാക്കാൻ വമ്പൻ ഒരുക്കങ്ങളുമായി ഇറാൻ, ഇന്ത്യക്കും ക്ഷണം; രണ്ട് കോടി ജനങ്ങൾ പങ്കാളികളാകും, അലി ഖമേനിയുടെ സംസ്‌കാരം 9ന്

ചരിത്രമാക്കാൻ വമ്പൻ ഒരുക്കങ്ങളുമായി ഇറാൻ, ഇന്ത്യക്കും ക്ഷണം; രണ്ട് കോടി ജനങ്ങൾ പങ്കാളികളാകും, അലി ഖമേനിയുടെ സംസ്‌കാരം 9ന്


ടെഹ്റാൻ: കഴിഞ്ഞ ഫെബ്രുവരി 28ന് നടന്ന യുഎസ്-ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ സംസ്‌കാര ചടങ്ങുകൾക്കായി ഇറാൻ തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഔദ്യോഗിക ഒരുക്കങ്ങൾ നടത്തുന്നു. അയൽരാജ്യമായ ഇറാഖ് ഉൾപ്പെടെ അഞ്ച് നഗരങ്ങളിലായി ആറ് ദിവസം നീണ്ടുനിൽക്കുന്ന വിപുലമായ ചടങ്ങുകളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. വരുന്ന ശനിയാഴ്ച ടെഹ്‌റാനിലെ ഗ്രാൻഡ് മൊസല്ല പ്രാർത്ഥനാ സമുച്ചയത്തിൽ ഭൗതികശരീരം പൊതുദർശനത്തിന് വെക്കുന്നതോടെ ചടങ്ങുകൾ ആരംഭിക്കും.

തുടർന്ന് തിങ്കളാഴ്ച ടെഹ്‌റാൻ നഗരവീഥികളിലൂടെ വിലാപയാത്ര നടക്കും. ജൂലൈ ഏഴിന് പുണ്യനഗരമായ കോമിലേക്ക് കൊണ്ടുപോകുന്ന ഭൗതികശരീരം, അവിടെയുള്ള ചടങ്ങുകൾക്ക് ശേഷം ഇറാഖിലെ നജാഫ്, കർബല എന്നീ നഗരങ്ങളിലെ ചടങ്ങുകൾക്കായും എത്തിക്കും. അതിനുശേഷം ജൂലൈ ഒമ്പതിന് ഇറാന്റെ വടക്കുകിഴക്കൻ നഗരമായ മഷാദിൽ ഖമേനിയുടെ ജന്മനാട്ടിൽ ഭൗതികശരീരം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും.

ഇറാനിൽ നിന്നും വിദേശത്തുനിന്നുമായി ഏകദേശം 15 മുതൽ 20 മില്യൺ (ഒന്നര മുതൽ രണ്ട് കോടി വരെ) ജനങ്ങൾ വിലാപയാത്രയിലും ചടങ്ങുകളിലും പങ്കെടുക്കുമെന്നാണ് അധികൃതർ കണക്കാക്കുന്നത്. ചരിത്രപരമായ ഈ ഒത്തുചേരൽ മുൻനിർത്തി രാജ്യത്തുടനീളം പൊലീസ് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. റഷ്യ, ചൈന, പാകിസ്ഥാൻ, ഇന്ത്യ, ജോർജ്ജിയ, ക്യൂബ എന്നിവരുൾപ്പെടെ മുപ്പതിലധികം രാജ്യങ്ങളിൽ നിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥരും പ്രതിനിധികളും ചടങ്ങിൽ പങ്കാളികളാകും. കൂടാതെ 90 രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖ മതനേതാക്കളും സംസ്‌കാര ചടങ്ങുകളുടെ ഭാഗമാകും.

യുഎസ്-ഇസ്രായേൽ യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്ര ശ്രമങ്ങൾക്ക് നേതൃത്വം നൽകുന്ന പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ചടങ്ങിൽ പങ്കെടുക്കുമെന്ന് തങ്ങളുടെ പാർലമെന്‍റിനെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ മിഡിൽ ഈസ്റ്റിന്റെ ഭൗമരാഷ്ട്രീയത്തിൽ നിർണ്ണായക സ്വാധീനം ചെലുത്തുന്ന ഒന്നായി ഈ വിലാപയാത്ര മാറുമെന്നാണ് വിലയിരുത്തൽ.

Post a Comment

أحدث أقدم
Join Our Whats App Group