കഴിഞ്ഞ 5 വർഷത്തെ സകല പർച്ചേസുകളും കുടഞ്ഞിട്ട് പരിശോധിക്കാൻ നിർദേശം; സമഗ്ര പരിശോധനക്ക് കായിക വകുപ്പ്, സ്പോർട്സ് കൗൺസിൽ ഉടച്ചുവാർക്കും
തിരുവനന്തപുരം: സ്പോർട്സ് കൗൺസിലുമായി ബന്ധപ്പെട്ട് സമഗ്ര പരിശോധനക്ക് കായിക വകുപ്പ്. സ്പോർട്സ് കൗൺസിൽ കഴിഞ്ഞ അഞ്ച് വർഷം നടത്തിയ മുഴുവൻ പർച്ചേസും പരിശോധിക്കും. സ്പോർട്സ് കൗൺസിൽ അടിസ്ഥാന വിവരങ്ങളോ രേഖകളോ പോലും സൂക്ഷിക്കുന്നിലെന്നാണ് കണ്ടെത്തൽ. കായിക താരങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലും സ്പോർട്സ് കൗൺസിലിൽ ഇല്ല. കായിക താരങ്ങൾക്ക് കൊടുക്കാതെ സാധനങ്ങളും ഉപകരണങ്ങളും പൂഴ്ത്തിവെച്ചതിന് പിന്നാലെയാണ് നടപടി.
കുട്ടികൾക്ക് കൊടുക്കാതെ ഗോഡൗണിൽ ഇരിക്കുന്ന നൂറുകണക്കിന് സാധനങ്ങളുടെ ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. വിവാദമായതിന് പിന്നാലെ കായിക ഉപകരണങ്ങളും വസ്ത്രങ്ങളും ധൃതിപ്പെട്ട് വിതരണം ചെയ്യുകയാണ് ഇപ്പോൾ കൗൺസിൽ. കുട്ടികൾക്ക് കൊടുക്കാതെ ഇതെല്ലാം പൂഴ്ത്തിവച്ചത് എന്തിനെന്നുള്ളതാണ് ദൂരൂഹത കൂട്ടുന്നുണ്ട്. ഈ വീഡിയോ കൂടെ പുറത്ത് വന്നതോടെ സ്പോർട്സ് കൗൺസിലിൽ സമഗ്രമായ ഒരു അഴിച്ചുപണിക്കാണ് കായിക വകുപ്പ് തയാറെടുക്കുന്നത്.
കഴിഞ്ഞ ദിവസം കായിക മന്ത്രി തന്നെ ഈ കാര്യങ്ങളിൽ ഉദ്യോഗസ്ഥരോട് വിശദീകരണം തേടിയിരുന്നു. എന്നാല്‍, ഈ പൂഴ്ത്തിവയ്പ്പിൽ ഒരു മറുപടിയും നൽകാൻ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞിരുന്നില്ല. മൂന്ന് വർഷം വരെയായി ഈ ഉപകരണങ്ങളും വസ്ത്രങ്ങളുമെല്ലാം കിട്ടിയിട്ടെന്നാണ് വിദ്യാര്‍ത്ഥികൾ പറയുന്നത്. ജേഴ്സി പോലുമില്ലാതെ കുട്ടികൾ മത്സരത്തിന് ഇറങ്ങേണ്ട സാഹചര്യം വരെയുണ്ടായിട്ടുണ്ട്. ഇതുവരെ കെട്ടുകൾ പോലും പൊട്ടിക്കാതെ ജേഴ്സികൾ, ഷൂസുകൾ, സ്പൈക്കുകൾ എല്ലാം കണ്ടെടുത്തിട്ടുണ്ട്. സംസ്ഥാനത്തെ കായിക താരങ്ങൾ ഔദ്യോഗിക ട്രാക്ക് സ്യൂട്ട് പോലുമില്ലാതെ ദേശീയ മത്സരങ്ങളിൽ പങ്കെടുക്കുമ്പോഴാണ് സ്പോർട്സ് കൗൺസിൽ ആസ്ഥാനത്ത് ലക്ഷങ്ങൾ വില വരുന്ന മത്സര ഉപകരണങ്ങൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. സംസ്ഥാനത്ത് 53 സ്പോർട്സ് ഹോസ്റ്റലുകളിലായി 1941 കായിക താരങ്ങളാണ് പരിശീലിക്കുന്നത്. ഇവർക്കുള്ള കിറ്റ് വിതരണം നിലച്ചിട്ട് വർഷങ്ങളായിരുന്നു
إرسال تعليق