Join News @ Iritty Whats App Group

ഇറാന്‍ അലി ഖാംനഇയുടെ മൃതദേഹം 4 മാസം സൂക്ഷിച്ചത് ഇങ്ങനെ

ഇറാന്‍ അലി ഖാംനഇയുടെ മൃതദേഹം 4 മാസം സൂക്ഷിച്ചത് ഇങ്ങനെ


തെഹ്‌റാന്‍: ഇറാന്‍ പരമോന്നത നേതാവ് ഇസ്രായേല്‍-അമേരിക്ക സംയുക്ത ആക്രമണത്തില്‍ കൊല്ലപ്പെട്ടത് കഴിഞ്ഞ ഫെബ്രുവരി 28നാണ്.

ജൂലൈ 9നാണ് ഖബറടക്കം തീരുമാനിച്ചിരിക്കുന്നത്. രഹസ്യ കേന്ദ്രത്തില്‍ സൂക്ഷിച്ചിരുന്ന ഭൗതിക ശരീരം വ്യാഴാഴ്ച രാത്രി പുറത്തെടുത്ത് തെഹ്‌റാനിലേക്ക് കൊണ്ടുവന്നു. ലോക നേതാക്കള്‍ തെഹ്‌റാനിലെത്തി അന്ത്യോപചാരം അര്‍പ്പിക്കാന്‍ തുടങ്ങിയിട്ടുണ്ട്.

ഇത്രയും കാലം എങ്ങനെയാണ് അലി ഖാംനഇയുടെ മൃതദേഹം ഇറാന്‍ സൂക്ഷിച്ചത് എന്ന ചോദ്യം സ്വാഭാവികമാണ്. 86കാരനായ അലി ഖാംനഇയുടെ മാത്രമല്ല, അദ്ദേഹത്തിന്റെ ഭാര്യയും മക്കളും ഉള്‍പ്പെടെ നിരവധി പേര്‍ ഫെബ്രുവരി 28ലെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. എല്ലാവരുടെയും സംസ്‌കാരം ഒരുമിച്ചാണ് നടത്താന്‍ പോകുന്നത്. ശീതീകരണ സംവിധാനത്തിലാണ് എല്ലാം സൂക്ഷിച്ചതത്രെ.

മരിച്ച വ്യക്തിയുടെ സംസ്‌കാരം എത്രയും വേഗം നടത്തണം എന്നാണ് ഇസ്ലാമിക നിയമം. എന്നാല്‍ രാഷ്ട്ര നേതാക്കളുടെ ഭൗതിക ശരീരം സംസ്‌കരിക്കുന്നതിന് മുമ്പ് അടുത്ത നേതാവിനെ തിരഞ്ഞെടുക്കാറുണ്ട്. എങ്കിലും മൂന്ന് ദിവസം വരെ കാത്തിരിക്കുന്ന സാഹചര്യമേ ഉണ്ടാകൂ. എന്നാല്‍ അലി ഖാംനഇയുടെ മൃതദേഹം സൂക്ഷിക്കാന്‍ തുടങ്ങിയിട്ട് 4 മാസം പിന്നിട്ടു. അപൂര്‍വമായി മാത്രമേ ഇങ്ങനെ സംഭവിച്ചിട്ടുള്ളൂ എന്ന് ഇറാനിലെ രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു.

യുദ്ധം കാരണം സുരക്ഷിതമായ അന്തരീക്ഷം ഇല്ലാത്തതിനാലാണ് സംസ്‌കാരം വൈകിയത്. ആത്മീയ നേതാവിന്റെ ഖബറടക്കത്തിന് ലക്ഷക്കണക്കിന് ആളുകള്‍ എത്തുന്ന വേളയില്‍ ഒരുഭാഗത്ത് യുദ്ധം തുടരുന്നത് ഉചിതമാകില്ലെന്ന് മനസിലാക്കിയാണ് സംസ്‌കാരം വൈകിപ്പിച്ചത്. യുദ്ധം ഏകദേശം അവസാനിച്ച മട്ടാണ്. അമേരിക്കയുമായി ചര്‍ച്ച നടത്തി താല്‍ക്കാലിക യുദ്ധവിരാമം ആയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഖബറടക്കം തീരുമാനിച്ചത്. ഇതിന് ശേഷം ചര്‍ച്ച തുടരും.

മൃതദേഹം കെമിക്കല്‍ എംബാമിങ് ചെയ്തിട്ടില്ല

മതപരമായ എല്ലാ ബാധ്യതകളും നിറവേറ്റിയാണ് അലി ഖാംനഇയുടെ ഭൗതിക ശരീരം സൂക്ഷിച്ചിരുന്നത് എന്ന് ഇറാന്‍ ഉദ്യോഗസ്ഥര്‍ പറയുന്നു. കെമിക്കല്‍ എംബാമിങ് ചെയ്തിട്ടില്ല. ശീതീകരണ സംവിധാനത്തില്‍ സൂക്ഷിക്കുകയാണ് ചെയ്തത്. കെമിക്കല്‍ എംബാമിങ് ഇസ്ലാം പ്രോല്‍സാഹിപ്പിക്കുന്നില്ലെന്നും യുദ്ധ നിരീക്ഷകനായ ഡോ. മുഹമ്മദ് ഉമര്‍ ഫോക്‌സ് ന്യൂസ് ഡിജിറ്റലിനോട് പറഞ്ഞു.


നിലവില്‍ തെഹ്‌റാനിലുള്ള മൃതദേഹം ഇനി ഇറാഖിലെ കര്‍ബല, നജഫ് എന്നീ നഗരങ്ങളില്‍ എത്തിച്ച ശേഷം വീണ്ടും ഇറാനിലേക്ക് കൊണ്ടുവരും. ഷിയാക്കള്‍ പുണ്യ കേന്ദ്രമായി കരുതുന്ന നഗരങ്ങളാണിത്. ശേഷം ഇറാനിലെ ഖും നഗരത്തിലേക്ക് കൊണ്ടുവരും. അവസാനമാണ് അലി ഖാംനഇയുടെ ജന്മനാടായ മഷ്ഹദില്‍ എത്തിക്കുക. ജൂലൈ 9ന് ഖബറടക്കും.


പ്രിയ നേതാവിന് അന്ത്യയാത്ര നല്‍കാന്‍ ഒരു കോടിയില്‍ അധികം പേര്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ട് കോടി പേര്‍ എത്തുമെന്ന് ഇറാന്‍ ഉദ്യോഗസ്ഥര്‍ അവകാശപ്പെടുന്നുണ്ട്. ഇസ്ലാമിക് വിപ്ലവത്തിന് ശേഷം ചുമതലയേറ്റ ആദ്യ പരമോന്നത നേതാവ് ആയത്തുല്ല റൂഹുല്ല ഖുമൈനിയുടെ അന്ത്യയാത്രയ്ക്കിടെ അനിഷ്ട സംഭവങ്ങളുണ്ടായിരുന്നു. തിക്കും തിരക്കും കാരണം മൃതദേഹത്തിന്റെ ചില ഭാഗങ്ങളില്‍ നിന്ന് തുണി നീങ്ങി. ഒടുവില്‍ ജനക്കൂട്ടത്തെ സാഹസപ്പെട്ട് മാറ്റിയാണ് സൈന്യം തുടര്‍ നടപടികള്‍ അന്ന് സ്വീകരിച്ചത്. അത്തരം സാഹചര്യം ഒഴിവാക്കന്‍ ഇറാന്‍ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.

Post a Comment

أحدث أقدم
Join Our Whats App Group