Join News @ Iritty Whats App Group

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെൻഷൻകാര്‍ക്കും സതീശൻ സര്‍ക്കാരിന്റെ ഓണസമ്മാനം. ജനുവരിയിലെ 2ശതമാനം ക്ഷാമബത്തയും ഏഴുമാസത്തെ കുടിശികയും പണമായി കൈയില്‍കിട്ടും

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെൻഷൻകാര്‍ക്കും സതീശൻ സര്‍ക്കാരിന്റെ ഓണസമ്മാനം. ജനുവരിയിലെ 2ശതമാനം ക്ഷാമബത്തയും ഏഴുമാസത്തെ കുടിശികയും പണമായി കൈയില്‍കിട്ടും


തിരുവനന്തപുരം: ബജറ്റില്‍ പ്രതീക്ഷിച്ച ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കാത്തതിനാല്‍ നിരാശരായിരുന്ന സർക്കാർ ജീവനക്കാർക്ക് വി.ഡി.സതീശൻ സർക്കാരിന്റെ ഓണസമ്മാനമായി കൂടുതല്‍ ആനുകൂല്യങ്ങള്‍ ഉടൻ.

ജീവനക്കാർക്കും പെൻഷൻകാർക്കും ജനുവരിയിലെ ക്ഷാമബത്ത ആയ 2% ഡി.എ.യും തത്തുല്യമായ ഡി.ആറും ഓണത്തിന് ബോണസിനും ഉല്‍സവബത്തയ്ക്കും ഒപ്പം അനുവദിക്കുന്നതാണ് സർക്കാരിന്റെ പരിഗണനയില്‍.

ജനുവരി മുതല്‍ മുൻകാല പ്രാബല്യവും ഉണ്ടാവും. ഏഴുമാസത്തെ കുടിശിക പണമായി ഓണക്കാലത്ത് നല്‍കാനാണ് ശ്രമം. കഴിഞ്ഞ അഞ്ചുവർഷക്കാലത്തിനിടയില്‍ ആദ്യമായാണ് ഡി.എ.കുടിശിക പണമായി കിട്ടാൻ പോകുന്നത്.

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി അത്ര മെച്ചമല്ലെങ്കിലും ജീവനക്കാരുടെയും പെൻഷൻകാരുടെയും പരാതികളും ആശങ്കകളും പരിഗണിച്ചാണ് ആശ്വാസ നടപടികളിലേക്ക് സർക്കാർ കടക്കാനൊരുങ്ങുന്നത്.

വി.ഡി സതീശന്റെ ആദ്യ ബജറ്റില്‍, ജനുവരി മുതല്‍ അനുവദിക്കേണ്ട രണ്ട് ശതമാനം ഡി.എ (ക്ഷാമബത്ത) കുടിശികയെങ്കിലും പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ജീവനക്കാർ. ബജറ്റില്‍ അതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായില്ല.

കോണ്‍ഗ്രസ് അനുകൂല സർവീസ് സംഘടനകള്‍ ജനുവരിയിലെ ഡി.എ കുടിശിക അനുവദിക്കാത്തതില്‍ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.

വരാനിരിക്കുന്ന ഡി.എകള്‍ കുടിശികയാക്കാതെ സമയബന്ധിതമായി നല്‍കുമെന്ന സർക്കാരിന്റെ ഉറപ്പാണ് ബജറ്റില്‍ ഉണ്ടായിരുന്നത്.

ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെങ്കിലും ജനുവരിയിലെ രണ്ട് ശതമാനം ഡി.എ മന്ത്രിസഭയുടെ പ്രത്യേക തീരുമാനത്തിലൂടെ അനുവദിക്കുമെന്ന് ജീവനക്കാർ പ്രതീക്ഷിച്ചിരുന്നു. ഇതാണ് ഇപ്പോള്‍ നടപ്പാക്കാൻ സർക്കാർ ഒരുങ്ങുന്നത്.

ഓണം ബോണസിനൊപ്പം ഡി.എ ആനുകൂല്യങ്ങള്‍ കൂടി പണമായി ലഭിക്കുന്നതോടെ ജീവനക്കാരുടെ ഓണം കളറാവും.

ആനുകൂല്യങ്ങള്‍ ഓണക്കാലത്ത് നല്‍കിയാല്‍ അത്രയും തുക വിപണിയിലേക്ക് എത്തുമെന്നും സാമ്പത്തിക ക്രയവിക്രയത്തിലൂടെ വിപണി കൂടുതല്‍ സജീവമാവുമെന്നും സർക്കാർ കണക്കുകൂട്ടുന്നു. രണ്ടാം പിണറായി വിജയൻ സർക്കാർ വന്നതിന് ശേഷം ഒരു ക്ഷാമബത്തയ്ക്കും മുൻകാലപ്രാബല്യം നല്‍കിയില്ല.

2019ല്‍ നടപ്പാക്കേണ്ടിയിരുന്ന ശമ്പളപരിഷ്ക്കരണം 2021ലാണ് നടപ്പാക്കിയത്. അതിനൊപ്പം അന്ന് കുടിശികയുണ്ടായിരുന്ന 7% ഡി.എ.യും ലയിപ്പിച്ചു.

2021ന് ശേഷം 2025 ജൂലൈ വരെയുള്ള ഡി.എ. ഈ വർഷം ആദ്യം അനുവദിച്ചുവെങ്കിലും കുടിശിക നല്‍കിയില്ല.

നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് പിണറായി സർക്കാർ ഇറക്കിയ ഉത്തരവില്‍ ഡി.എ.കുടിശിക എട്ടു തുല്യഗഡുക്കളായി പ്രോവിഡന്റ് ഫണ്ടില്‍ ഇടുമെന്നാണ് ഉറപ്പ് നല്‍കിയത്. അത് 2026 ഏപ്രില്‍ മുതല്‍ നല്‍കിത്തുടങ്ങുമെന്നും പറഞ്ഞിരുന്നു.

നിലവില്‍ സർക്കാർ ജീവനക്കാർക്ക് 35% ഡി.എ.ആണ് നല്‍കുന്നത്. ജനുവരിയിലെ 2%ഡി.എ.കൂടി നല്‍കുന്നതോടെ അത് 37%ആകും.

ഡി.എ.നല്‍കാൻ 54.20കോടിയും പെൻഷൻകാർക്ക് ഡി.ആർ.നല്‍കാൻ 38.60കോടിയും ഉള്‍പ്പെടെ മാസം 97.80കോടിയുടെ അധികചെലവുണ്ടാകും. ഓണക്കാലത്ത് ഏഴുമാസത്തെ കുടിശിക കൂടി നല്‍കുന്നതോടെ 684.60കോടിരൂപ സർക്കാരിന് കണ്ടെത്തേണ്ടിവരും.

ജീവിതചെലവിലുണ്ടാകുന്ന വർദ്ധനയ്ക്ക് അനുസരിച്ച്‌ ഓരോ വർഷവും ജനുവരി, ജൂലൈ മാസങ്ങളിലാണ് ക്ഷാമബത്തയും ക്ഷാമാശ്വാസവും പ്രഖ്യാപിക്കുന്നത്.

കേന്ദ്രസർക്കാർ ഇത് പ്രഖ്യാപിച്ചതിന് പിന്നാലെ സംസ്ഥാനത്തെ ഐ.എ.എസ്, ഐ.പി.എസ്. തുടങ്ങിയ സിവില്‍ സർവ്വീസ് ഉദ്യോഗസ്ഥർക്ക് അത് അനുവദിക്കും.

അതിന് ശേഷമാണ് സംസ്ഥാന സർക്കാർ ജീവനക്കാർക്കും സർവ്വീസ് പെൻഷൻകാർക്കും ക്ഷാമബത്ത അനുവദിക്കുക. ഈ വർഷം ജൂലായ് മാസത്തില്‍ 3.% ക്ഷാമബത്തയാണ് അനുവദിക്കാനിരിക്കുന്നത്.

കേന്ദ്രസർക്കാർ ഈ മാസം അവസാനത്തോടെ അത് പ്രഖ്യാപിക്കും. അതുകൂടി അനുവദിച്ചാല്‍ ഈ വർഷം അവസാനത്തോടെ സംസ്ഥാനസർക്കാർ ജീവനക്കാർക്ക് ഡി.എ.40% ആയി വർദ്ധിക്കും.

ശമ്പളപരിഷ്ക്കരണം നീണ്ടുപോകുന്നിനാല്‍ ചരിത്രത്തിലെ ഏറ്റവും കൂടിയ ഡി.എ.ആയിരിക്കും കേരളത്തിലെ ജീവനക്കാർക്ക് ലഭിക്കുക.

2021 ജനുവരി മുതല്‍ 2025 ജൂലായ് വരെ 35 ശതമാനം ക്ഷാമബത്തയാണ് ലഭിക്കേണ്ടത്. 39,000 കോടിയാണ് കുടിശ്ശികയായി നല്‍കേണ്ടത്. മുൻകാല പ്രാബല്യത്തെപ്പറ്റി വ്യക്തമാക്കാതെയായിരുന്നു ഓരോതവണയും ക്ഷാമബത്ത അനുവദിച്ചിരുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group