Join News @ Iritty Whats App Group

മട്ടന്നൂരിൽ 23 കോടിയുടെ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് തറക്കല്ലിട്ട്‌ നാല്‌ മാസം; നിര്‍മാണം തുടങ്ങിയില്ല

മട്ടന്നൂരിൽ 23 കോടിയുടെ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് തറക്കല്ലിട്ട്‌ നാല്‌ മാസം; നിര്‍മാണം തുടങ്ങിയില്ല


ട്ടന്നൂരിലെ കായികമേഖലയ്‌ക്ക് വലിയ പ്രതീക്ഷ നല്‍കിയ 23 കോടിയുടെ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് പദ്ധതിയുടെ നിര്‍മ്മാണം തറക്കല്ലിട്ട്‌ നാല്‌ മാസം പിന്നിട്ടിട്ടും ആരംഭിച്ചില്ല.

കഴിഞ്ഞ മാര്‍ച്ചില്‍ അന്നത്തെ എം.എല്‍.എ കെ.കെ. ശൈലജ തറക്കല്ലിട്ട പദ്ധതിയുടെ പ്രാഥമിക നടപടികള്‍ പോലും ഇതുവരെ പൂര്‍ത്തിയായിട്ടില്ലെന്നാണ്‌ പരാതി.
മട്ടന്നൂര്‍ നഗരസഭയിലെ ഇല്ലമൂലയില്‍, അയ്യല്ലൂര്‍ റോഡില്‍ കനാലിന്‌ സമീപം ഇറിഗേഷന്‍ വകുപ്പില്‍ നിന്ന്‌ വിട്ടുകിട്ടിയ 3.90 ഏക്കര്‍ സ്‌ഥലത്താണ്‌ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് നിര്‍മിക്കുന്നത്‌. ഒന്നാം ഘട്ടത്തില്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയം, പ്ലയേഴ്‌സ് റൂം, ബാസ്‌കറ്റ്‌ബോള്‍, വോളിബോള്‍, ബാഡ്‌മിന്റണ്‍ കോര്‍ട്ടുകള്‍, ഫിറ്റ്‌നസ്‌ സെന്റര്‍, 2,600 പേര്‍ക്ക്‌ ഇരിക്കാവുന്ന ഗാലറി എന്നിവയാണ്‌ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. രണ്ടാംഘട്ടത്തില്‍ സ്വിമ്മിങ്‌ പൂളും അക്വാട്ടിക്‌ കോംപ്ലക്‌സും നിര്‍മിക്കാനാണ്‌ തീരുമാനം.

ഒന്നര വര്‍ഷത്തിനകം പദ്ധതി പൂര്‍ത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ നാല്‌ മാസം കഴിഞ്ഞിട്ടും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഒരുക്കങ്ങള്‍ പോലും സ്‌ഥലത്ത്‌ നടന്നിട്ടില്ല. ഇതോടെ വന്‍ പ്രതീക്ഷയോടെ പദ്ധതി കാത്തിരുന്ന കായികപ്രേമികളും നാട്ടുകാരും നിരാശയിലാണ്‌.മട്ടന്നൂര്‍ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി പ്രതിഭാധനരായ കായികതാരങ്ങള്‍ ഉണ്ടെങ്കിലും ആധുനിക പരിശീലന സൗകര്യങ്ങളുള്ള സ്‌റ്റേഡിയമോ സ്‌പോര്‍ട്‌സ് കോംപ്ലക്‌സോ ഇല്ലാത്തത്‌ വലിയ പരിമിതിയാണ്‌. ഈ സാഹചര്യത്തിലാണ്‌ പുതിയ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് പ്രഖ്യാപിക്കപ്പെട്ടത്‌.
അതേസമയം, നിലവിലെ മട്ടന്നൂര്‍ നഗരസഭാ സ്‌റ്റേഡിയത്തിന്റെ അവസ്‌ഥയും പരിതാപകരമാണ്‌. സ്‌ഥലപരിമിതിയും അടിസ്‌ഥാന സൗകര്യങ്ങളുടെ അഭാവവും കാരണം വലിയ കായികമേളകള്‍ സംഘടിപ്പിക്കാന്‍ കഴിയുന്നില്ല. കാണികള്‍ക്കുള്ള ഗാലറിയും മറ്റ്‌ അടിസ്‌ഥാന സൗകര്യങ്ങളും അപര്യാപ്‌തമാണ്‌. മഴക്കാലത്ത്‌ സ്‌റ്റേഡിയം ചെളിക്കുളമായി മാറുന്നതും കായികതാരങ്ങള്‍ക്ക്‌ തിരിച്ചടിയാകുന്നു. മഴ പെയ്‌താല്‍ മൈതാനത്തിന്റെ വലിയ ഭാഗം വെള്ളക്കെട്ടിലാകുന്നതിനാല്‍ പരിശീലനം പോലും തടസ്സപ്പെടുന്നു.
നഗരസഭാ ഓഫീസിലേക്കും സമീപത്തെ വ്യാപാര സ്‌ഥാപനങ്ങളിലേക്കും എത്തുന്ന വാഹനങ്ങളുടെ പാര്‍ക്കിങ്ങും മറ്റ്‌ പരിപാടികള്‍ക്കായി മൈതാനം ഉപയോഗിക്കുന്നതും ഗ്രൗണ്ടിന്റെ നിലവാരം കൂടുതല്‍ മോശമാക്കുന്നുവെന്ന്‌ കായികപ്രേമികള്‍ പറയുന്നു. 23 കോടിയുടെ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് യാഥാര്‍ഥ്യമായാല്‍ മട്ടന്നൂരിലെ കായികരംഗത്തിന്‌ പുതിയ ഉണര്‍വ്‌ ലഭിക്കുമെന്നാണ്‌ പ്രതീക്ഷ. എന്നാല്‍ നിര്‍മ്മാണം എപ്പോള്‍ ആരംഭിക്കുമെന്ന കാര്യത്തില്‍ ഇതുവരെ വ്യക്‌തതയില്ലാത്തത്‌ കായികപ്രേമികളില്‍ ആശങ്ക വര്‍ധിപ്പിക്കുകയാണ്‌.

Post a Comment

Previous Post Next Post
Join Our Whats App Group