"മാർക്ക് പൂജ്യം, എങ്കിലും നിയമനം", 17 ഹൈക്കോടതി ജീവനക്കാരെ പിരിച്ചുവിടാൻ ഉത്തരവ്
ചെന്നൈ:മദ്രാസ് ഹൈക്കോടതിയിൽ ജഡ്ജിമാരുടെ 17 പേഴ്സണൽ അസിസ്റ്റന്റുമാരുടെ നിയമനത്തിൽ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. 2023-ൽ നടന്ന ഈ നിയമന പ്രക്രിയയിൽ യോഗ്യതയില്ലാത്ത ഉദ്യോഗാർത്ഥികൾക്കായി സർവീസ് ചട്ടങ്ങളിൽ വഴിവിട്ട ഇളവുകൾ നൽകിയതായും മെറിറ്റ് പൂർണ്ണമായി അട്ടിമറിച്ചതായും കോടതി കണ്ടെത്തി. 2024-ൽ കോടതി സ്വമേധയാ എടുത്ത ഹർജി പരിഗണിച്ചാണ് ജസ്റ്റിസ് എസ്.എം. സുബ്രഹ്മണ്യം, ജസ്റ്റിസ് എൻ. സെന്തിൽകുമാർ എന്നിവരടങ്ങിയ ബെഞ്ച് ഈ സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്.
യോഗ്യതാ പരീക്ഷയിൽ പൂജ്യം മാർക്ക് ലഭിച്ചവരെ വരെ ഈ തസ്തികയിലേക്ക് തിരഞ്ഞെടുത്തതായും, അർഹരായവർക്ക് മുൻഗണന നൽകേണ്ട ഓപ്പൺ പൂൾ ചട്ടങ്ങൾ അട്ടിമറിക്കപ്പെട്ടതായും കോടതി നിരീക്ഷിച്ചു. ഇത്തരം ക്രമക്കേടുകൾ നീതിന്യായ വ്യവസ്ഥയുടെ സുതാര്യതയെ ബാധിക്കുമെന്നും പൊതുജനങ്ങൾക്ക് തെറ്റായ സന്ദേശം നൽകുമെന്നും വ്യക്തമാക്കിയ കോടതി, ഈ നിയമനങ്ങൾ പൂർണ്ണമായും റദ്ദാക്കാൻ ഉത്തരവിടുകയായിരുന്നു.
Post a Comment