16കാരിയെ അര്‍ധരാത്രിയില്‍ വീട്ടില്‍നിന്ന് ചായ കുടിക്കാൻ കൊണ്ടുപോയി ലഹരി നല്‍കി; യുവതിയുള്‍പ്പെടെ ആറുപേര്‍ പിടിയില്‍
വയനാട് മാനന്തവാടിയില്‍ 16 വയസ്സുകാരിയെ അർധരാത്രിയില്‍ വീട്ടില്‍നിന്ന് കൂട്ടിക്കൊണ്ടുപോയി മദ്യവും ലഹരിയും നല്‍കിയ കേസില്‍ യുവതിയുള്‍പ്പെടെ രണ്ട് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു.
അഞ്ചുകുന്ന് കല്ലിട്ടാംകുഴി സ്വദേശി ജെനീലിയ (19), കണിയാരം പാലാക്കുളി പോത്തനാട്ടില്‍ എ.വി. അജിത്ത് (23) എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി.
സംഭവവുമായി ബന്ധപ്പെട്ട് റോബിൻ കെ. ജോയ് (20), അമല്‍ കൃഷ്ണ (20), കെ.വി. ജിതിൻ (22), സി. അജിത്കുമാർ (23) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ഈ മാസം 12-നാണ് സംഭവം നടന്നത്. രാത്രി ഉറങ്ങാൻ കിടന്നിരുന്ന പെണ്‍കുട്ടിയെ ഒരു പെണ്‍സുഹൃത്ത് വീട്ടിന് പുറത്തേക്ക് വിളിച്ചിറക്കിയെന്നാണ് പൊലീസ് പറയുന്നത്. ചായ കുടിക്കാൻ പോകാം എന്ന് പറഞ്ഞാണ് പെണ്‍കുട്ടിയെ വീട്ടില്‍നിന്ന് കൂട്ടിക്കൊണ്ടുപോയത്.
പിന്നീട് യുവാക്കള്‍ക്കൊപ്പം ചേർന്ന് പെണ്‍കുട്ടിക്ക് നിർബന്ധിച്ച് മദ്യം നല്‍കുകയും സിഗരറ്റ് വലിപ്പിക്കുകയും ചെയ്തതായി അന്വേഷണത്തില്‍ കണ്ടെത്തി. തുടർന്ന് കണിയാരം ഭാഗത്ത് നടന്ന വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ നിലയില്‍ പെണ്‍കുട്ടിയെ അമല്‍ കൃഷ്ണയ്ക്കൊപ്പമാണ് കണ്ടെത്തിയത്.
ആദ്യം മാനന്തവാടി ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും പെണ്‍കുട്ടിയെ മാറ്റി. കാലിനും മുഖത്തും ഗുരുതര പരിക്കുകളോടെ ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
രാത്രി ഒന്നരയോടെയാണ് മകള്‍ അപകടത്തില്‍പ്പെട്ട വിവരം ഫോണ്‍വിളിയിലൂടെ രക്ഷിതാക്കള്‍ അറിയുന്നത്. വീട്ടില്‍ പരിശോധിച്ചപ്പോള്‍ അടുക്കള വാതില്‍ തുറന്നുകിടക്കുന്നതായി കണ്ടെത്തി. ചികിത്സയ്ക്കിടെ ബോധം വീണ്ടെടുത്ത ശേഷം, ഒരു പെണ്‍സുഹൃത്തും രണ്ട് യുവാക്കളും ചേർന്നാണ് തന്നെ വീട്ടില്‍നിന്ന് കൂട്ടിക്കൊണ്ടുപോയതെന്ന് പെണ്‍കുട്ടി മാതാപിതാക്കളോട് പറഞ്ഞു.
സംഭവത്തില്‍ കൂടുതല്‍ പേർക്ക് പങ്കുണ്ടോയെന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ മാനന്തവാടി പൊലീസ് അന്വേഷിച്ചുവരികയാണ്.
إرسال تعليق