16 ദിവസം പ്രായമായ സ്വന്തം കുഞ്ഞിനെ ആശുപത്രിയില്‍ അപരിചിതയായ സ്ത്രീയെ ഏല്‍പിച്ച് യുവതി മുങ്ങി; അന്വേഷണം
കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രസവിച്ച 16 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച് അമ്മ കടന്നുകളഞ്ഞതായി പരാതി. വയനാട് സ്വദേശിനിയായ ഷാഹിന എന്ന യുവതിയാണ് കുഞ്ഞിനെ അപരിചിതയായ മറ്റൊരു സ്ത്രീയുടെ കൈയില്‍ ഏല്‍പ്പിച്ച ശേഷം ആശുപത്രി പരിസരത്ത് നിന്ന് മുങ്ങിയതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇന്ന് വൈകീട്ടോടെയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.
കുഞ്ഞിനെ ഏല്‍പിച്ച സ്ത്രീ പിന്നീട് മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. തുടര്‍ന്ന് വനിതാ പോലീസിന്റെ സംരക്ഷണയില്‍ കുഞ്ഞിനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ലഭിക്കുന്ന വിവരം.
കുഞ്ഞിനെ പോലീസ് സ്റ്റേഷനിലെത്തിച്ച സ്ത്രീയുടെ മൊഴി പോലീസ് വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. ആശുപത്രിയില്‍ നിന്ന് കടന്നുകളഞ്ഞ യുവതിയുടെ ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാന്‍ പോലീസ് പലതവണ ശ്രമിച്ചെങ്കിലും സ്വിച്ച്ഡ് ഓഫ് ചെയ്ത നിലയിലാണ്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കുഞ്ഞിന്റെ മാതാവിനെ എത്രയും വേഗം കണ്ടെത്തുന്നതിനുള്ള നടപടികള്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ചാണ് അന്വേഷണം മുന്നോട്ടുകൊണ്ടുപോകുന്നതെന്നും പോലീസ് അറിയിച്ചു.
Post a Comment