Join News @ Iritty Whats App Group

ആഴമില്ലാത്ത ചെറിയൊരു മുറിവിന് എന്തിനായിരുന്നു ജനറല്‍ അനസ്‌തേഷ്യ? പയ്യന്നൂര്‍ ബിഎംഎച്ചിലെ ഡോക്ടര്‍മാര്‍ക്ക് സംഭവിച്ചത് ഗുരുതരമായ വീഴ്ചയെന്ന് മെഡിക്കല്‍ ബോര്‍ഡ്; 10 മിനിറ്റില്‍ കുഞ്ഞിന്റെ തലച്ചോറിലേക്കുള്ള ഓക്‌സിജന്‍ നിലച്ചു; ഡോക്ടര്‍മാര്‍ ഫോണ്‍ ഓഫാക്കി ഒളിവില്‍; ബോര്‍ഡ് പച്ചക്കൊടി വീശിയതോടെ നിയമനടപടി കടുക്കും

ആഴമില്ലാത്ത ചെറിയൊരു മുറിവിന് എന്തിനായിരുന്നു ജനറല്‍ അനസ്‌തേഷ്യ? പയ്യന്നൂര്‍ ബിഎംഎച്ചിലെ ഡോക്ടര്‍മാര്‍ക്ക് സംഭവിച്ചത് ഗുരുതരമായ വീഴ്ചയെന്ന് മെഡിക്കല്‍ ബോര്‍ഡ്; 10 മിനിറ്റില്‍ കുഞ്ഞിന്റെ തലച്ചോറിലേക്കുള്ള ഓക്‌സിജന്‍ നിലച്ചു; ഡോക്ടര്‍മാര്‍ ഫോണ്‍ ഓഫാക്കി ഒളിവില്‍; ബോര്‍ഡ് പച്ചക്കൊടി വീശിയതോടെ നിയമനടപടി കടുക്കും


ണ്ണൂര്‍: പയ്യന്നൂരില്‍ ഒന്നര വയസ്സുകാരന്‍ ദേവാന്‍ഷ് ശൗര്യ മരണപ്പെട്ട സംഭവത്തില്‍ പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചതായി മെഡിക്കല്‍ ബോര്‍ഡിന്റെയും വിലയിരുത്തല്‍.

ഡോക്ടര്‍മാരുടെ ഭാഗത്തുനിന്നുണ്ടായത് കുറ്റകരമായ അനാസ്ഥയാണെന്നും കുട്ടിക്ക് ജനറല്‍ അനസ്‌തേഷ്യ നല്‍കേണ്ട യാതൊരു സാഹചര്യവും ഉണ്ടായിരുന്നില്ലെന്നും മെഡിക്കല്‍ ബോര്‍ഡ് വ്യക്തമാക്കി.

കുട്ടിയുടെ മരണകാരണം അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെ തലച്ചോറിലേക്കുള്ള ഓക്‌സിജന്‍ പ്രവാഹം നിലച്ചതാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിട്ടുണ്ട്. അനസ്‌തേഷ്യ നല്‍കി വെറും പത്ത് മിനിട്ടിനകം തലച്ചോറിലേക്കുള്ള രക്തയോട്ടം കുറയുകയും തുടര്‍ന്ന് ബോധരഹിതനായ കുട്ടി അഞ്ച് ദിവസത്തിന് ശേഷം മരണത്തിന് കീഴടങ്ങുകയുമായിരുന്നു. കുഞ്ഞിന്റെ ചുണ്ടിലും താടിയിലുമുണ്ടായ മുറിവുകള്‍ ആഴത്തിലുള്ളതല്ലായിരുന്നെന്നും, അതിനാല്‍ ജനറല്‍ അനസ്തീഷ്യ നല്‍കിയുള്ള ശസ്ത്രക്രിയയുടെ ആവശ്യമില്ലായിരുന്നുവെന്നും പരിയാരം മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

രാവിലെ 10.15-ന് ചികിത്സ തേടിയെത്തിയ കുട്ടിക്ക് വൈകിട്ട് 4.15-നാണ് അനസ്തീഷ്യ നല്‍കിയത്. അനസ്‌തേഷ്യ നല്‍കിയ പയ്യന്നൂരിലെ ആശുപത്രിയില്‍ ഇതിനാവശ്യമായ മതിയായ സൗകര്യങ്ങള്‍ ഉണ്ടായിരുന്നുവോ എന്ന കാര്യത്തില്‍ വലിയ സംശയമാണ് ഉയരുന്നത്. കുറ്റക്കാരായ ഡോക്ടര്‍മാര്‍ക്കെതിരെ കൃത്യമായ അന്വേഷണം നടത്തി പോലീസിന് നിയമനടപടി സ്വീകരിക്കാമെന്ന് മെഡിക്കല്‍ ബോര്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്. ഈ മെഡിക്കല്‍ ബോര്‍ഡിന്റെ ഔദ്യോഗിക റിപ്പോര്‍ട്ട് മൂന്ന് ദിവസത്തിനകം പോലീസിന് കൈമാറും. അതേസമയം, മെഡിക്കല്‍ ബോര്‍ഡ് യോഗത്തിനിടെ ജില്ലാ മെഡിക്കല്‍ ഓഫീസറും (ഡി.എം.ഒ) സര്‍ക്കാര്‍ പ്ലീഡറും തമ്മില്‍ കടുത്ത തര്‍ക്കമുണ്ടായി. കൂടുതല്‍ അംഗങ്ങളെ യോഗത്തില്‍ പങ്കെടുപ്പിക്കാന്‍ ഡി.എം.ഒ അനുമതി നല്‍കിയതിനെ സര്‍ക്കാര്‍ പ്ലീഡര്‍ എതിര്‍ത്തതാണ് ഈ തര്‍ക്കത്തിന് കാരണമായത്.

കഴിഞ്ഞ ഞായറാഴ്ചയാണ് പയ്യന്നൂര്‍ എരമം സ്വദേശികളായ സൂരജിന്റെയും വിജിഷയുടെയും ഏക മകനായ ദേവാന്‍ഷ് ശൗര്യക്ക് കളിക്കുന്നതിനിടെ വീണ് പരിക്കേറ്റത്. ചുണ്ടിലും താടിയിലുമുണ്ടായ മുറിവിന് തുന്നലിടാന്‍ (സ്റ്റിച്ച്‌ ഇടാന്‍) പയ്യന്നൂര്‍ ബി.എം.എച്ച്‌ ആശുപത്രിയില്‍ വെച്ച്‌ അനസ്തീഷ്യ നല്‍കിയതിന് പിന്നാലെ കുഞ്ഞ് അതീവ ഗുരുതരാവസ്ഥയിലാവുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ കണ്ണൂര്‍ ബി.എം.എച്ച്‌ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വെള്ളിയാഴ്ച രാത്രിയോടെ കുഞ്ഞ് മരണപ്പെട്ടു.

നിലവില്‍ അനസ്തീഷ്യ നല്‍കിയ ഡോക്ടര്‍ അഞ്ജലി പൊതുവാളിനെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതിന് പുറമെ പീഡിയാട്രീഷ്യന്‍ ഡോ. ആശ നിര്‍മ്മല്‍, പ്ലാസ്റ്റിക് സര്‍ജന്‍ ഡോ. ആരതി എന്നിവരും അന്വേഷണ പരിധിയിലുണ്ട്. എന്നാല്‍ നിലവില്‍ ഇവരുടെ ഫോണുകള്‍ സ്വിച്ച്‌ ഓഫാണ്. ഇവര്‍ മൂന്ന് പേരും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രി മാനേജ്മെന്റിനെ പോലീസ് ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.

മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കുന്നതിനായി അന്വേഷണ ഉദ്യോഗസ്ഥനായ പയ്യന്നൂര്‍ ഡി.വൈ.എസ്.പി കണ്ണൂര്‍ ഡി.എം.ഒയ്ക്ക് കത്ത് നല്‍കിയിരുന്നു. പോലീസ് ശേഖരിച്ച എല്ലാ ചികിത്സാ രേഖകളും മെഡിക്കല്‍ ബോര്‍ഡിന് കൈമാറും. ഇവരുടെ റിപ്പോര്‍ട്ട് പൂര്‍ണ്ണമായി ലഭിച്ച ശേഷമാകും പോലീസ് തുടര്‍ന്നുള്ള അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കുക. നിലവിലെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്ലാസ്റ്റിക് സര്‍ജന്റെയും ശിശുരോഗ വിദഗ്ദ്ധയുടെയും പേരില്‍ പോലീസ് കേസെടുത്തേക്കും.

അനസ്തീഷ്യ നല്‍കിയതിന് പിന്നാലെ ഗുരുതരാവസ്ഥയിലായി മരണപ്പെട്ട ദേവാന്‍ഷ് ശൗര്യയുടെ വീട്ടില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍പേഴ്‌സണും അംഗങ്ങളും കഴിഞ്ഞ തിങ്കളാഴ്ച സന്ദര്‍ശനം നടത്തിയിരുന്നു. കുട്ടിയുടെ പിതാവ് സൂരജ്, മാതാവ് വിജിഷ, മറ്റ് കുടുംബാംഗങ്ങള്‍ എന്നിവരുമായി കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ കെ.വി. മനോജ് കുമാറും മറ്റ് അംഗങ്ങളും നേരിട്ട് സംസാരിച്ച്‌ വിവരങ്ങള്‍ ശേഖരിച്ചു. കേസിലെ അന്വേഷണ ഉദ്യോഗസ്ഥനുമായുള്ള യോഗം മൂന്നു ദിവസത്തിനുള്ളില്‍ ഓണ്‍ലൈനായി നടത്തുമെന്നും അതിന്റെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വീകരിക്കേണ്ട തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യുമെന്നും ചെയര്‍പേഴ്സണ്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

കേസില്‍ അതീവ ഗുരുതരമായ കുറ്റകൃത്യമാണ് നടന്നിട്ടുള്ളതെന്നും, ആശുപത്രിയുടെ ഭാഗത്തുനിന്ന് കുറ്റകരമായ അനാസ്ഥയും കടുത്ത അലംഭാവവും ഉണ്ടായിട്ടുണ്ടെന്നാണ് കുട്ടിയുടെ രക്ഷിതാക്കളോട് സംസാരിച്ചതില്‍ നിന്നും വ്യക്തമായതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഈ വിഷയത്തില്‍ ബാലാവകാശ കമ്മീഷന് ചെയ്യാന്‍ സാധിക്കുന്ന പരമാവധി കാര്യങ്ങള്‍ ചെയ്യുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. കമ്മീഷന്‍ അംഗങ്ങളായ ബി. മോഹന്‍ കുമാര്‍, ഡോ. എഫ്. വില്‍സണ്‍, സിസിലി ജോസഫ്, കെ. കെ. ഷാജു എന്നിവരും ചെയര്‍പേഴ്സനൊപ്പം കുട്ടിയുടെ വീട് സന്ദര്‍ശിച്ച സംഘത്തില്‍ ഉണ്ടായിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group