‘ഹണിക്കും കുടുംബത്തിനും വലിയ രീതിയിൽ മാനസിക വിഷമം ഉണ്ടാക്കി, ആത്മാർഥമായി ക്ഷമ ചോദിക്കുന്നു’; കേസ് പിൻവലിക്കണമെന്ന് ബോബി ചെമ്മണ്ണൂർ
ലൈംഗിക അധിക്ഷേപ കേസിൽ നടി ഹണി റോസിനെതിരെ നടത്തിയ പരാമർശങ്ങളിൽ പരസ്യമായി ക്ഷമാപണം നടത്തി വ്യവസായി ബോബി ചെമ്മണ്ണൂർ. സമൂഹ മാധ്യമത്തിലൂടയാണ് ബോബി ചെമ്മണ്ണൂർ തന്റെ ഖേദം പ്രകടിപ്പിച്ചത്. തൻ്റെ പ്രസ്താവനകൾ നടിക്കും കുടുംബത്തിനും വലിയ രീതിയിൽ മാനസിക വിഷമം ഉണ്ടാക്കിയെന്ന് ബോധ്യപ്പെട്ടതായും, ഇതിന്റെ പൂർണ ഉത്തരവാദിത്തം ഏറ്റെടുത്ത് ആത്മാർഥമായി ക്ഷമ ചോദിക്കുന്നുവെന്നും ബോബി ചെമ്മണ്ണൂർ വ്യക്തമാക്കി. ഈ സാഹചര്യത്തിൽ തനിക്കെതിരെയുള്ള നിയമനടപടികൾ ഹണി റോസ് പിൻവലിക്കണമെന്നും ബോബി ചെമ്മണ്ണൂർ അഭ്യർഥിച്ചു.
എല്ലാവരോടും സ്നേഹത്തോടെയും ബഹുമാനത്തോടെയും മാത്രം പെരുമാറാൻ ആഗ്രഹിക്കുന്ന വ്യക്‌തിയാണ് താനെന്നും ആരെയും മനഃപൂർവം വേദനിപ്പിക്കാൻ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ ഭാഗത്തുനിന്നുണ്ടായ തെറ്റ് തിരിച്ചറിഞ്ഞ് നൽകിയ ഈ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ് കേസ് പിൻവലിക്കാൻ തയാറാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും, ഈ വിഷയം മാനുഷിക പരിഗണനയോടെ കാണണമെന്നും അദ്ദേഹം അഭ്യർഥിച്ചു. വിവാദങ്ങൾക്കപ്പുറം പോസിറ്റീവായി മുന്നോട്ട് പോകാനാണ് താൻ ആഗ്രഹിക്കുന്നതെന്നും ബോബി ചെമ്മണ്ണൂർ വ്യക്തമാക്കി.
ഒരു ജ്വല്ലറി ഉദ്ഘാടന ചടങ്ങിൽ വച്ച് ബോബി ചെമ്മണ്ണൂർ നടത്തിയ ലൈംഗികച്ചുവയുള്ളതും സ്ത്രീത്വത്തെ അപമാനിക്കുന്നതുമായ പരാമർശങ്ങൾക്കെതിരെ ഹണി റോസ് നിയമപോരാട്ടത്തിന് ഇറങ്ങിയതാണ് ഇരുവരും തമ്മിലുള്ള വിവാദത്തിന് കാരണമായത്. സംഭവത്തിന് പിന്നാലെ സോഷ്യൽ മീഡിയയിലൂടെയും യൂട്യൂബ് ചാനലുകളിലൂടെയും തനിക്കെതിരെ മോശമായ രീതിയിലുള്ള ഡിജിറ്റൽ പ്രചരണങ്ങൾ തുടർന്നതോടെ ഹണി റോസ് എറണാകുളം സെൻട്രൽ പൊലീസിൽ പരാതി നൽകുകയും, ഇതിന്റെ അടിസ്ഥാനത്തിൽ ബോബി ചെമ്മണ്ണൂരിനെ പൊലീസ് കസ്‌റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.
إرسال تعليق