ഇരിട്ടി പെരുമ്പറമ്പിൽ മിനി ലോറിക്ക് തീപിടിച്ചു
ഇരിട്ടി: തളിപ്പറമ്പ് - ഇരിട്ടി റോഡിൽ പെരുമ്പറമ്പ് കപ്പച്ചേരി വളവിന് സമീപം ചെങ്കല്ല് കയറ്റി വരികയായിരുന്ന മിനി ലോറിക്ക് തീപിടിച്ചു. റോഡരികിൽ താമസിക്കുന്ന റിട്ട. അധ്യാപകൻ വി.ടി. ജോസഫിന്റെ സമയോചിതമായ ഇടപെടൽ ലോറി പൂർണ്ണമായും കത്തിനശിക്കുന്നത് ഒഴിവാക്കി. തിങ്കളാഴ്ച രാത്രി ഏഴുമണിയോടെയായിരുന്നു സംഭവം.
പടിയൂർ ഭാഗത്തുനിന്ന് ഇരിട്ടിയിലേക്ക് വരികയായിരുന്ന ലോറിക്കടിയിൽനിന്ന് തീയും പുകയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ, വണ്ടി റോഡരികിൽ നിർത്തി പുറത്തിറങ്ങുമ്പോഴേക്കും തീ ആളിപ്പടരുകയായിരുന്നു. ഈ സമയം തീ പടരുന്നത് കണ്ട കിളിയന്തറ ഹയർസെക്കൻഡറി സ്കൂൾ റിട്ട. പ്രധാന അധ്യാപകനായ വി.ടി. ജോസഫ്, ഉടൻ തന്നെ തന്റെ വീട്ടിലെ മോട്ടോറിൽ നിന്ന് പൈപ്പ് ഉപയോഗിച്ച് വെള്ളമടിച്ച് തീ നിയന്ത്രണവിധേയമാക്കാൻ ശ്രമിച്ചു.
ഇതിനിടയിൽ തന്നെ അദ്ദേഹം ഇരിട്ടി അഗ്നിശമനസേനയെ വിവരമറിയിക്കുകയും ചെയ്തു. അഗ്നിശമനസേന സ്ഥലത്തെത്തി തീതീ പൂർണ്ണമായും അണച്ചു. ലോറിക്ക് തീപിടിച്ചതിനെത്തുടർന്ന് ഈ ഭാഗത്തുകൂടിയുള്ള ഗതാഗതം അൽപ്പസമയം തടസ്സപ്പെട്ടു. പടിയൂർ സ്വദേശി മഞ്ഞോടിയിൽ ഷിബുവിന്റേതാണ് തീപിടിച്ച ലോറി. ഇരിട്ടി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
إرسال تعليق