ഹൈവേ പട്രോളിംഗിനിടെ നിയന്ത്രണം തെറ്റിയെത്തിയ കാർ ഇടിച്ച് അപകടം: സിവിൽ പോലീസ് ഓഫീസർ സൂരജിന്റെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി
കാസർഗോഡ്: കാഞ്ഞങ്ങാട്ട് ഹൈവേ പട്രോളിംഗിനിടെ നിയന്ത്രണം തെറ്റിയെത്തിയ കാർ ഇടിച്ച് പരിക്കേറ്റ് മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സിവിൽ പോലീസ് ഓഫീസർ പിലിക്കോട് സ്വദേശി കെ.എം. സൂരജിന്റെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി.
നേരത്തേ ഇടതുകാൽ മുറിച്ചുമാറ്റിയിരുന്നു. വലതുകാലിന് 70 ശതമാനത്തോളം പരിക്കുണ്ടായിരുന്നു. ഒന്നിലേറെ ശസ്ത്രക്രിയ നടത്തിയെങ്കിലും ഫലം കാണാത്തതിനെ തുടർന്നാണ് വലതുകാലും മുറിച്ചുമാറ്റിയത്.
അതേസമയം ഇതേ അപകടത്തെ തുടർന്ന് കാൽ മുറിച്ചുമാറ്റിയ മറ്റൊരു സിവിൽ പോലീസ് ഓഫീസർ ചിറ്റാരിക്കാൽ കുന്നുംകൈയിലെ അലോഷ്യസ് മാത്യുവിനെ ഐസി.യുവിൽനിന്ന് മുറിയിലേക്കു മാറ്റി. മംഗളൂരു തേജസ്വിനി ആശുപത്രിയിലാണ് ഇരുവരും ചികിത്സയിലുള്ളത്.
ജില്ലാ ഹെഡ്ക്വാർട്ടേഴ്സിലെ സിവിൽ പോലീസ് ഓഫീസർമാരാണ് സൂരജും അലോഷ്യസും. ഈ മാസം 18-നായിരുന്നു അപകടം. ദേശീയപാതയിൽ പടന്നക്കാട്ട് വാഹനപരിശോധനയ്ക്കായി റോഡരികിൽ പോലീസ് ജീപ്പ് നിർത്തിയിട്ടശേഷം അതിനു പിറകിൽ നിൽക്കുകയായിരുന്ന ഇവരുടെ ദേഹത്ത് നിയന്ത്രണം വിട്ടെത്തിയ കാർ ഇടിക്കുകയായിരുന്നു.
Post a Comment