Join News @ Iritty Whats App Group

പകല്‍ മരംവെട്ടുകാരൻ, രാത്രിയില്‍ പിക്കാസുമായി ക്ഷേത്രക്കൊള്ളക്കാരൻ; സുരക്ഷാ ജീവനക്കാരനെ പൂട്ടിയിട്ട് കവര്‍ച്ച നടത്തിയ പ്രതി പിടിയില്‍

പകല്‍ മരംവെട്ടുകാരൻ, രാത്രിയില്‍ പിക്കാസുമായി ക്ഷേത്രക്കൊള്ളക്കാരൻ; സുരക്ഷാ ജീവനക്കാരനെ പൂട്ടിയിട്ട് കവര്‍ച്ച നടത്തിയ പ്രതി പിടിയില്‍


ണ്ണൂർ: സുരക്ഷാ ജീവനക്കാരനെ മുറിക്കുള്ളില്‍ പൂട്ടിയിട്ട ശേഷം പിക്കാസ് കൊണ്ട് പൂട്ട് തകർത്ത് കണ്ണൂർ ചാലാട് ധർമ്മശാസ്താ ക്ഷേത്രത്തില്‍ കവർച്ച നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് പോലീസ് പിടിയിലായി.

കാഞ്ഞങ്ങാട് ബേക്കല്‍ പള്ളിക്കരയില്‍ താമസിക്കുന്ന അന്നൂർ സ്വദേശി രാധാകൃഷ്ണനെയാണ് (56) കണ്ണൂർ ടൗണ്‍ എസ്.ഐ. പി.എം. വിപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്. ഇരുപത്തിയഞ്ചോളം മോഷണക്കേസുകളില്‍ പ്രതിയായ ഇയാള്‍ വിറക് രാധാകൃഷ്ണൻ എന്ന പേരിലാണ് അറിയപ്പെടുന്നത്.

കാസർകോട്ടെ മറ്റൊരു ക്ഷേത്രത്തില്‍ കവർച്ച നടത്തുന്നതിനിടയിലാണ് രാധാകൃഷ്ണൻ ആദ്യം പോലീസിന്റെ പിടിയിലാകുന്നത്. തുടർന്ന് ചാലാട് ധർമ്മശാസ്താ ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച കണ്ണൂർ ടൗണ്‍ പോലീസിന് പ്രതിയെക്കുറിച്ച്‌ സംശയം തോന്നി. കാസർകോട്ടെത്തി പോലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ പ്രതി ചാലാട് ക്ഷേത്രത്തിലെ കൊള്ള ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ സമ്മതിക്കുകയായിരുന്നു. പ്രതിയുമായി ജൂണ്‍ 27 ശനിയാഴ്ച വൈകീട്ടോടെ ചാലാട് ക്ഷേത്രത്തിലെത്തി പോലീസ് തെളിവെടുപ്പ് നടത്തി. മോഷണത്തിന് ഉപയോഗിച്ച പിക്കാസ് ക്ഷേത്രത്തിന് തൊട്ടടുത്തുള്ള കുറ്റിക്കാട്ടില്‍ നിന്ന് പോലീസ് കണ്ടെടുത്തു. തുടർന്ന് പ്രതിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി.

മേയ് 20-ന് പുലർച്ചെ രണ്ട് മണിയോടെയാണ് ചാലാട് ക്ഷേത്രത്തില്‍ കവർച്ച നടന്നത്. മുൻവശത്തെ ഗേറ്റ് തകർത്ത് അകത്തുകടന്ന പ്രതി, സുരക്ഷാ ജീവനക്കാരൻ വൈഷ്ണവിനെ മുറിക്കുള്ളില്‍ പൂട്ടിയിട്ടു. തുടർന്ന് വഴിപാട് കൗണ്ടറിന്റെയും ഭണ്ഡാരങ്ങളുടെയും പൂട്ട് പിക്കാസ് കൊണ്ട് തകർത്ത് 20,000 രൂപയോളം കവർന്നു. ഇതിനിടെ മുറിയുടെ വാതില്‍ തള്ളിത്തുറന്ന് പുറത്തിറങ്ങിയ വൈഷ്ണവും മോഷ്ടാവും തമ്മില്‍ ക്ഷേത്രമുറ്റത്ത് വെച്ച്‌ കടുത്ത ഏറ്റുമുട്ടലുണ്ടായി. കൈവശമിരുന്ന പിക്കാസ് കൊണ്ട് പ്രതി വൈഷ്ണവിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ചു. ഒടുവില്‍ ‘ഞാൻ പിടിക്കപ്പെടും’ എന്ന് ഉറക്കെ വിളിച്ചുപറഞ്ഞ് ജീവനക്കാരനെ തള്ളിമാറ്റി മതില്‍ ചാടിയാണ് പ്രതി രക്ഷപ്പെട്ടത്. ഇരുപത്തഞ്ചോളം ചെറുതും വലുതുമായ കവർച്ചക്കേസുകളില്‍ പ്രതിയായ രാധാകൃഷ്ണൻ ഇതിനോടകം അഞ്ച് തവണ ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ക്ഷേത്രങ്ങള്‍ മാത്രം കേന്ദ്രീകരിച്ച്‌ കവർച്ച നടത്തുന്നത് ഇയാള്‍ക്കൊരു ഹരമാണെന്ന് പോലീസ് പറയുന്നു.

പകല്‍ സമയങ്ങളില്‍ മരംമുറിക്കല്‍ ജോലിക്കാരനായി നടന്ന് തഞ്ചം നോക്കുന്ന ഇയാള്‍ അർദ്ധരാത്രിക്ക് ശേഷമാണ് ‘തൊഴില്‍’ തുടങ്ങുന്നത്. പ്രധാന റോഡുകളില്‍ നിന്നും മാറി സ്ഥിതി ചെയ്യുന്ന ക്ഷേത്രങ്ങളും കാവുകളുമാണ് ഇയാള്‍ മോഷണത്തിനായി തിരഞ്ഞെടുക്കുന്നത്. പിക്കാസ് പോലെയുള്ള കനത്ത ആയുധങ്ങളുമായാണ് ഇയാള്‍ ക്ഷേത്രങ്ങളില്‍ കയറുന്നത്. ആരെങ്കിലും തടയാൻ വന്നാല്‍ ഈ ആയുധങ്ങള്‍ ഉപയോഗിച്ച്‌ ക്രൂരമായി ആക്രമിക്കാനും ഇയാള്‍ മടിക്കാറില്ല. ക്ഷേത്രം മാനേജർ സി.എം. ശ്രീജിത്ത് നല്‍കിയ പരാതിയുടെയും സിസിടിവി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തില്‍ ശക്തമായ അന്വേഷണമാണ് കണ്ണൂർ ടൗണ്‍ പോലീസ് നടത്തിയത്.

Post a Comment

Previous Post Next Post
Join Our Whats App Group