വീണാ ജോര്‍ജിനെതിരായ കരിങ്കൊടി കേസ്: വധശ്രമമടക്കമുള്ള ഗുരുതര വകുപ്പുകള്‍ ഒഴിവാക്കി പോലീസ് കുറ്റപത്രം നല്‍കി
കണ്ണൂർ: മുൻ ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ കണ്ണൂരില്‍ നടന്ന കരിങ്കൊടി പ്രതിഷേധവുമായി ബന്ധപ്പെട്ട കേസില്‍ പോലീസിന്റെ മലക്കംമറിച്ചില്‍.
വധശ്രമം ഉള്‍പ്പെടെയുള്ള ഗുരുതര വകുപ്പുകള്‍ പൂർണമായും ഒഴിവാക്കിക്കൊണ്ടുള്ള കുറ്റപത്രമാണ് പോലീസ് കോടതിയില്‍ സമർപ്പിച്ചത്. കേസ് തികച്ചും രാഷ്ട്രീയപ്രേരിതമായിരുന്നുവെന്ന് ഇതോടെ തെളിഞ്ഞതായി കെഎസ്യു പ്രതികരിച്ചു.
കഴിഞ്ഞ ഫെബ്രുവരി 25-നായിരുന്നു കണ്ണൂർ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് വീണാ ജോർജിനെതിരെ കെഎസ്യു പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം നടത്തിയത്. മാരകായുധങ്ങളുമായി മന്ത്രിയെ അപായപ്പെടുത്താൻ കരുതിക്കൂട്ടി നടത്തിയ ആക്രമണമാണിതെന്നായിരുന്നു സിപിഎം നേതാക്കളുടെ ആരോപണം. ഇതിന്റെ അടിസ്ഥാനത്തില്‍ വധശ്രമം, ആയുധം ഉപയോഗിച്ചുള്ള ആക്രമണം തുടങ്ങിയ കടുത്ത വകുപ്പുകള്‍ ചുമത്തിയാണ് കെഎസ്യു കണ്ണൂർ ജില്ലാ പ്രസിഡന്റ് അതുല്‍ എം.സി ഉള്‍പ്പെടെ അഞ്ച് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തത്.
എന്നാല്‍, സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ കെഎസ്യു പ്രവർത്തകർ ആക്രമണം നടത്തിയിട്ടില്ലെന്ന് വ്യക്തമാവുകയും കോടതി ഇവർക്ക് ജാമ്യം അനുവദിക്കുകയുമായിരുന്നു. തുടർന്ന്, തന്നെ ആരും ആക്രമിച്ചിട്ടില്ലെന്ന് വീണാ ജോർജ് തന്നെ മൊഴി നല്‍കിയതോടെയാണ് ഗുരുതര വകുപ്പുകള്‍ ഒഴിവാക്കാൻ പോലീസ് നിർബന്ധിതരായത്.
കെട്ടിച്ചമച്ച കേസില്‍ നിരപരാധികളായ പ്രവർത്തകരെ ജയിലിലടച്ചതിന് വീണാ ജോർജ് പൊതുസമൂഹത്തോട് മാപ്പ് പറയണമെന്ന് കെഎസ്യു ജില്ലാ പ്രസിഡന്റ് അതുല്‍ എംസി ആവശ്യപ്പെട്ടു. കൂടാതെ, പ്രതിഷേധക്കാർക്കെതിരെ വ്യാജ പരാതി നല്‍കിയ മുൻ മന്ത്രിയുടെ ഗണ്‍മാനെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്നും കേസില്‍ പുനഃരന്വേഷണം വേണമെന്നുമാണ് കെഎസ്യുവിന്റെ ആവശ്യം.
Post a Comment