Join News @ Iritty Whats App Group

ആണാണെങ്കില്‍ നേരിട്ട് വാടാ! ടിക് ടോക് തര്‍ക്കം കൈവിട്ടുപോയതോടെ വെല്ലുവിളി ഏറ്റെടുത്ത് ഇസ്മാഈല്‍ ഷാര്‍ജയില്‍ ചെന്നിറങ്ങിയത് മരണക്കെണിയിലേക്ക്; അല്‍നഹ്ദയില്‍ വെച്ചുണ്ടായ കയ്യാങ്കളിയും കത്തിക്കുത്തും ജീവനെടുത്തപ്പോള്‍ കണ്ണീരോടെ സഹോദരന്‍ ദുബായില്‍; കണ്ണൂര്‍ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ നടപടികള്‍ പുരോഗമിക്കുന്നു

ആണാണെങ്കില്‍ നേരിട്ട് വാടാ! ടിക് ടോക് തര്‍ക്കം കൈവിട്ടുപോയതോടെ വെല്ലുവിളി ഏറ്റെടുത്ത് ഇസ്മാഈല്‍ ഷാര്‍ജയില്‍ ചെന്നിറങ്ങിയത് മരണക്കെണിയിലേക്ക്; അല്‍നഹ്ദയില്‍ വെച്ചുണ്ടായ കയ്യാങ്കളിയും കത്തിക്കുത്തും ജീവനെടുത്തപ്പോള്‍ കണ്ണീരോടെ സഹോദരന്‍ ദുബായില്‍; കണ്ണൂര്‍ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ നടപടികള്‍ പുരോഗമിക്കുന്നു


ഷാര്‍ജ: യുഎഇയിലെ ഷാര്‍ജയില്‍ ടിക്ടോക് തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ മലയാളി യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ ഞെട്ടല്‍ മാറാതെ പ്രവാസലോകം.

കണ്ണൂര്‍ പഴയങ്ങാടി മാട്ടൂല്‍ സ്വദേശി ഇസ്മാഈല്‍ പൊന്നന്‍ ഇബ്രാഹീം (40) ആണ് പൊതുസ്ഥലത്തുവെച്ച്‌ കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കൊല്ലം സ്വദേശിയായ മുഖ്യപ്രതിയടക്കം അഞ്ച് മലയാളികളെ ഷാര്‍ജ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

വര്‍ഷങ്ങളായി ദുബായില്‍ ജോലി ചെയ്തുവരികയായിരുന്നു ഇസ്മാഈല്‍. ദിവസങ്ങളായി ടിക്ടോക് ലൈവുകളിലൂടെയും കമന്റുകളിലൂടെയും ഇസ്മാഈലും കൊല്ലം സ്വദേശിയായ പ്രതിയും തമ്മില്‍ കടുത്ത വ്യക്തിപരമായ അധിക്ഷേപങ്ങളും വെല്ലുവിളികളും നടന്നിരുന്നു. വെറുമൊരു സോഷ്യല്‍ മീഡിയ തര്‍ക്കമായി തുടങ്ങിയ വിഷയം ഒടുവില്‍ 'നേരില്‍ കാണാം' എന്ന കടുത്ത വെല്ലുവിളിയിലേക്ക് വഴിമാറുകയായിരുന്നു.

ഈ വെല്ലുവിളി സ്വീകരിച്ചാണ് ഇസ്മാഈല്‍ ദുബായില്‍ നിന്നും ഷാര്‍ജ അല്‍ നഹ്ദയിലെത്തിയത്. എന്നാല്‍ അവിടെവെച്ച്‌ ഇരുവരും തമ്മില്‍ വീണ്ടും രൂക്ഷമായ വാക്കുതര്‍ക്കമുണ്ടാകുകയും അത് പെട്ടെന്ന് തന്നെ കയ്യാങ്കളിയിലേക്കും കത്തിക്കുത്തിലേക്കും നീങ്ങുകയുമായിരുന്നു. പ്രതിയുടെ കത്തി കുത്തേറ്റ ഇസ്മാഈല്‍ ഗുരുതരമായി പരിക്കേറ്റ് സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടു.

പൊതുസ്ഥലത്തുവെച്ച്‌ നടന്ന ഈ കൊലപാതകത്തിന്റെയും ആക്രമണത്തിന്റെയും വ്യക്തമായ ദൃശ്യങ്ങള്‍ ഷാര്‍ജ പോലീസിന് ലഭിച്ചിട്ടുണ്ട്. ഈ തെളിവുകളുടെയും രഹസ്യവിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് ബുഹൈറ പോലീസ് അതിവേഗം തുടനടപടികള്‍ സ്വീകരിച്ച്‌ പ്രതികളെ ഉടന്‍ തന്നെ വലയിലാക്കിയത്. ടിക്ടോക്കിലൂടെ നിരന്തരം വെല്ലുവിളി നടത്തിയ കൊല്ലം സ്വദേശിയാണ് കൊലപാതക കേസിലെ പ്രധാന പ്രതിയെന്നാണ് പോലീസ് നല്‍കുന്ന സൂചന. കൊലപാതകത്തിലേക്ക് നയിച്ച തര്‍ക്കത്തിന്റെ വീഡിയോ ദൃശ്യങ്ങളും ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

കൊല്ലപ്പെട്ട ഇസ്മാഈലിന്റെ ഭാര്യയും മക്കളും നാട്ടിലാണ് കഴിയുന്നത്. ഇയാളുടെ സഹോദരന്‍ ദുബായില്‍ തന്നെയുണ്ട്. നിലവില്‍ ഇസ്മാഈലിന്റെ മൃതദേഹം ഷാര്‍ജയിലെ അല്‍ ഖാസിമിയ്യ ആശുപത്രി മോര്‍ച്ചറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഇന്‍ക്വസ്റ്റും മറ്റ് നിയമപരമായ നടപടികളും പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

യാബ് ലീഗല്‍ സര്‍വീസസ് സി.ഇ.ഓ സലാം പാപ്പിനിശ്ശേരി, മുന്‍ ഷാര്‍ജ പോലീസ് ഉദ്യോഗസ്ഥരായ ഉബൈദ് ജാസിം മുഹമ്മദ് സൈഫ് അല്‍ഷംസി, ലുഅയ്യ് അബൂ അംറ, ക്ലെയിംസ് മാനേജര്‍ മുന്‍ദിര്‍ കല്‍പകഞ്ചേരി എന്നിവരടങ്ങുന്ന യാബ് ലീഗല്‍ സര്‍വീസസ് ടീം ഷാര്‍ജ ഫോറന്‍സിക് ഡിപ്പാര്‍ട്ട്‌മെന്റ്, ഷാര്‍ജ കോടതി, ആശുപത്രി അധികൃതര്‍ എന്നിവരുമായി ഏകോപിപ്പിച്ച്‌ ഇസ്മാഈലിന്റെ ബന്ധുക്കള്‍ക്കൊപ്പം ആവശ്യമായ നിയമനടപടികള്‍ പൂര്‍ത്തിയാക്കി വരികയാണ്. സോഷ്യല്‍ മീഡിയയിലെ വെറും വാശിയും വെല്ലുവിളിയും ഒടുവില്‍ ഒരു മനുഷ്യജീവനെടുക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തിച്ചത് പ്രവാസി മലയാളി സമൂഹത്തിനിടയില്‍ വലിയ ഞെട്ടലും ആശങ്കയും ഉണ്ടാക്കിയിട്ടുണ്ട്.

Post a Comment

أحدث أقدم
Join Our Whats App Group