ആറളത്തെ ആനമതില്‍ നിര്‍മാണം വേഗത്തിലാക്കാൻ മന്ത്രിയുടെ നിര്‍ദേശം
ണ്ണൂർ: ആറളത്ത് പകല്‍ സമയങ്ങളില്‍ പോലും ജനവാസമേഖലകളില്‍ ആനയിറങ്ങുന്ന പ്രശ്നത്തിന് പരിഹാരമായി ആനമതില്‍ നിർമാണം വേഗത്തിലാക്കാൻ പിഡബ്ല്യുഡി കെട്ടിട വിഭാഗത്തിന് നിർദേശം നല്‍കിയതായി ജില്ലയുടെ ചുമതലയുള്ള മന്ത്രി സണ്ണി ജോസഫ്.
പ്രദേശത്തെ കാട് വെട്ടിത്തെളിക്കാനും ആനകളെ തുരത്താനും ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടതായും മന്ത്രി പറഞ്ഞു. മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണ സമിതിയുടെ ജില്ലാതല യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആറളത്ത് ദ്രുതകർമസേനയുടെ വാഹനം തന്നെ ആന മറിച്ചിട്ടുണ്ട്. പകല്‍ സമയങ്ങളില്‍ പോലും ആന റോഡില്‍ ഇറങ്ങുന്നു. ആനമതിലിന്റെ നിർമാണ പ്രവൃത്തി വേഗത്തിലാക്കാൻ വനം മന്ത്രി തന്നെ നിർദേശിച്ചിട്ടുണ്ട്. ഇതിനുപുറമേ പ്രദേശത്തെ കൃഷിരീതി മാറ്റുന്നത് സംബന്ധിച്ച് വനം, കൃഷി വകുപ്പുകള്‍ ചേർന്ന് ഏതാനും പഠനങ്ങള്‍ നടത്തിയതിന്റെ അടിസ്ഥാനത്തില്‍ ആനയെ ആകർഷിക്കാത്ത കൃഷി രീതി അവലംബിക്കാൻ കഴിയുമോ എന്ന കാര്യവും സർക്കാർ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
അയ്യൻകുന്ന്, കൊട്ടിയൂർ, ഉദയഗിരി, കേളകം ഗ്രാമപഞ്ചായത്തുകളില്‍ സോളാർ തൂക്കുവേലി നിർമാണം പുരോഗമിക്കുകയാണ്. യോഗത്തില്‍ ജില്ലാ കളക്ടർ പി. വിഷ്ണുരാജ്, ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസർ എസ്. വൈശാഖ്, സബ് കളക്ടർ കാർത്തിക് പാണിഗ്രാഹി, ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടർ കെ. കെ. സുബൈർ, ജില്ലാ മെഡിക്കല്‍ ഓഫീസർ ഇൻ-ചാർജ് ഡോ. കെ.സി.സച്ചിൻ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
കാട് വെട്ടിത്തെളിക്കാത്ത ഭൂവുടമകളുടെ പട്ടിക തയാറാക്കാൻ കളക്ടറുടെ നിർദേശം
കണ്ണൂർ: കാടുപിടിച്ചുകിടക്കുന്ന സ്വകാര്യഭൂമി വെട്ടിത്തെളിക്കാത്ത വിഷയത്തില്‍ അത്തരം ഭൂമികളുടെയും ഭൂവുടമകളുടെയും പട്ടിക തയാറാക്കാൻ ജില്ലാ കളക്ടർ പി. വിഷ്ണുരാജ് തദ്ദേശസ്വയംഭരണ വകുപ്പിന് നിർദേശം നല്‍കി.
വനമേഖലയ്ക്ക് പുറത്തുള്ള വ്യാജവാറ്റും വന്യജീവി ആക്രമണത്തിന് കാരണമാകുന്നുവെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇതിനെതിരെ ബോധവത്കരണം നടത്തണം. ജില്ലയില്‍ സർപ്പ വോളന്റിയർമാരുടെ കുറവുണ്ട്.
മലയോരത്ത് തന്നെ കൊട്ടിയൂർ, കണിച്ചാർ ഒഴികെ മറ്റിടങ്ങളില്‍ വേണ്ടത്ര സർപ്പ വോളന്റിയേഴ്സ് ഇല്ല. വോളന്റിയറാകാൻ താത്പര്യമുള്ളവരുടെ പട്ടിക ഗ്രാമപഞ്ചായത്ത് നല്‍കിയാല്‍ പരിശീലനം നല്‍കാൻ വനം വകുപ്പ് തയാറാണ്. ഇക്കാര്യത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം വിളിക്കാൻ മന്ത്രി നിർദേശിച്ചു.
Post a Comment